നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ നവീന്‍ ലോപ്പസ് ഉണ്ടോ?

ഡോ. എം.എ. സിദ്ദീഖ്

നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ നവീന്‍ ലോപ്പസ് ഉണ്ടോ  ഇല്ളെങ്കില്‍ ഇപ്പോള്‍ത്തന്നെ റിക്വസ്റ്റ് അയച്ചേക്കുക. ഏതാനും മിനിറ്റുകള്‍ക്കകം കണ്‍ഫര്‍മേഷന്‍ വരികയും നിങ്ങള്‍ അദ്ദേഹത്തിന്‍െറ കൂട്ടുകാരുടെ ലിസ്റ്റില്‍ ഇടം നേടുകയും ചെയ്യും. അതിലൂടെ നിങ്ങള്‍ മറ്റുപലരെയും അറിയാനും പോകുന്നു. ചിലരൊക്കെ പില്‍ക്കാലം നിങ്ങളുടെ ജീവിതത്തിന്‍െറ ഭാഗമായിത്തീരുകയും ചെയ്തേക്കാം. ഇതിനെല്ലാമുള്ള സാധ്യതകള്‍ ഒരു നോവല്‍ തരും എന്നുവെച്ചാല്‍ പിന്നെയെന്തിന് നമ്മള്‍ ആ സാധ്യത ഉപേക്ഷിക്കണമെന്നതാണ് എന്‍െറ ചോദ്യം. 

                                                                                                                                                          2
കുറേ വട്ടുനോവലുകള്‍ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചാറുകൊല്ലത്തിനിടയ്ക്ക് മലയാളത്തില്‍ പൗലോ കൊയ്ലോയെ വായിച്ചാല്‍ നല്ല മലയാളത്തില്‍ പണ്ടുമുട്ടത്തുവര്‍ക്കിയൊക്കെ എഴുതിയപോലാണല്ളോ ഇങ്ങേരെഴുതുന്നെതെന്നു തോന്നും. ബെസ്റ്റ് സെല്ലറുകളാണതെല്ലാം. പലതും ഇരുപത്തയ്യായിരത്തിനുമേലേ. എന്നാല്‍ നമ്മുടെ നോവലുകളോ? ബുക്ക് ഷെല്‍ഫിന് ചന്തം വരുത്താനും പുതിയ ജ്ഞാനിന’ (converted intellecutals)കള്‍ക്ക് മറിച്ചുനോക്കാനുമല്ലാതെ വായനാക്കാരെ അവ പ്രകോപിപ്പിക്കുന്നതേയില്ല. രണ്ടുപതിപ്പാവുമ്പോഴേക്കും അവ തിരണ്ടു കുളിക്കാറാവും. പിന്നെ എടുത്തൊറ്റോണ്. അപ്പോഴേക്കും വരും നോവലിസ്റ്റിന്‍െറ വക പുതിയ പപ്പടമുറുക്ക്. വായിക്കുന്തോറും ‘ടകടപടകടട’ .
                                                                                                                                                          3
കുറച്ചുവട്ടാണ് ഇതും. ‘ഫേസ്ബുക്ക്’ എന്ന നോവല്‍. ഒള്ളതു പറഞ്ഞാല്‍ മധുപാലിന്‍െറ കുറേ കുസൃതികള്‍. സിനിമയില്‍ ചെയ്യാത്തതു ചിലത് അദ്ദേഹം സാഹിത്യത്തില്‍ പണിയുന്നു. ഈ കുസൃതിയുടെ സ്വഭാവമെന്തെന്നാല്‍ നമ്മളൊക്കെ കാണിക്കുന്ന ചില വേണ്ടാതീനങ്ങളാണ് അയാള്‍ മിമിക്രി ചെയ്യുന്നത്. ടൈംലൈന്‍, വാള്‍പോസ്റ്റ്, കമെന്‍റ്, ലൈക്ക് (ഡിസ്ലൈക്ക്), ടാഗ്... എന്നിങ്ങനെ ഒരുമാതിരി വേണ്ടാതീനങ്ങള്‍. പക്ഷേ, ചില സുഖങ്ങളൊക്കെയുണ്ട്. മുറിയടച്ചിരുന്ന പോണ്‍കാണുന്നവരെല്ലാം പ്രണയാഭ്യര്‍ഥന നടത്തുമ്പോലെ സുഖം.
                                                                                                                                                           4

