തമിഴ് ദലിത് എഴുത്തുകാരന് മര്‍ദനമേറ്റു

ചെന്നൈ: തമിഴ്നാട്ടില്‍ എഴുത്തുകാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ദലിത് നോവലിസ്റ്റ് ദുരൈ ഗുണയാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. നോവല്‍ എഴുത്തിന്‍െറ പേരില്‍ സാമൂഹ്യ ബഹിഷ്കരണം നേരിടുന്ന ഗ്രന്ഥകാരനാണ് ഇദ്ദേഹം. കരമ്പകുടിയിലെ കുലന്തിരന്‍പട്ടുവിലാണ് സംഭവം. പൊങ്കല്‍ ആഘോഷത്തിനായി നാട്ടിലത്തെിയതായിരുന്നു ദുരൈ ഗുണ. 
‘ഒരാര്‍ വരൈന്ത ഒവിയം’ (ഗ്രാമീണരുടെ ചിത്രങ്ങള്‍) എന്ന നോവല്‍ രചിച്ചതിനെതുടര്‍ന്നാണ് ഗ്രാമത്തില്‍ ദുരൈഗുണയുടെ കുടുംബത്തിന് സാമൂഹ്യ ബഹിഷ്കരണം നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുസ്തകം പുറത്തിറങ്ങിയത്. വിവിധ തരം അക്രമങ്ങള്‍ക്ക് ദലിതര്‍ വിധേയരാകുന്നതാണ് നോവലിലെ പ്രമേയം.  സവര്‍ണ ജാതിക്കാര്‍ വേട്ടയാടിയതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് ദുരൈ ഗുണ നാടുവിട്ടിരുന്നു. പിന്നീട് പുതുക്കോട്ടെയിലായിരുന്നു താമസം. സാമൂഹ്യ പ്രവര്‍ത്തകനും സി.പി.എം. അംഗവുമാണ്. കുടുംബം സാമൂഹ്യ ബഹിഷ്കരണം നേരിട്ടും ഗ്രാമത്തില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.
മര്‍ദനമേറ്റെങ്കിലും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടതിനാല്‍ ഗുരുതര പരിക്കേറ്റില്ല. എഴുത്തുകാരന്‍െറ പരാതിയില്‍ പൊലീസ് കേസെടുത്തു. പൊങ്കലിന് എല്ലാവര്‍ഷവും വീടുകളില്‍ നിന്നും ഉത്സവ നടത്തിപ്പിനായി സംഭാവന പിരിക്കാറുണ്ട്. ഇത്തവണ സവര്‍ണജാതിയില്‍ പെട്ടവര്‍ ദുരൈ ഗുണയുടെ വീട് ഒഴിവാക്കിയിരുന്നു. ദുരൈ ഗുണ തിരിച്ചത്തെിയതാണ് സവര്‍ണ വിഭാഗക്കാരെ പ്രകോപിപ്പിച്ചത്. ദലിത് വിഭാഗക്കാരെ ഭീഷണിപ്പെടുത്തിയും മറ്റുമാണ് സവര്‍ണവിഭാഗക്കാര്‍ തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് ദുരൈ ഗുണ പറഞ്ഞു.  കഴിഞ്ഞ ഒക്ടോബറില്‍ മധുര കോടതി ദുരൈ ഗുണയുടെ കുടുംബത്തിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് കുറച്ചു ദിവസത്തിനുള്ളില്‍ ഇദ്ദേഹത്തിന്‍െറ പിതാവ് ആക്രമിക്കപ്പെട്ടു.  
ജനുവരി 12 ന് എഴുത്തുകാരനായ മാ. മു. കണ്ണന്‍െറ കുടിലിന് അക്രമികള്‍ തീവച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാണാ-ഇനവിന്‍ കനിനി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതാണ് ചിലരെ അക്രമത്തിന് പ്രേരിപ്പിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT