വ്യത്യസ്തരായ സ്ത്രീകള്‍, വേറിട്ട യാത്രകള്‍

സ്ത്രീകളുടെ യാത്രകളെന്നാല്‍ ഇരകളുടെതാണെന്ന പൊതുബോധത്തില്‍നിന്നും മലയാളി സമൂഹം കുറച്ചൊക്കെ മുന്നോട്ടുപോയിട്ടുണ്ട്. അധികകാലമായിട്ടില്ലെങ്കിലും സഞ്ചാരത്തിന്‍റെ മുഖ്യധാരയില്‍ പുരുഷനോടൊപ്പംതന്നെ സ്ത്രീയുമുണ്ടിപ്പോള്‍. സ്വകാര്യവാഹനങ്ങളുടെ വർധനവും സാമ്പത്തികസ്വാതന്ത്ര്യവുമാണ് മറ്റു സാമൂഹ്യകാരണങ്ങളോടൊപ്പം പെണ്ണിന്‍റ യാത്രകളെ ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. അതിജീവനവും മറ്റൊരു കാരണങ്ങളിലൊന്നാണ്.

യാത്ര തുടങ്ങിയിട്ടുണ്ടെങ്കിലും പുരുഷന്‍ അനുഭവിക്കുന്നപോലെയല്ല സഞ്ചാരങ്ങളെ സ്ത്രീ അറിയുന്നത്. അനുഭൂതികളിലും കാഴ്ചപ്പാടുകളിലും നടപ്പുകളിലും ലിംഗപരമായ വേര്‍തിരിവ് പ്രകടമാണ്. അതുകൊണ്ടുതന്നെ പുരുഷന്‍റ യാത്രയല്ല പെണ്ണിന്‍റ യാത്രകള്‍. ഉള്ളടക്കത്തിലും തിരഞ്ഞെടുപ്പിലും അത് മൗലികമായി വേര്‍തിരിഞ്ഞു നില്‍ക്കുന്നു.

 ഈ വേര്‍തിരിവിനെ അടയാളപ്പെടുത്താനുള്ള സവിശേഷമായ ശ്രമമാണ് റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്ത പെണ്‍വഴി എന്ന യാത്രാപുസ്തകം. പെണ്ണ് മഴനനയുന്നതിന്‍റയോ വെയിലുകായുന്നതിന്‍റയോ വൈയക്തികമായ ഗൃഹാതുരത്വത്വത്തിന്‍റ ചെടിപ്പ് പേറുന്നില്ല ഈ പുസ്തകത്തിലെ അനുഭവങ്ങളൊന്നും. രസിക്കാനും ജീവിക്കാനുമായി യാത്രപ്പുറപ്പെട്ട വ്യത്യസ്തരായ നിരവധി സ്ത്രീകളാണ് പെണ്‍വഴിയില്‍ അനുഭവങ്ങള്‍ പങ്കിടുന്നത്. അവരില്‍ ഭക്ഷാടകയുണ്ട്, ഹിജഡയുണ്ട്, ഗായികയുണ്ട്, അധ്യാപികയുണ്ട്, മാധ്യമപ്രവര്‍ത്തകയുണ്ട്്, എയര്‍ ഹോസ്റ്റസുണ്ട്, സര്‍ക്കസ് അഭ്യാസിയുണ്ട്, വിദ്യാര്‍ത്ഥികളുണ്ട്. താരത്തിളക്കം കൊണ്ടല്ലാതെ നടന്നുതീര്‍ന്ന വഴികളുടെ ആഴംകൊണ്ടാണ് ഈ പുസ്തകത്തില്‍ ഇടം നേടിയവരാണ് ഇവരെല്ലാം. നമുക്കിടയിലുള്ള അഞ്ജാതരായ സഹയാത്രികരുടെ യാത്രകളെ സ്വന്തം ചുവടുകള്‍കൊണ്ട് ഇവര്‍ രേഖപ്പെടുത്തുന്നു.

 

ഉപജീവനത്തിനായി നിരന്തരം സഞ്ചരിക്കുന്നവരാണ് മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍. അന്നന്നത്തെ അത്താഴത്തിനായി താണ്ടുന്നത് നമുക്ക് സങ്കൽപിക്കാനാവാത്ത കിലോമീറ്ററുകളും. ദിവസവും ഏകദേശം 140 കിലോമീറ്റര്‍ സഞ്ചരിച്ചുകൊണ്ടാണ് അവര്‍ അതിജീവിക്കുന്നത്. രാവിലെ ഒന്‍പതുമണിക്ക് ആരംഭിക്കുന്ന യാത്ര മിക്കപ്പോഴും തീരുന്നത് പുലര്‍ച്ചെ മൂന്നുമണിക്കാണ്. ദിവസപ്പലിശയ്ക്ക് കടം എടുത്തുവാങ്ങിയ മീന്‍ വീറ്റു തീരാതിരിക്കല്‍ ഇവര്‍ക്കു ചിന്തിക്കാനാവാത്തതാണ്. തിരുവനന്തപുരത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് സിസിലി എന്ന മത്സ്യത്തൊഴിലാളി സ്വന്തം ജീവിതത്തിലൂടെ ഈ പുസ്തകത്തില്‍ ആഖ്യാനം ചെയ്യുന്നത്.

സിസിലിയുടെ യാത്രയില്‍ നിന്നു വിഭിന്നമല്ല കൈനോക്കണാമ്മാ എന്ന് ചോദിച്ച് കൂട്ടിലടച്ച തത്തയുമായി നടക്കുന്ന മീനാക്ഷിയമ്മയുടെയും സരോജിനിയുടെയും ശാരീരിക വൈകല്യത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച രേണുകയുടെയും ഷീജയുടെയും ഭിക്ഷയെടുത്ത് ജീവിക്കുന്ന പൊന്നമ്മയുടെയും യാത്രകള്‍.

ഇവരുടെ യാത്രകളെ അതിന്‍റെ അനുഭവങ്ങളെ മുഖ്യധാര വിസ്മരിക്കുമ്പോള്‍ ആഘോഷയാത്രകളും സാഹസികതകളും മാത്രമല്ലാതെ ജീവിക്കാനുള്ള സ്ത്രീയുടെ പുറപ്പെടലുകളുടെ ആഖ്യാനത്തിന് ഈ പുസ്തകം പ്രാധാന്യം നല്‍കുന്നു. റ്റിസി മറിയം തോമസ് സ്ത്രീപക്ഷത്തുനിന്നുകൊണ്ടുതന്നെ, ഈ യാത്രകളുടെ ചരിത്രപരമായ പ്രാധാന്യത്തെ ഉള്‍ക്കൊണ്ടുതന്നെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT