എന്‍െറ വായനക്കാലം

പി.എന്‍.പണിക്കരുടെ ജന്മദിനമായ ജൂണ്‍ 19 കേരളത്തിലെ വായനാദിനമാണ്. കുട്ടിക്കാലത്ത്  തന്നെ ഇരുത്തി ചിന്തിപ്പിക്കുകയും വളര്‍ത്തിവലുതാക്കുകയും കരയിപ്പിക്കുകയും ചെയ്ത പുസ്തകങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ മാധ്യമം ഓണ്‍ലൈനുമായി പങ്കുവക്കുന്നു പ്രശസ്ത സാഹിത്യകാരനായ പി.സുരേന്ദ്രന്‍.

 

വായനാനുഭവങ്ങള്‍ ഏറെയില്ലാത്ത കുട്ടിക്കാലമായിരുന്നു എന്‍്റേത്. മഞ്ചേരിക്കടുത്തുള്ള പാപ്പിനിപ്പാറയിലെ വീട്ടില്‍ പുസ്തകങ്ങളൊന്നുമില്ലായിരുന്നു. ആ ഗ്രാമപ്രദേശത്ത് ഗ്രന്ഥാലയവുമില്ലായിരുന്നു. പത്രങ്ങള്‍ പോലും കാണുന്നത് അപൂര്‍വം. വായനയിലും സാഹിത്യത്തിലും താല്‍പര്യമുള്ള ആരും ആ ഗ്രാമത്തില്‍ ഇല്ലായിരുന്നു. സാഹിത്യകാരനാവണമെന്ന് ആ ഗ്രാമത്തിലെ ഒരു കുട്ടിയും ആഗ്രഹിച്ചിട്ടുണ്ടാവില്ല. പട്ടാളക്കാരനും പൊലീസുകാരനും വെളിച്ചപ്പാടുമൊക്കെയാവാന്‍ ആഗ്രഹിച്ചു.

പുസ്തകങ്ങളുടെ ലോകം ഞാന്‍ പരിചയപ്പെടുന്നത് ആറാം ക്ളാസില്‍ പഠിക്കുന്ന കാലം തൊട്ടാണ്. അപ്പോഴാണ് വട്ടംകുളത്ത് അച്ഛനുണ്ടാക്കിയ വീട്ടില്‍ ഞങ്ങള്‍ സ്ഥിരമായി പാര്‍ക്കാന്‍ ചെന്നത്. അച്ഛന് നല്ല വായനയുണ്ടയിരുന്നു. ഇടശ്ശേരിയുടെ സുഹൃത്തായിരുന്നു അച്ഛന്‍. നന്നായി പാടുമായിരുന്നു. വരികള്‍ക്ക് സംഗീതം കൊടുക്കുമായിരുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട് അച്ഛന്‍ നന്നായി ആലപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ കാവ്യം നിഴല്‍ നാടകമായി അവതരിപ്പിച്ചിരുന്നു അച്ഛന്‍. ഇടശ്ശേരി സമ്മാനിച്ച ചില പുസ്തകങ്ങള്‍ അച്ഛന്‍ സൂക്ഷിച്ചിരുന്നു. അതിലൊന്ന് കുങ്കുമപ്രഭാതം എന്ന ചെറിയ കവിതാ സമാഹാരമായിരുന്നു. ഞാനത് പല തവണ വായിച്ചു നോക്കി. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല. ഗള്ളിവറുടെ യാത്രകള്‍ എന്ന പുസ്തകം അച്ഛന്‍െറ ചെറിയ പുസ്തക ശേഖരത്തിലുണ്ടയിരുന്നു. ഞാനാ പുസ്തകം എത്രയോ തവണ വായിച്ചു. എന്‍െറ ആദ്യത്തെ തീവ്രമായ വായനാനുഭവം ആ പുസ്തകമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അച്ഛന് ഏറെ ഇഷ്ടം. സാമ്പത്തിക പ്രയാസം കാരണം ആഴ്ചപ്പതിപ്പ് വീട്ടില്‍ വരുത്താന്‍ കഴിഞ്ഞില്ല. അയല്‍ക്കാരനായ പുന്നക്കല്‍ ജനാര്‍ദ്ദനന്‍ മാഷ് ആഴ്ചപ്പതിപ്പ് വരുത്തിയിരുന്നു. ഞാനുമത് വായിക്കാന്‍ ശ്രമിച്ചില്ല. അച്ഛന്‍െറ പ്രിയപ്പെട്ട എഴുത്തുകാന്‍ വി.കെ.എന്നും കെ. സുരേന്ദ്രനുമായിരുന്നു. എനിക്ക് ഈ  പേരിട്ടത് അച്ഛന് സുരേന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ്. ജനാര്‍ദ്ദനന്‍ മാഷ് വായിച്ചു കഴിഞ്ഞാല്‍ ആഴ്ചപ്പതിപ്പ് അച്ഛനു കൊടുക്കും. വി.കെ.എന്നിന്‍െറ ‘പിതാമഹന്‍’ ആഴ്ചപ്പതിപ്പില്‍ നിന്നാണ് ഞാനാദ്യം വായിച്ചത്.

പത്താം ക്ളാസ് കഴിഞ്ഞതോടെ ഞാന്‍ വട്ടംകുളം വായനശാലയില്‍ മെമ്പര്‍ഷിപ്പെടുത്തു. പൈങ്കിളി നോവലില്‍ നിന്നാണ് ഞാനും വായിച്ചു തുടങ്ങുന്നത്. കോട്ടയം പുഷ്പനാഥിന്‍െറ ഡിറ്റക്റ്റീവ് നോവലുകളും ധാരാളം വായിച്ചു. പി. അയ്യനത്തേിന്‍െറ കൊടുങ്കാറ്റും കൊച്ചു വെള്ളവും വായിച്ച് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്‍െറ വായന തിരിച്ചുവിടുന്നത് ഉണ്ണിക്കയാണ് (ശരിയായ പേര് മുഹമ്മദ്). അദ്ദേഹം അരാജകവാദിയായി ജീവിച്ചു. മുടി നീട്ടി വളര്‍ത്തി. ഹിപ്പി ഉണ്ണിയെന്ന് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചു. മുകുന്ദന്‍േറയും കാക്കനാടന്‍േറയും ഒക്കെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് ഉണ്ണിക്കയാണ്. സാക്ഷിയും ആന്തതയുടെ താഴ്വരയും വായിച്ച് ഞാന്‍ വിയര്‍ക്കുകയും വിറകൊള്ളുകയും ചെയ്തു. മുകുന്ദന്‍േറയും കാക്കനടന്‍േറയും കഥാപാത്രങ്ങളെപ്പോലെയാണ് ഉണ്ണിക്ക ജീവിച്ചത്. ആ നോ വലുകള്‍ വായിച്ചപ്പോള്‍ ഞാനും ആ കഥാപാത്രങ്ങളെപ്പോലെ ജീവിക്കാന്‍ കൊതിച്ചിട്ടുണ്ട്. ബഷീറിന്‍െറ ബാല്യകാല സഖി വയിച്ചും ഞാന്‍ കരഞ്ഞിട്ടുണ്ട്. വല്ലാതെ മനസ്സില്‍ തട്ടുന്ന പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ കരയുന്ന ആളാണ് ഞാന്‍. ഇയിടെ അങ്ങനെ വായിച്ച് കരഞ്ഞത് ഖാലിദ് ഹൊസ്സെനയുടെ THE KITE RUNNER എന്ന കൃതിയാണ്. എം.ടിയുടേയും സി. രാധാകൃഷ്ണന്‍േറയും നോവലുകളും എനിക്കിഷ്ടമായിരുന്നു. ഞാനും നായര്‍ തറവാട്ടില്‍ ജനിച്ചതുകൊണ്ടാവാം.

എനിക്ക് ഇരുപത്തി നാല് വയസ്സാവുമ്പോഴാണ് വീട്ടില്‍ വൈദ്യുതി വരുന്നത്. അതുവരേയും ചിമ്മിനി വിളക്കിന്‍െറ വെളിച്ചത്തിലായിരുന്നു വായന. പാതിരാ കഴിയുവോളം വയിക്കുമായിരുന്നു. അക്കാലത്തെ പ്രധാന പ്രസാധസര്‍ എന്‍.ബി.എസ്സാണ്. എന്നാല്‍ അക്കാലത്തെ മുഖ്യധാരാ എഴുത്തിനോട് കുതറി നിന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ പൂര്‍ണ്ണയായിരുന്നു. മേതില്‍ രാധാകൃഷ്ണന്‍െറ കൃതികള്‍ പൂര്‍ണ്ണയിലൂടെയാണ് പുറത്തുവന്നത്. പൂര്‍ണ്ണ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കവറും ശ്രദ്ധേയമായിരുന്നു. ക്ഷോഭിക്കുന്നവരുടെ പുസ്തകങ്ങള്‍ പൂര്‍ണ്ണ മാത്രമേ അക്കാലത്ത് പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നൊള്ളൂ. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് പുസ്തകങ്ങള്‍ വാങ്ങാന്‍ തുടങ്ങുന്നത്. അക്കാലത്ത് ഞാന്‍ ട്യൂഷനെടുത്ത് അല്‍പം പണം സമ്പാദിച്ചിരുന്നു. കോഴിക്കോട്ട് നിന്ന് ചെലവൂര്‍ വേണുവേട്ടന്‍െറ നേതൃത്വത്തില്‍ രൂപകൊണ്ട പ്രപഞ്ചം പബ്ളിഷേഴ്സ്, കടമ്മനിട്ടയുടെ കവിതകള്‍ രണ്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഞാനത് പ്രീപബ്ളിക്കേഷന്‍ വ്യവസ്ഥയില്‍ വാങ്ങിച്ചു. ഇന്നും ഞാനാ പുസ്തകം അമൂല്യമായ സുക്ഷിക്കുന്നു.

ഏറെ വര്‍ഷങ്ങള്‍ കൊണ്ടാണ് ഞാനെന്‍െറ ഗ്രന്ഥാലയം ഉണ്ടാക്കിയത്. ഇപ്പോള്‍ ഞാന്‍ വായനശാലകളില്‍ പോകാറില്ല. എന്‍െറ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങള്‍ തന്നെ വായിച്ചു തീര്‍ക്കാനുള്ള ആയുസ്സ് എന്‍െറ കണ്ണുകള്‍ക്ക് ഉണ്ടാവണമേ എന്നാണ് പ്രാര്‍ഥന. വായന ഇല്ലായിരുന്നുവെങ്കില്‍ എന്‍െറ ലോകം എത്രയോ ചെറുതാകുമായിരുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT