സാംസ്കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണം –മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിന്‍െറ സാംസ്കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്ന ഒരുകൂട്ടര്‍ രംഗത്തുവരുകയാണെന്നും അത്തരക്കാരെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍െറ മൂന്നാംദിവസം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ മതനിരപേക്ഷതയും അഭിപ്രായസ്വാതന്ത്ര്യവുമുള്ള നാടെന്നു പറയുന്ന കേരളത്തിലാണ് എം.ടിക്കും കമലിനും നേരെ ഭീഷണിയുണ്ടായത്.

ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമനുസരിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയത്. അഭിപ്രായം പറയുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. വര്‍ഗീയത കലയുടെമേല്‍ കൈവെച്ചാല്‍ മൗലികതയുടെ ഒരു പൊടിപ്പും ആ രംഗത്തുണ്ടാവില്ല. അസഹിഷ്ണുതക്കെതിരെ നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭാഷ അവഗണിക്കപ്പെടുന്നതിനെതിരെ ശക്തമായി ഇടപെടണം. ഐ.എ.എസ് പരീക്ഷ മലയാളത്തിലെഴുതാമെന്നിരിക്കെ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷ ഇംഗ്ളീഷിലേ എഴുതാന്‍ പറ്റൂ എന്നാണ് അവസ്ഥ. മലയാളത്തെ മലയാളിതന്നെ രണ്ടാംതരം ഭാഷയാക്കി തരംതാഴ്ത്തുകയാണ്. നീറ്റ് പരീക്ഷ പോലും ഗുജറാത്തി, തമിഴ്, ബംഗാളി തുടങ്ങി വിവിധ ഭാഷയിലെഴുതാം. മലയാളത്തിലെഴുതാന്‍ പറ്റില്ല. മാതൃഭാഷ പ്രായോഗികതലത്തിലേക്ക് കൊണ്ടുവരുന്ന നടപടികള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവും. വിജ്ഞാനഭാഷയായി മലയാളത്തെ വികസിപ്പിക്കാനും ഭാഷയെ പരിരക്ഷിച്ചുനിര്‍ത്താനും എഴുത്തുകാരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടാവണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - pinarayi vijayan in kerala literary festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.