വാഷിങ്ടണ്‍: അമേരിക്കന്‍ കവയിത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മായ ഏഞ്ചലോ (86) അന്തരിച്ചു. നോര്‍ത് കരോലിനയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം കിടപ്പിലായിരുന്നു. ഏഞ്ചലോയുടെ പ്രസാധകരായ റാന്‍ഡം ഹൗസ് മേധാവി സാലി മാര്‍വിനാണ് മരണം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
1969ല്‍ പുറത്തിറങ്ങിയ ‘ഐ നോ വൈ ദ കേജ് ബേര്‍ഡ് സിങ്സ്’ എന്ന വിഖ്യാത ആത്മകഥ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആത്മകഥയുടെ മറ്റ് ആറുഭാഗങ്ങള്‍ കൂടി ഏഞ്ചലോ എഴുതി. ചെറുപ്പത്തില്‍ കറുത്തവര്‍ഗക്കാരിയെന്ന നിലയില്‍ നേരിട്ട അവമതിയും ലൈംഗിക പീഡനവും തുറന്നുപറഞ്ഞ ഏഞ്ചലോയുടെ ഈ രചനകള്‍ വര്‍ണ-ലിംഗ വെറിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. 30ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ‘മം ആന്‍ഡ് മി ആന്‍ഡ് മം’ പുസ്തകം കഴിഞ്ഞവര്‍ഷമാണ് പുറത്തിറങ്ങിയത്.
അമ്മയെയും അമ്മൂമ്മയെയുംപറ്റിയുള്ള ഓര്‍മകളായിരുന്നു പുസ്തകം. വേക് ഫോറസ്റ്റ് സര്‍വകലാശാലയില്‍ അമേരിക്കന്‍ പഠനവിഭാഗം പ്രഫസര്‍ കൂടിയായിരുന്നു. വര്‍ണവെറിക്കെതിരായ പോരാട്ടങ്ങളിലും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.