ബംഗളൂരു സാഹിത്യോത്സവത്തില്‍ മലയാളത്തിന്‍െറ മാധുര്യവുമായി കെ.ആര്‍. മീര

ബംഗളൂരു: രാജ്യത്തെ പ്രമുഖ സാഹിത്യോത്സവങ്ങളിലൊന്നായ ബംഗളൂരു ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ മലയാളത്തിന്‍െറ മാധുര്യവുമായി കെ.ആര്‍. മീര. ആദ്യ ദിനമായ ശനിയാഴ്ച രണ്ടാമത്തെ വേദിയായ ‘ബേകു’വില്‍ ചെറുകഥയുമായി ബന്ധപ്പെട്ട് ജാന്‍വി ബറുവ മോഡറേറ്ററായ ആദ്യ സെഷനില്‍ പ്രമുഖ ചെറുകഥാകൃത്തുക്കളായ മര്‍സ്ബാന്‍ ഷ്രോഫ്, വിവേക് ഷാന്‍ബാഗ് എന്നിവര്‍ക്കൊപ്പം മലയാളത്തിന്‍െറ പ്രിയ കഥാകാരിയും സാഹിത്യപ്രേമികളുടെ മനംകവര്‍ന്നു. സമാപന ദിനമായ ഞായറാഴ്ച ഇംഗ്ളീഷല്ലാത്ത മറ്റൊരു ഭാഷക്കും ഇടംലഭിക്കാതിരുന്ന വേദിയില്‍ തന്‍െറ മാസ്റ്റര്‍പീസായ ‘ആരാച്ചാരു’മായി മീരയത്തെി. നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘മാധ്യമം’ ആഴ്ചപ്പതിപ്പിനോടുള്ള കൃതജ്ഞത അറിയിച്ചും ‘മാധ്യമം’ പീരിയോഡിക്കല്‍സ് എഡിറ്ററായിരുന്ന പ്രമുഖ ചെറുകഥാകൃത്ത് പി.കെ. പാറക്കടവിന്‍െറ സദസ്സിലെ സാന്നിധ്യം സ്വാഗതംചെയ്തുമാണ് അവതരണം തുടങ്ങിയത്. അര മണിക്കൂറോളം ‘ആരാച്ചാരി’ലെ പ്രധാന ഭാഗങ്ങള്‍ മലയാളത്തില്‍ വായിച്ചുകേള്‍പ്പിച്ചും ചോദ്യങ്ങള്‍ക്ക് മലയാളത്തില്‍തന്നെ മറുപടി പറഞ്ഞുമാണ് ഇവര്‍ വേദിവിട്ടത്. സദസ്സില്‍നിന്നുള്ള ആവശ്യപ്രകാരമാണ് ആരാച്ചാരുടെ ഇംഗ്ളീഷ് പരിഭാഷ ‘ഹാങ് വുമണ്‍’ കൈയിലുണ്ടായിട്ടും മലയാളത്തില്‍ വായിച്ചുകേള്‍പ്പിച്ചത്.

ഇന്ത്യയിലെ അദൃശ്യരായ സ്ത്രീകളുടെ വൈകാരിക, രാഷ്ട്രീയ പരിണാമത്തിന്‍െറ കഥപറയാനാണ് താന്‍ ആഗ്രഹിച്ചതെന്ന് ഇവര്‍ പറഞ്ഞു. കല്‍പിത കഥ വായനക്കാര്‍ സ്വീകരിക്കണമെങ്കില്‍ അതിന് വിശ്വാസ്യത വേണമെന്നതുകൊണ്ടാണ് ബംഗാളി പശ്ചാത്തലത്തില്‍ കഥ പറഞ്ഞത്. നോവല്‍ എഴുതുന്ന സമയത്ത് അവസാനമായി തൂക്കിക്കൊല നടന്നത് കൊല്‍ക്കത്തയിലായിരുന്നതും എഴുത്തിനെ സ്വാധീനിച്ചു. മലയാളികള്‍ നോവലെന്തെന്നു തിരിച്ചറിഞ്ഞത് ബംഗാളി നോവലുകളുടെ പരിഭാഷയിലൂടെയാണ്. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളതിനാല്‍ ബംഗാള്‍ മലയാളിയുടെ വികാരമാണെന്നതും എഴുത്തിനെ സ്വാധീനിച്ചതായും മീര പറഞ്ഞു. പുസ്തകവുമായത്തെിയ ആസ്വാദകര്‍ക്ക് കൈയൊപ്പിട്ട് നല്‍കാനും സമയം കണ്ടത്തെിയ ഇവര്‍, ബംഗളൂരു സാഹിത്യോത്സവം സംഘാടക മികവിനാല്‍ മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.
ശനിയാഴ്ച മലയാളത്തിന്‍െറ പ്രതിനിധികളായി എഴുത്തുകാരനും എം.പിയുമായ ശശി തരൂര്‍, വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും വ്യത്യസ്ത സെഷനുകളില്‍ പങ്കെടുത്തു.

 

Tags:    
News Summary - KR Meera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT