മുംബൈ: മുംബൈ നഗരത്തിന് മലയാളത്തിന്‍െറ സമ്മാനമായ ദേശീയ സാഹിത്യോത്സവത്തിന് വീണ്ടും വേദിയൊരുങ്ങുന്നു. നഗരത്തിലെ മലയാള പ്രസിദ്ധീകരണമായ ‘കൈരളിയുടെ കാക്ക’, കമ്യൂണിക്കേഷന്‍ ഏജന്‍സിയായ പാഷന്‍ ഫോര്‍ കമ്യൂണിക്കേഷന്‍ എന്നിവരാണ് ‘ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ്’ എന്ന പേരിലുള്ള സാഹിത്യോത്സവത്തിന്‍െറ സംഘാടകര്‍. ഫെബ്രുവരി 20, 21 തീയതികളില്‍ എന്‍.സി.പി.എ ആണ് വേദി. മലയാളം ഉള്‍പ്പെടെ 15 പ്രാദേശിക ഭാഷകളിലെ 70ലേറെ എഴുത്തുകാരാണ് ഗേറ്റ്വേ ലിറ്റ് ഫെസ്റ്റില്‍ അണിനിരക്കുക. ജ്ഞാനപീഠ ജേതാക്കളായ ഒറിയ എഴുത്തുകാരി പ്രതിഭ റായ്, ഹിന്ദി കവി കേദാര്‍നാഥ് സിങ്, ഒറിയ കവി സീതാകാന്ത് മഹാപാത്ര, മറാത്ത എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡെ എന്നിവരാണ് ഇത്തവണത്തെ ആകര്‍ഷണം. ഇവര്‍ക്കൊപ്പം മറ്റു പ്രമുഖരും പുതിയ എഴുത്തുകാരും പങ്കെടുക്കും. സാമൂഹിക പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളില്‍ സംവാദം നടക്കും. സിനിമയില്‍ യഥാര്‍ഥ ജീവിത കഥകള്‍ക്കും കല്‍പിത കഥകള്‍ക്കുമുള്ള സ്വാധീനം, സാമൂഹിക മാധ്യമങ്ങള്‍ എഴുത്തുകാരില്‍ ചെലുത്തുന്ന സ്വാധീനം, പ്രാദേശിക എഴുത്തുകാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍, 1960നും 1990നുമിടയില്‍ മറാത്ത സാഹിത്യത്തിലുണ്ടായ മാറ്റങ്ങള്‍, സമകാലിക മലയാള സാഹിത്യം നേരിടുന്ന പ്രശ്നങ്ങള്‍, വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്ന തനിമ തുടങ്ങിയവയാണ് ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍.
പ്രാദേശിക സാഹിത്യ പ്രേമികളുടെ പങ്കാളിത്തത്തോടെ ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ് ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മോഹന്‍ കാക്കനാടന്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനാണ് ഫെസ്റ്റിവല്‍ ഉപദേശക സമിതി അധ്യക്ഷന്‍. സച്ചിദാനന്ദന്‍, മറാത്ത എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയിക്വാദ്, ബാങ്കിങ് വിദഗ്ധനും എഴുത്തുകാരനുമായ രവി സുബ്രഹ്മണ്യന്‍, ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ബോസ് കൃഷ്ണമാചാരി, ഉമാ ദാ കുന്‍ഹ എന്നിവരാണ് സമിതി അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.