ഇത്രയൊക്ക നവീനെഴുതാമോ എന്നെനിക്കറിയില്ല. പക്ഷേ, ചിലരോടു തോന്നുന്ന, അതും ആദ്യമായി എഴുതുന്നവരോട് ഉണ്ടാവുന്ന ഒരടുപ്പം മനസ്സില്‍ നിറയുന്നു. അത് നവീനെഴുതുന്നത് വായിച്ചിട്ടുണ്ടായ അടുപ്പമാണ്. ശാന്തമായി കിടക്കുന്ന അലകളില്ലാത്ത ഒരു മഹാസമദ്രമാണ് എന്‍െറ മനസ്സ്. അതിലടിച്ചുകയറിയ ഒരു പടിഞ്ഞാറന്‍ കാറ്റാണ് നവീന്‍ ലോപ്പസ്. ഞാനങ്ങനെ കരുതുന്നതില്‍ വിരോധമുണ്ടോ?.... എന്‍െറ ഫോണ്‍ നമ്പര്‍ : 9004471343 വിളിക്കുമല്ളോ....’’
(naveenlopez@gmail.com എന്ന മേല്‍വിലാസത്തിലേക്ക് അനസൂയാവേണു ഗോപാലനയച്ച സന്ദേശം)
                                                                                                                                                              5
‘ഫേസ് ബുക്കി’ലെ ആദ്യന്തമുള്ള മുഖം നവീന്‍ലോപ്പസിന്‍െറതാണ്. അയാളുടെ വാള്‍ പോസ്റ്റുകളും അതിലേക്കു കണ്ണിചേരുന്ന കമന്‍റുകളും ഇഷ്ടപ്പെടലുകളാണ് വാള്‍പോസ്റ്റുകളും അതിലേക്ക് കണ്ണിചേരുന്ന കമന്‍റുകളും ഇഷ്ടപ്പെടലുകളാണ് നോവലിന്‍െറ സഞ്ചാരപഥം. ഈ രീതി മലയാള നോവലിന് പുതുതാണ്. നമ്മുടെ നോവല്‍ ഘടനകളിലൊന്നും ഇങ്ങനെയൊരു വ്യതിയാനം സംഭവിച്ചിട്ടില്ല. നവീന്‍ലോപ്പസിന്‍െറ ഫെയ്സ് പേജിലേക്ക് ആദ്യം വരുന്ന വീണാസുകുമാരന്‍ സൃഷ്ടിക്കുന്ന വിഭ്രാമകയാഥാര്‍ഥ്യമാണ് അവസാനം വരെ നോവല്‍ വായിക്കുന്നതിനുള്ള പ്രേരണാശക്തി. ഫെയ്സ് ബുക്കിലേക്ക് സുഹൃത്തുക്കള്‍ വരുന്നതിന്‍െറ സുതാര്യതയും സുതാര്യതയില്ലായ്മയും ഒരുപോലെ നിഗൂഢവത്കരിക്കുന്നതിലാണ് ‘ഫേസ്ബുക്കി’ന്‍െറയും മാത്തമാറ്റിക്സ്.

                                                                                                                                                              6
തീര്‍ത്തും ആധുനികോത്തര (postmodern) മായ മാനസിക പരിസരമാണ് ഇതിലേക്ക് നൂറുശതമാനവും നിരോര്‍ഗനികമായ (inorganic) ലോകത്തു സഞ്ചരിക്കുന്ന വ്യക്തിത്വങ്ങളുടെ കഥ. കഥയില്ലായ്മയെന്നു വേണമെങ്കിലും പറയാം. മുകുന്ദന്‍െറ ‘നൃത്ത’ത്തില്‍ നിന്നു മലയാള നോവല്‍ വളരെദൂരം മുന്നോട്ടുപോയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തെളിയിക്കുന്നു. അതീതയാഥാര്‍ഥ്യം (hyper reality) എന്ന ആധുനികോത്തര പ്രയോഗം അതിന്‍െറ ശരിയായ അളവില്‍ ഈ നോവലിലെ ജീവിതമാകുന്നുണ്ട്. ജീവിതം, ഭൗതിക പരിസരങ്ങളുടെ മാത്രം ജീവിതമല്ലാതാവുകയും ഭൗതികേതര പരിസരങ്ങള്‍ തന്നെ കൂടുതല്‍ ഭൗതിമായിത്തീരുകയും ചെയ്തിട്ടുണ്ട്. നോവലില്‍ പറയുന്ന പെണ്‍ശരീര ശാസ്ത്രം അതിന്‍െറ ഭാഗമാണ്. ശരീരം ഇതില്‍ സ്വപ്നമോ മാനസിക വിഭ്രാന്തിയോ ഒക്കെയാണ്. പുകപടലങ്ങള്‍ക്കിടയിലെ മരക്കൂട്ടങ്ങളാണ്. വീണാസുകുമാരന്‍ അതിന്‍െറ മെറ്റഫറാണെന്നും പറയാം. അവള്‍ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു. ഫെയ്സ്ബുക്കിന്‍െറ കമെന്‍റ് സ്പേയ്സും മെയില്‍പേജിലെ കംപോസ് സ്പേയ്സും പരമാവധി പ്രയോജനപ്പെടുത്തിയാണ് മധുപാലിന്‍െറ ഭാവന ആ ധൈഷണിക വ്യവസായം നടത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെ മാനസികാ വ്യാപാരങ്ങളാക്കുന്ന പഴയ ബോധധാരാ സമ്പ്രദായം, ഈ ആഖ്യാനമാന്ത്രികതയില്‍ എത്രമാത്രം പഴകിപ്പോയിരിക്കുന്നു. 
                                                                                                                                                                7
ജനപ്രിയതയുടെ പഴയ ആശയങ്ങള്‍ക്ക് വിശ്വാസപരമായ കോട്ടം സംഭവിച്ചിട്ടുണ്ട്. ഫെയ്സ് ബുക്ക് എന്ന മാധ്യമ ഇടം ജനത്തെ ഉള്ളടക്കമാകുന്ന ഒന്നാണ്. അതില്‍ എല്ലാവര്‍ക്കും കടന്നുവരാനുള്ള ബോധപൂര്‍ണമായ സ്വാതന്ത്ര്യം അതു നല്‍കുന്നു. ഈ നോവലിലും ആ സ്വാതന്ത്ര്യം നമ്മള്‍ അനുഭവിക്കുന്നു. തുടക്കത്തിലെ വീണാ സുകുമാരന്‍ മറ്റൊരു സ്വാതന്ത്ര്യമായി മാറുന്നതുപോലെയാണ് അനസൂയ വേണുഗോപാലിന്‍െറ വരവ്. നോവല്‍ ശില്‍പത്തെ സംബന്ധിച്ച് പറഞ്ഞിരുന്ന കഥാപാത്രജാഗ്രത ഇവിടെ എത്രവേണമെങ്കിലും ഉപേക്ഷിച്ചിരിക്കുന്നു എന്നതാണിത് കാണിക്കുന്നത്. ജനപ്രിയതയുടെ മാനസികോല്ലാസ സംസ്കാരത്തെ മാത്രമല്ല, അതിനുണ്ടായിക്കഴിഞ്ഞ സാമൂഹിക സംസ്കാരത്തെയും ഈ നോവല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. നവീന്‍ ലോപ്പസ് എന്ന ചലച്ചിത്രകാരന്‍ അല്‍പ്പാല്‍പ്പമായി നമ്മളോടുപറയുന്ന ചരിത്രങ്ങള്‍, ആദ്യം അയാളുടേതും പിന്നീട് നമ്മള്‍ ജീവിക്കുന്ന കാലത്തിന്‍െറ ചില ആഘോഷങ്ങളുടേതുമായ ചരിത്രമാണ്. 

                                                                                                                                                                  8
‘ഫിനൈല്‍ ഇതൈല്‍ അമിനോ’യാണത്രേ പ്രണയ ഹോര്‍മോണില്‍ പ്രധാനം. നവീന്‍ലോപ്പസിന്‍െറ അറിവുകളില്‍ ഒന്നാണത്. പല അറിവുകളും അയാള്‍ നമുക്കുതരുന്നു. അങ്ങനെയുള്ള ഒരു ജ്ഞാനദാതാവി (informart) ന്‍െറ സ്ഥാനം സ്വയം വഹിച്ചുകൊണ്ടുമാണ് അയാള്‍ നോവലിനെ മുന്നോട്ടുകോണ്ടുപോവുന്നത്. ഇതുനമുക്ക് പരിചിതമാണ്. ‘ഗോവര്‍ധന്‍െറ യാത്രകള്‍’ പോലുള്ള അസാധാരണ മലായള കൃതികളില്‍ നമ്മളിതു കണ്ടിട്ടുണ്ട്. പക്ഷേ, അതില്‍ നിന്നെല്ലാം ഇതിനുള്ള പ്രധാന വ്യത്യാസം ഇവിടെ സംവാദം ദാര്‍ശനികമല്ളെന്നതാണ്. വളരെ ഋജുവായ സംവാദ രൂപം മാത്രമേ നോവലിസ്റ്റ് നവീന്‍ ലോപ്പസിന് തെരഞ്ഞെടുക്കുന്നുള്ളു. ആ പ്രതലം വിട്ടുപുറത്തുപോവാന്‍ അയാള്‍ ശ്രമിക്കുന്നുമില്ല. ഫെയ്സ് ബുക്കിലെഴുതുന്നത് എളുപ്പമാണെന്ന ധാരണ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇവിടെ ഫെയ്സ്ബുക്കിനെ പ്രകാശനവേദി (publishing space) യാക്കുന്നതില്‍ നമ്മള്‍ നന്നായി വിജയിച്ചിട്ടുണ്ടെങ്കിലും അതിനെ ആവിഷ്കാരമാധ്യമമാക്കി (medium of expression) വികസിപ്പിക്കുന്നതില്‍ ഭൂരിഭാഗം എഴുത്തുകാരും വിജയിച്ചിട്ടില്ളെന്നതാണ് സത്യം. അതിനോടൊരു വിരോധവുമാണ് മധുപാലിന്‍െറ കൃതി. ഫെയ്സ്ബുക്കിന്‍െറ സാധ്യതയെ അതിന്‍െറ മാധ്യമ പരമായ സാധ്യതകളെ സ്വീകരിച്ചുകൊണ്ട് കടലാസില്‍തന്നെ സാഹിത്യം എഴുതുന്ന പദ്ധതിയാണിത്. വലിയൊരളവ് അദ്ദേഹം ഇതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. 

                                                                                                                                                                   9
‘ഭാവിയില്‍ ഇരുന്നു വായിക്കാവുന്ന നോവല്‍’ എന്നൊക്കെയാണ് പുസ്തകത്തില്‍ അവതാരികാകാരന്‍ അതിനെ പരിചയപ്പെടുത്തുന്നത്. മലയാളത്തില്‍ അങ്ങനെയുള്ള നോലുകളുടെ കലാമാണത്രേ! തന്‍െറ വര്‍ത്തമാനത്തോടു സംവദിക്കാത്ത ഒരുനോവല്‍ ഭാവിയോടു സംവദിക്കുമെന്ന നീക്കിവെച്ച കൊതിമാത്രമായേ ആ വിലയിരുത്തലിനെ സ്വീകരിക്കാനാവൂ. സമകാലികമായ സ്വീകാര്യതയുടെ കരുത്തിനെ ഒളിച്ചുപിടിച്ച് സൂക്ഷ്മദൃക്കാണെന്ന വ്യാജേന മറ്റൊരു കാലത്തേക് കൃതിയെ നീട്ടി വലിക്കുന്നതില്‍ ഒരര്‍ഥവുമില്ളെന്നതാണ് കാര്യം. ആടു ജീവിതം പത്തുപേര്‍ വായിച്ചതുകൊണ്ടാണ് ബെന്യാമിനെ പലരും പരാമര്‍ശിച്ചു തുടങ്ങിയത്. അത് എന്നിന്‍െറ കൃതി മാത്രമാണെന്നും അദ്ദേഹത്തിന്‍െറ മറ്റു കൃതികളാണ് ഭാവിയുടെ കൃതികളൊന്നും പറയുന്ന വിധത്തില്‍ വിമര്‍ശനപരമായ സങ്കോചദൃഷ്ടി അപകടകരമാണ്. വായന, സാധ്യതയുടെ രൂപകമാണ്. കൃതിയുടെ ഭാവനാപരമായ സാധ്യതയുടെ (സാധ്യതകളുടെ) പലമുഖങ്ങളാണ് പലപല വായനകള്‍. മേതിലിന്‍െറ സൂര്യവംശം കാലംതെറ്റിപ്പിറന്ന കൃതിയാണെന്ന് അന്നുവിമര്‍ശകര്‍ സന്ദേഹിച്ചിരുന്നു. വാസ്തവമെന്തെന്ന് ഇന്നും നമുക്കറിയാം. ജീവിക്കുന്ന കാലത്തോടുള്ള വിമര്‍ശകന്‍െറ പുച്ഛമാണ് ‘ഭാവിയുടെ പുസ്തകം’ എന്നൊക്കെയുള്ള അവതരണം അതൊന്നും ‘ഫേസ്ബുക്ക്’ വാരിച്ചുറ്റണമെന്നു തോന്നുന്നില്ല. 

                                                                                                                                                                    10
വായിക്കുന്തോറും വലുതാവുന്ന നോവലാണിത്. കൃതിയുടെ അവസാനവരികളിലൊന്നില്‍ മധുപാല്‍ എഴുതുന്നുണ്ട്. വേണമെങ്കില്‍ എഴുതിനീട്ടി. ഇതിനെ മഹാഭാരതവേദാന്തം പോലെയാക്കാമെന്നൊക്കെ വായനയിലും സാധ്യമാണ്. ഈ വിപുലീകരണം സാധാരണ വായനയുടെ ആവര്‍ത്തനവൈരസ്യം ഒഴിവാക്കി കൂറേക്കൂടി സമകാലികവായനയിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന പുസ്തകമാണിത്. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.