ഗുഹാഭിത്തിയില്‍ തെളിയുന്ന നിഴല്‍ച്ചിത്രങ്ങള്‍

കുത്തകകളുടെ നീരാളിപ്പിടിയിലമരുന്ന ജനങ്ങളുടെ ജീവിതത്തെ കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് നൊബേല്‍ പുരസ്‌കാരജേതാവ് ഷുസെ സരമാഗുവിന്‍റെ നോവല്‍ ഗുഹ. ആധുനികനെന്നും പരിഷ്‌കാരിയെന്നും ബുദ്ധിശാലിയെന്നുമൊക്കെ അഭിമാനിക്കുന്ന മനുഷ്യനില്‍ വളര്‍ച്ചയുടെയോ ബുദ്ധിശക്തിയുടെയോ ഒക്കെ അടയാളമായി രേഖപ്പെടുത്തേണ്ടതായിരുന്നു സമത്വബോധവും സാഹോദര്യഭാവവും. എന്നാല്‍ അത് ഒരിക്കലും വ്യാപകമായരീതിയില്‍ നമുക്കിടയില്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, വളര്‍ച്ചയുടെയും കണ്ടെത്തലുകളുടെയും പടവുകളോരോന്നും മനുഷ്യനെ ഒരുമിപ്പിക്കുന്നതിനുപകരം വര്‍ഗ്ഗങ്ങളായും വിഭാഗങ്ങളായുമൊക്കെ വിഭജിക്കുന്നതായാണ് നമുക്ക് അനുഭവപ്പെട്ടത്. സമ്പത്തും അധികാരവും ശക്തിയും സാമൂഹ്യജീവിയായ മനുഷ്യനെ ക്രമബദ്ധമായ, സ്ഥാനികമായ ശ്രേണികളാക്കി തിരിക്കുന്നതായാണ് നാം കണ്ടുവരുന്നത്. സമകാലികമായ ആഗോളവത്കരണവും വാണിജ്യവത്കരണവും ഈ സാമൂഹികക്രമീകരണത്തിന് ആക്കം കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ സാമൂഹ്യജീർണതകളുടെ ശക്തമായ രേഖാങ്കനം ആണ് ഷുസെ സരമാഗുവിന്‍റെ ഗുഹ എന്ന അനശ്വര കൃതി.

ഷൂസെ സരമാഗു
 

പ്ലേറ്റോയുടെ വിഖ്യാതമയ അലിഗറിയില്‍നിന്നാണ് സരമാഗു ഈ കൃതിയുടെ പേര് കടംകൊണ്ടിരിക്കുന്നത്. ഒരു ഗുഹാഭിത്തിയില്‍ തളക്കപ്പെട്ടിരിക്കുന്ന മനുഷ്യര്‍, അവരുടെ സമീപം കൂട്ടിയിരിക്കുന്ന ആഴിയ്ക്കുമുന്നിലൂടെ കടന്നു പോകുന്നവരുടെ നിഴല്‍ച്ചിത്രങ്ങള്‍ ഭിത്തിയില്‍ പതിയുന്നതുകണ്ട് പേരിടുന്നതും വ്യാഖ്യാനിക്കുന്നതുമാണ് ഈ അലിഗറി. മനുഷ്യന്‍റെ ഇന്ദ്രിയാനുഭവങ്ങളെ അറിവുകളിലേക്ക് പരിണമിപ്പിക്കുന്നതിലുള്ള പോരായ്മയാണ് പ്ലേറ്റോ ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. അതേപോലെ തങ്ങളുടെ വിശാലമായ അനുഭവപാഠങ്ങളെ തൊട്ടറിയാതെ പുരോഗമിക്കുന്ന മനുഷ്യനെയാണ് ഗുഹയില്‍ പ്രതീകാത്മകമായി ചിത്രീകരിക്കുന്നത്.

കേന്ദ്രം എന്നു വിളിക്കപ്പെടുന്ന അജ്ഞാതമായൊരു നഗരകേന്ദ്രത്തിനെ ചുറ്റിപ്പറ്റിയാണ് സരമാഗു കഥ പറയുന്നത്. നഗരപ്രാന്തത്തില്‍ താമസിച്ച് കളിമണ്‍പാത്രങ്ങളും മറ്റും ഉണ്ടാക്കി കേന്ദ്രത്തില്‍ കൊണ്ടുചെന്ന് വിറ്റ് ജീവിതം കഴിക്കുന്ന സിപ്രിയാനോ അലിഗറും കുടുംബവുമാണ് ഇതിലെ പ്രധാനകഥാപാത്രങ്ങള്‍. എന്നാല്‍ മണ്‍പാത്രങ്ങളുടെ പ്രിയവും വില്പനയും കുറഞ്ഞതോടെ കേന്ദ്രത്തിന്റെ നിര്‍ദേശാനുസാരം കളിമണ്‍പാവകളുടെ നിർമാണത്തിലേക്കു തിരിയുകയാണ്. കപ്പല്‍ച്ചേതത്തിൽ അകപ്പെട്ടവര്‍ ഒരു ദ്വീപ് കണ്ട് അതു നല്ലദ്വീപോ പ്രേതദ്വീപോ എന്ന് തിരിച്ചറിയാനാകാതെ അങ്ങോട്ടേക്ക് തുഴയുന്നവരെപ്പോലെയായി ആ കുടുംബം. ദിവസങ്ങള്‍ മെനക്കെട്ട് രാപകല്‍ ചിന്തിച്ച് ആശയങ്ങള്‍ സൃഷ്ടിച്ച്, അതു മണ്ണില്‍ കുഴച്ചെടുത്ത് രൂപം പകര്‍ന്നും പൂർണത പോരെന്നു തോന്നി തച്ചുടച്ചും വീണ്ടും കുഴച്ചെടുത്തും ഒക്കെ പാവകളെ സൃഷ്ടിച്ചെടുത്തുകൊണ്ടിരുന്നു. അവരുടെ ശ്രമത്തെ അംഗീകരിച്ച് കേന്ദ്രം ഉടനടി 1200 പാവകളെ നിര്‍മ്മിച്ചു നല്‍കുവാനുള്ള ഓര്‍ഡര്‍ നല്‍കുന്നു. അതു പൂര്‍ത്തിയാക്കാന്‍ അവര്‍ സർവസ്വവും സമര്‍പ്പിച്ച് പണിയെടുത്തു തുടങ്ങുന്നു. എന്നാല്‍ ആധുനിക വിപണിവത്കരണത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്ന വിപണി ഗവേഷണങ്ങളും വിശകലനങ്ങളും

സാധുക്കളായ ഈ സാധാരണ നിര്‍മ്മാണത്തൊഴിലാളികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നിടത്ത് കഥയില്‍ ഗതിവിഗതികള്‍ ഉണ്ടാവുകയാണ്.
നോവലിന്‍റെ പൊതുശൈലികളില്‍നിന്ന് വ്യത്യസ്തമായി വളരെ ചുരുങ്ങിയൊരു ഭൂമികയില്‍, പരിമിതമായ കഥാപാത്രങ്ങളിലൂടെയാണ് സരമാഗു ഗുഹ അവതരിപ്പിക്കുന്നത്. എന്നാല്‍ അവയുടെ പ്രഹരശേഷി പതിന്മടങ്ങു ശക്തമാണ് താനും. കേന്ദ്രം എന്ന അജ്ഞാതമായ നഗരവിപണനകേന്ദ്രം തന്നെ എടുക്കുക, അതിന് നിയതമായൊരു പ്രദേശം വർണിച്ച് അവതരിപ്പിക്കേണ്ട കാര്യമില്ല. കേരളത്തിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും സമാനതകള്‍ കണ്ടെത്താനാകും.

സിപ്രിയാനോ ആല്‍ഗര്‍, മണ്‍പാത്രജോലികളില്‍ സഹായികൂടിയായ മകള്‍ മാര്‍ത്ത, മകളുടെ ഭര്‍ത്താവും കേന്ദ്രത്തിലെ ഗാര്‍ഡായി ജോലിചെയ്യുകയും ചെയ്യുന്ന മാര്‍ക്കല്‍ ഗാചോ, സിപ്രിയാനോയുടെ വളര്‍ത്തുപട്ടി ഫൗണ്ട് എന്നിവര്‍ മാത്രമാണ് ഉടനീളകഥപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. ഇവരിലൂടെ ജീവിതത്തെപ്പറ്റിയുള്ള ആധുനികമനുഷ്യന്‍റെ അടിസ്ഥാനകാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാന്‍ സരമാഗുവിനു സാധിച്ചു എന്നതാണ് ഈ നോവലിന്‍റെ വിജയം. മനുഷ്യത്വത്തെ മുറുകെപ്പിടിച്ചവര്‍ക്ക് വേദനനിറഞ്ഞൊരു അനുഭവമാണ് ഈ നോവല്‍ സമ്മാനിക്കുക.

പരമ്പരാഗത തൊഴിലുപേക്ഷിച്ച് പുതിയൊരു തൊഴിലില്‍, പുതിയൊരു സ്ഥലത്ത് എത്തിപ്പെടുന്നതിന്റെ സിപ്രിയാനോയുടെ വേദന, താനൊരു അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞിട്ടും ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളില്‍ മുങ്ങി ആഹ്ലാദിക്കാനാകാതെ നില്‍ക്കുന്ന മാര്‍ത്ത, തന്റെ ഉടമസ്ഥരുടെ വേദനകള്‍ അറിഞ്ഞിട്ടും ഒന്നും ചെയ്യാനാകാത്ത ഫൗണ്ട് അങ്ങിനെ അങ്ങിനെ സാധാരണ ജീവിതങ്ങളുടെ ഒട്ടേറെ ആശങ്കകള്‍, ആകുലതകള്‍ ഒക്കെ അത്യന്തം മിഴിവോടെ ആഖ്യാനം ചെയ്തിരിക്കുന്നു. സരമാഗുവിന്‍റെ വാക്കുകളുടെ ശക്തിയും ആഖ്യാനത്തിന്‍റെ സത്തയും ചോരാതെതന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ വിവർത്തക ജാനകി ശ്രീധരന് സാധിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT