മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാവണം –എം. മുകുന്ദന്‍

കോഴിക്കോട്: വരും ജന്മത്തില്‍ മാധ്യമപ്രവര്‍ത്തകനായി ജനിക്കാന്‍ ആഗ്രഹമുണ്ടെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കോഴിക്കോട് പ്രസ്ക്ളബില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രായത്തില്‍ ഇനി ആരും ജോലിതരാന്‍ സാധ്യതയില്ലാത്തതിനാലാണ് അടുത്ത ജന്മത്തില്‍ ആഗ്രഹിക്കുന്നത്.

സമൂഹത്തിന്‍െറ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ് മാധ്യമപ്രവര്‍ത്തകര്‍. തിരുത്തല്‍ ശക്തിയായി അവര്‍ പ്രവര്‍ത്തിക്കണം. നമ്മുടെ ദുരാഗ്രഹങ്ങളെ, അസൂയകളെ, വെറുപ്പിനെ മറച്ചുവെക്കാനുള്ള ഇടമാണ് രാഷ്ട്രീയം എന്ന് വടക്കന്‍ ആഫ്രിക്കന്‍ എഴുത്തുകാരനായ ജെ.എം. കുട്സീ തന്‍െറ സമ്മര്‍ടൈം എന്ന നോവലില്‍ നിരീക്ഷിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരില്ലായിരുന്നെങ്കില്‍ രാഷ്ട്രീയത്തിലെ പുഴുക്കുത്തുകള്‍ പലതും പുറത്തുവരില്ലായിരുന്നു. പണ്ട് ധാരാളം വലിയ ദര്‍ശനങ്ങളുള്ള പത്രാധിപന്മാരുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് പ്രഫഷനായി മാറി.

അവനവനോട് മാത്രം ഉത്തരവാദിത്തം പുലര്‍ത്തുന്ന കാലമാണിത്. എങ്കിലും ഡല്‍ഹിയിലേതിനേക്കാള്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബഹുമാനം ലഭിക്കുന്നുണ്ട്. ഡല്‍ഹിയില്‍ പ്രത്യയശാസ്ത്രം തുടങ്ങിയ വാക്കുകള്‍ ആരും ഉപയോഗിക്കാറില്ല. അത് കൊണ്ട് അവര്‍ക്ക് സംഗതികള്‍ എളുപ്പമാണ്.  പണ്ട് വിവരങ്ങള്‍ കിട്ടാനായിരുന്നു പ്രയാസമെങ്കില്‍ ഇപ്പോള്‍ അധിക വിവരമാണ് പ്രശ്നം. കാക്കനാടന്‍  മരിച്ചപ്പോള്‍ താന്‍ കാഞ്ഞങ്ങാട്ടേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴാണ്, അദ്ദേഹത്തെ അനുസ്മരിച്ച് ഒരു കുറിപ്പെഴുതാന്‍ ഒരു പത്രത്തില്‍നിന്ന് വിളി വന്നത്. അങ്ങനെ പെട്ടെന്ന് എഴുതാന്‍ കഴിയുന്ന ആളല്ല താന്‍. കാഞ്ഞങ്ങാട്ടുനിന്ന് മടങ്ങവെ പത്ര ഓഫിസില്‍ ഒരു മുറിയില്‍ ഒരു ഗ്ളാസ് ചായയും മസാല ദോശയും തന്ന് ഒരു മുറിയില്‍ തന്നെ ഇരുത്തുകയായിരുന്നു. അന്ന് വളരെ ബുദ്ധിമുട്ടിയാണ് ആ കുറിപ്പ് എഴുതിത്തീര്‍ത്തത്. ആ അനുഭവം മുന്നിലുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ ജോലിസമ്മര്‍ദം തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പി.വി. ഗംഗാധരന്‍, കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, പി.ജെ. ജോഷ്വ, വി.ഇ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  പ്രസ്ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും ട്രഷറര്‍ പി. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.