‘അജ്ഞതയുടെ കണ്ണുകള്‍’ എന്ന ഇടിമിന്നലായ കൃതി

ഇരുട്ടിന്‍െറ ചെപ്പിലടച്ച വെളിച്ചത്തിന്‍െറ മുത്തുകളെ നിരന്തരമായ ധ്യാനമനസ്സിന്‍െറ സാധനകൊണ്ട് ഒപ്പിയെടുത്ത ധ്യാന കവിതകളുടെ സമാഹാരമാണ് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍െറ ‘അജ്ഞതയുടെ കണ്ണുകള്‍’. ഗുരുതരമായ ജീവിതാവ ബോധങ്ങളില്‍ ഇഴ പിരിയാതിഴയുന്ന കല്ലിച്ച കാലത്തുപോലും തന്‍െറ സര്‍ഗാത്മക ചിന്തകളെ ധ്യാന നിമഗ്നമാക്കാനും ഒരുയോഗി വര്യന്‍െറ തീക്ഷണമായ യോഗ ചിന്തയിലൂടെ മനുഷ്യജീവിതത്തിന്‍െറ യാത്രയിലെ ചുട്ടുപൊള്ളുന്ന നാഴികക്കല്ലുകളില്‍ വിശ്രമത്തണല്‍ വിരിയ്ക്കാനും ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന് കഴിയുന്നു. കവിത ഒരു ഇടിമിന്നലാണ് എന്ന ലക്ഷണ വാക്യത്തെ മുന്‍ നിര്‍ത്തി ചിന്തിക്കുന്നതാണ് ഈ സമാഹാരത്തിലെ ഓരോധ്യാന കവിതയും. മലയാളം -ഇംഗ്ളീഷ്- ഫ്രഞ്ച് എന്ന ത്രി ഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ഥത്തില്‍ ഓരോ ഭാഷയുടെയും കാവ്യ സൗന്ദര്യം അനുഭവിക്കാന്‍ വായനക്കാരന് കഴിയുന്നുവെന്നതാണ് മികവുറ്റ കൗതുകം.
‘ഞാനൊരു പൂവ്
വരയ്ക്കാന്‍ ശ്രമിച്ചു
മുള്ളില്‍ കുടുങ്ങി
കൈയില്‍ചോര പടരുന്നു’ ‘ഒപ്പം’ എന്ന കവിതയിലെ ധ്യാനമുറ നമ്മെ അമ്പരിപ്പിക്കുന്ന രാസനുഭൂതി നല്‍കുന്നു. പൂവ് വരയ്ക്കാന്‍ ശ്രമിച്ചവന്‍െറ കൈയില്‍ മുള്ളു കുടുങ്ങിപോറലുണ്ടായി ചോര കിനിയുന്ന ദയാപരമായ അസ്വസ്തയില്‍ വായനക്കാരന്‍ പകച്ചുനിന്നുപോകുന്നത് സംവേദനം കൂര്‍പ്പിച്ച രക്തമുള്ളുകള്‍ തന്നെയാണ്.
‘ദൈവം’ എന്ന കവിതയില്‍ ‘‘ദൈവമെന്നെ ഉമ്മ വെയ്ക്കാതെ പുതിയ പ്രപഞ്ചങ്ങള്‍ ഉണ്ടാക്കാന്‍ പോയി’’ എന്ന കവി വിലപിക്കുമ്പോള്‍ ദൈവത്തിന് തല്‍കാലം വിടുതല്‍ നല്‍കിയതിന്‍െറ സമാശ്വാസവും പുതിയ പ്രപഞ്ചങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കവിയുടെ ധ്യാനത്തെയും കണ്ടത്തൊം.
‘മുറിവുകള്‍’ എന്ന കവിതകള്‍ ഇങ്ങനെ:
കുളിപ്പിക്കുമ്പോള്‍ നിങ്ങള്‍ കാണും. മുറിവേല്‍ക്കാത്തതായി ഒരിടവുമില്ല എന്നത് ശരീരത്തിന്‍െറ ചതവുകള്‍ മാത്രമല്ല, മനസ്സിന്‍െറ കൂടി നിഗൂഡ രഹസ്യമായി മാറുന്ന മാന്ത്രിക വിദ്യകള്‍ വേഷമിടുന്നു’
കവിയുടെ ധ്യാന ഗ്രസ്തമായ മനസ്സിന്‍െറ ഏകാഗ്രത പൂര്‍ണതയിലത്തെുന്ന ധന്യതയാണ് കഥാകാരന്‍ കൂടിയായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്‍െറ ഈ ആത്മീയ കവിതകളുടെ യോഗമുദ്ര. 
‘അധ്യായങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും 
കഥാന്ത്യത്തെപ്പറ്റി മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു
തലതിരിഞ്ഞ ഈ പുസ്തകം’
എന്ന് ജീവിതത്തെക്കുറിച്ച് കവി വിശദീകരിക്കുമ്പോള്‍ ‘അജ്ഞതയുടെ കണ്ണുകള്‍’ എന്ന ഈ കവിതാമൊഴി മുത്തുകള്‍ വ്യവസ്ഥാപിതമാക്കപ്പെട്ട കാവ്യ പാരമ്പര്യങ്ങളില്‍ നിന്നും വ്യതിരിക്തമായി ഒരു തലതിരിഞ്ഞ പാരായണ വ്യവസ്ഥ നമുക്ക് സമ്മാനിക്കുന്നത് അത്ഭുതാദരങ്ങളാണ്. 
82 പേജുകളുള്ള ഈ പുസ്തകത്തിന്‍െറ വില 65 രൂപയാണ്. 
കോഴിക്കോട് റാസ്ബെറി ബുക്സ് ആണ് പ്രസാധകര്‍

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.