ഒറ്റച്ചിറകുള്ള പങ്ക

കഴുത്തില്‍ കുരുങ്ങിയ ടൈയ്ക്കുള്ളില്‍ വിയര്‍ത്തു കുളിച്ച് എങ്ങോട്ടൊക്കെയോ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന  സെയില്‍സ് എക്സിക്യൂട്ടീവുമാരേയും പകുതി നടപ്പാതയിലും മറുപാതി റോഡുകളിലും പ്രസവിച്ചു കിടക്കുന്ന മുന്തിയയിനം കാറുകളേയും വകഞ്ഞു മാറ്റി ‘ഞാനും ഈ നഗരത്തിന്‍െറ എച്ചിലാ’ണെന്ന് ഉരുവിട്ട് വഴിവക്കില്‍ കൂടെ മുന്നോട്ടുനടന്നു പോകുമ്പോഴാണ് പൂരുരവസ്സിനുള്ളില്‍ ഒരു ആശയം ജ്വലിച്ചത്. എന്തുകൊണ്ട് ഈ കാശിനൊരു സെക്കന്‍റ് ഹാന്‍ഡ് ലാപ്ടോപ് വാങ്ങിക്കൂടാ?

പൂരുരവസ്സ് അവന്‍െറ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്ന് സാക്ഷാത്കരിക്കാന്‍ ഇറങ്ങിയതായിരുന്നു. അരികുകള്‍ കറുത്തു പോയ സ്മാര്‍ട്ട് ഫോണില്‍ നിന്നും ഒരു വലിയ സ്ക്രീന്‍ടാബിലേക്കുള്ള മാറ്റം അവന്‍െറ ആ വര്‍ഷത്തെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.അക്കൂട്ടത്തില്‍ ഒരു ബ്ളൂടൂത്ത് വയര്‍ലെസ്സ് സെറ്റ്, ഐപോഡ് എന്നിങ്ങനെയുള്ള ചെറിയ ആഗ്രഹങ്ങള്‍ വേറെയും ഉണ്ടായിരുന്നു.
ആയിടക്ക് നോക്കിയ മരിച്ചതും അവര്‍ മിച്ചം വന്ന അവയവങ്ങള്‍ പാറമേലച്ചന്‍ പറഞ്ഞതിന്‍പ്രകാരം മൈ¤്രകാസോഫ്റ്റിന് ദാനം കൊടുത്തതും ആ മരണത്തില്‍ നിന്ന് സാംസങ് ഗാലക്സികള്‍ ചിത്രശലഭങ്ങളായി പുനര്‍ജനിയെടുത്തതും അവന്‍െറ ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയിരുന്നു. ആപ്പിള്‍ ഐപാഡ് മരണത്തിന് മുന്‍പ് പുരൂരവസ് ലക്ഷ്യം വച്ച ജന്മാന്തരസുകൃതങ്ങളില്‍ ഒന്നായിരുന്നു. അമ്മയുടെ ജീവിതലക്ഷ്യങ്ങളില്‍ അവസാനത്തെതായിരുന്ന കാശിതീര്‍ഥാടനം അവനെ സംബന്ധിച്ചിടത്തോളം തികച്ചും അനാവശ്യമായ ജാടകളില്‍ ഒന്നായിരുന്നു.കര്‍പ്പൂരം ഉള്ളംകയ്യില്‍ വെച്ച് കത്തിച്ച് വായിലേക്ക് വിഴുങ്ങി അമ്മ ആരാധിച്ചു വന്ന ഫോട്ടോകളെ വീട്ടില്‍ നിന്ന് കുടിയിറക്കാന്‍ അവന്‍ ശ്രമിച്ച ദിവസമാണ് അമ്മ കാശിതീര്‍ഥാടനത്തിന് കരുതി വെച്ചിരുന്ന കാശ് അവന് ടാബ് വാങ്ങാന്‍ കൊടുത്തത്.
കഫേ കോഫീ ഡേയുടേയും സബ്-വേയുടെയും ഇടയിലൂടെ നൂര്‍ന്നിറങ്ങി അവന്‍ സെക്കന്‍റ് ഹാന്‍ഡ് ഇലക്¤്രടാണിക് മാര്‍ക്കറ്റിലേക്ക് കയറുമ്പോള്‍ അവിടം ഒരു ശവപ്പറമ്പ് കണക്കെയായിരുന്നു. മച്ചികളായ മദര്‍ബോര്‍ഡുകളും ബീജാവാപം നടക്കില്ളെന്ന് ടെക്നിഷ്യന്‍മാര്‍ വിധിയെഴുതിയ ടു ജി ബി റാമുകളും ജീവിതകാലം മുഴുവന്‍ പ്രസരിച്ചൊടുങ്ങിയ ലാപ്ടോപ് സ്ക്രീനുകളും ഓരോ കടകളേയും ഒരു പോസ്റ്റ്മോര്‍ട്ടം ടേബിള്‍ പോലെ തോന്നിപ്പിച്ചു. കുത്തികുത്തി വിളര്‍ത്തു പോയ കീപാഡുകളും ചലനം നിലച്ച മൗസുകളും നിരത്തിവെച്ചിരിക്കുന്ന ഷോപ്പില്‍ കണ്ണുകളിലെ ബ്രൈറ്റ്നസ് കെട്ടുപോയ കടക്കാരന് മുന്‍പില്‍ പൂരുരവസ്സ് ഒരു നില്പ് നിന്നു. അയാള്‍ യയാതിയായി യൗവനം ചോദിച്ചു കളയുമോയെന്ന ഭയത്തോടെ. അയാള്‍ ഒന്നും ചോദിക്കാതിരുന്നത് അവനെ കൂടുതല്‍ ഭയപ്പെടുത്തി.സാധാരണ ഒരു കടയിലേക്ക് കയറി ചെല്ലുമ്പോള്‍ ഉടന്‍ തന്നെ ഒന്നു രണ്ടു സെയില്‍സ്ഗേളുമാര്‍ വളയേണ്ടതാണ്.
കഴിഞ്ഞ തവണ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പോയ അനുഭവം അവനറിയാതെ അപ്പോള്‍ ഉള്ളിലേക്ക് കടന്നു വന്നു.
ചെന്നു കയറിയ ഉടന്‍ തന്നെ മുഖം തുടുത്ത ഒരു പെണ്‍കുട്ടി ഓടി വന്നു.
“എന്ത് വേണം സര്‍ ?”
അവളുടെ ചുണ്ടുകളിലെ ലിപ്സ്റ്റിക്ക് വില കുറഞ്ഞതു കൊണ്ടാവണം അവ തമ്മില്‍ കുഴഞ്ഞ് ഒട്ടുന്നുണ്ടായിരുന്നു.
“ഒരു സ്മാര്‍ട്ട് ഫോണ്‍ വേണം.”
നിമിഷനേരത്തില്‍ അവള്‍ ആവേശവതിയായി.
“ഏതു മോഡല്‍ സാര്‍ ?”
“കുറഞ്ഞ ഒന്ന്.ഒരു അയ്യായിരം രൂപ വരുന്ന ഫോണ്‍.”
അതില്‍ അവള്‍ക്കു കിട്ടേണ്ട കമ്മീഷന്‍ ഒന്നുമില്ലാത്തത് കൊണ്ടാവണം അടുത്തനിമിഷം അവളുടെ ആവേശം തണുത്തു.
ബില്ല് വരുന്നതിനു മുന്‍പേയുള്ള സമയം പോക്കാന്‍ വെറുതെ മെമ്മറി കാര്‍ഡുകളുടെ വില തിരയുമ്പോള്‍ മസ്കാര ഇടാത്തത്തിന് മറ്റൊരുവളെ കടയുടമ ചെവി പൊട്ടും വിധം ചീത്ത പറയുന്നതും ഒടുവില്‍ “ഇത്തവണത്തെ ശമ്പളത്തില്‍ നിന്ന് അഞ്ഞൂറ് രൂപ കട്ട് ചെയ്യും” എന്ന് പറയുന്നതും കേട്ടപ്പോള്‍ പൂരുരവസ്സിനു അവളോട് കടുത്ത പ്രണയം തോന്നിയിരുന്നു. തൂക്കിയിട്ട പരസ്യങ്ങള്‍ക്കിടയില്‍ മറഞ്ഞു നിന്ന അവള്‍ പുറത്തേക്കു വന്നപ്പോള്‍ പൂരുരവസ്സ് പാളി നോക്കിയെങ്കിലും അവന്‍റെ മനസ് ഇടിഞ്ഞു പോയി.അവള്‍ കറുത്തതായിരുന്നു. അതേ സമയം അവന്‍െറ സ്വപ്നങ്ങളിലെ പ്രണയിനി വെളുത്തതായിരുന്നു.
ഈ കടയുടെ മട്ടിലും ഭാവത്തിലും അത്തരം സെയില്‍സ്ഗേളുമാരെ പ്രതീക്ഷിക്കേണ്ടെങ്കിലും കുറഞ്ഞ പക്ഷം ഒരു സെയില്‍സ്മാനെയോ ഒരു ടെക്നിഷ്യന്‍ പയ്യനെയെങ്കിലും പൂരുരവസ്സ് അവിടെ പ്രതീക്ഷിച്ചു. പക്ഷേ അവിടെയൊരു താലൂക്ക് റവന്യൂ ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോളുണ്ടാകുന്ന നിശബ്ദത മാത്രം. 
രൂക്ഷമായി തന്‍െറ കുറ്റിത്താടിയിലേക്ക് മാത്രം തുറിച്ചു നോക്കുന്ന കടക്കാരന്‍റെ മരിച്ച ഒരു നോട്ടം മാത്രം പൂരുരവസ്സിനെ ചൂഴാന്‍ തുടങ്ങി.
കുറെ നേരത്തെ മരണനിശബ്ദതയ്ക്ക് ശേഷം അവന്‍ ബദ്ധപ്പെട്ടു പറഞ്ഞു.
“എനിക്കൊരു സെക്കന്‍റ് ഹാന്‍ഡ് ലാപ്ടോപ്പ് വേണം”.
അപ്പോള്‍ കടക്കാരന്‍ ചിരിച്ചു. പൂരുരവസ്സും ചിരിച്ചു.
“സാധാരണ വില്‍ക്കാന്‍ വരുന്നവര്‍ മാത്രമാ ഈ ഭാഗത്തേക്ക് വരിക. ഏതു മോഡല്‍ വേണം സാറിന്?”
അപ്പോള്‍ ഒരു പെണ്‍കുട്ടി ചാനല്‍ മൈക്കുമായി അവര്‍ക്കിടയിലേക്ക് കയറിവന്നു.അവളുടെ പുറകെ ക്യാമറാമാനുമുണ്ട്.
കടക്കാരന്‍ ഭയന്നു പോയി. വന്നപാടെ അവള്‍ പറഞ്ഞു.
“ഞാന്‍ പുതിയ റിപ്പോര്‍ട്ടര്‍ ട്രെയിനിയാ. എനിക്കൊരു വ്യത്യസ്ത സ്റ്റോറി വേണം.അതു ചെയ്യാനിവിടെ..”
“അതിന് ഇവിടെന്തായിരിക്കുന്നേ..? കടക്കാരന്‍ ഇടയില്‍ കയറി.
“ഞാന്‍ പറയട്ടെ.താങ്കള്‍ക്ക് വിറ്റ ലാപ്ടോപിനോട് പിന്നീട് സ്നേഹം തോന്നി ആരെങ്കിലും അത് തിരികെ വാങ്ങാന്‍ വന്നിട്ടുണ്ടാവില്ളേ?” അവള്‍ ചോദിച്ചു.
“അപ്പോള്‍ എല്ലാം നിങ്ങള്‍ തന്നെ നേരത്തെ എഴുതിയുണ്ടാക്കിയിട്ടുണ്ടല്ളേ? പക്ഷേ അങ്ങനെയൊരാള്‍ ഇതേ വരെ ഈ കടയില്‍ വന്നിട്ടില്ല.”
അപ്പോഴാണ് പെണ്‍കുട്ടി ഒരരുകില്‍ ഒതുങ്ങിക്കൂടി നിന്ന പൂരുരവസ്സിനെ കണ്ടത്.
“ഇദ്ദേഹത്തിനത് പറ്റും. നിങ്ങള്‍ അങ്ങനെ പറഞ്ഞാല്‍ മതി.ഒറ്റ ദിവസം കൊണ്ട് നിങ്ങള്‍ പ്രശസ്തനാവും. അല്ളെങ്കില്‍ ഞാന്‍ ആക്കും.” 
“അതെങ്ങനെ?” കടക്കാരന്‍ ചോദിച്ചു.
“ആ സെയിം സ്റ്റോറി ഒരു ദിവസം തന്നെ നാലഞ്ചു തവണ കാണിച്ചാല്‍ പോരേ?”
പൂരുരവസ്സ് സമ്മതിച്ചു. ഒന്നുമില്ളെങ്കിലും ഒറ്റ ദിവസം കൊണ്ട് ലോകപ്രശസ്തനാവുമല്ളോ. തന്‍െറ ചേരിയില്‍ ഉള്ളവര്‍ മാത്രമല്ല ഫേസ്ബുക്കില്‍ കണ്ട ചെര്‍ക്കളംകാരി അലീനയും സൗദിയിലുള്ള കൂട്ടുകാരും വരെ തന്നെ അറിയും.
“എവിടെയാ താമസിക്കുന്നേ?”
“ടോള്‍ ഗേറ്റില്‍ നിന്നും തിരിയുന്ന മൂന്നാമത്തെ ചേരിയില്‍.” അവന്‍ പറഞ്ഞതും അവള്‍ ഇടപെട്ടു.
“അതിലൊരു പ്രശ്നമുണ്ട്. ഞങ്ങളുടെ ചാനലിനാ ചേരിയില്‍ വ്യൂവേര്‍സ് കുറവാ.പിന്നെ ചേരിയില്‍ താമസിക്കുന്ന ഒരാള്‍ ലാപ്ടോപ് വാങ്ങി എന്നൊക്കെ പറഞ്ഞാല്‍...”
“എങ്കില്‍ ഞാനൊരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞാല്‍ പോരേ?” പൂരൂരവസ്സ് ജാള്യതയില്ലാതെ ചോദിച്ചു.
“അത് പറ്റില്ല. അത് ചാനലിന്‍െറ വിശ്വാസ്യതയെ ബാധിക്കും.”
അവള്‍ എങ്ങോട്ടോ പോയിക്കഴിഞ്ഞപ്പോള്‍ പൂരുരവസ്സ് പറഞ്ഞു.
“എനിക്കോരു കുറഞ്ഞ വിലയ്ക്കുള്ള മോഡല്‍ മതി.ഡെല്ളോ തോഷിബയോ കിട്ടിയാല്‍ നന്ന്.”
“വരൂ” അയാളവനെ അകത്തേക്ക് കൂട്ടിക്കോണ്ടു പോയി.
കൂട്ടുകാരന്‍ അഭിമന്യു വെള്ളത്തില്‍ വീണു മരിച്ചപ്പോള്‍ (ഒൗദ്യോഗികമായി അങ്ങനെയാണെങ്കിലും ആയുധം കയ്യല്ലില്ലാതിരുന്ന അവനെ കുടിപ്പക തീര്‍ക്കാന്‍ അവന്‍ മുന്‍പ് പണിയെടുത്തിരുന്ന ഗ്രൂപ്പിലെ ക്വട്ടേഷന്‍ ഗുണ്ടകള്‍ നാലു വശത്ത് നിന്നും വെട്ടിക്കോലപ്പെടുത്തുകയായിരുന്നു) അവനെ കാണാന്‍ മിഷന്‍ ആശുപത്രിയുടെ മോര്‍ച്ചറിയുടെ അകത്തു കൂടെ നടന്ന അതേ തണുപ്പ് അപ്പോള്‍ പൂരുരവസ്സിനു അനുഭവപ്പെട്ടു. ചുറ്റും സി പി യു തലയോടുകള്‍, പാനല്‍ അസ്ഥികൂടങ്ങള്‍, മെമ്മറി യൂണിറ്റെന്നു വിളിക്കപ്പെടുന്ന സെറിബ്രമ്മുകള്‍.. സെമിത്തെരിയിലെക്കെടുക്കാന്‍ പാകമായ കച്ച പുതയ്ക്കാത്ത ശവങ്ങള്‍.
അവന് ഒരു തോഷിബ മോഡല്‍ പൊതിഞ്ഞു കൊടുക്കുമ്പോള്‍ കടക്കാരന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
“ഇത് വന്നിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ. ഒരു പയ്യന്‍െറ കൂട്ടുകാരന്‍ കൊണ്ടു വന്നതാ. ആ പയ്യന്‍ റേസ് ചെയ്യന്നതിനിടെ സ്കിഡ് ചെയ്തു ബൈക്കപകടത്തില്‍ മരിച്ചു പോയി. അവന്‍െറ അച്ഛനുമമ്മയും ഇത് എങ്ങനെയെങ്കിലും വിറ്റ് കളയാന്‍ കൊടുത്തു വിട്ടതാ  ലാഭം നോക്കിയിട്ടില്ല ഞാന്‍.”
ഓട്ടോയില്‍ ഇരിക്കുമ്പോള്‍ പൂരുരവസ്സ് കയ്യിലിരുന്ന പൊതി തുറന്ന് ലാപ്ടോപിന്‍െറ കീപാഡിന് മുകളിലൂടെ വിരലുകളോടിച്ചു. ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളില്‍ ഒന്ന് പൂര്‍ത്തിയായിരിക്കുന്നു. മരിച്ച ആളുടെ വിരലുകള്‍ ഓടിയ കീപാഡ് ആണല്ളോ അതെന്ന് ഓര്‍ത്തപ്പോള്‍ അവനത് അടച്ചു വെച്ചു. വീട്ടിലത്തെി വൈ-ഫൈ ഹോട്ട്സ്പോട്ട് വഴി ഇന്‍റര്‍നെറ്റ് ബന്ധിപ്പിക്കുമ്പോള്‍ അവന് മനസിലായി ആ ലാപ്ടോപ്പ് ഒന്ന് ഫോര്‍മാറ്റ് ചെയ്തിട്ടു കൂടിയില്ളെന്ന്. ഏതോ ഒരു സോഹൈല്‍ മത്തേര്‍ ഉപയോഗിച്ച ലാപ്ടോപ് ആണ്. മരിച്ച അവന്‍െറ ഓര്‍മ്മകളും വിരല്‍ തൊടലും നിശ്വാസവും പേറുന്ന ശവപ്പെട്ടി. 
കുറേക്കഴിഞ്ഞപ്പോള്‍ പൂരുരവസ്സിനു ഒരു കാര്യം മനസിലായി. സോഹൈല്‍ അവന്‍െറ ജീവിതത്തിലെ ഓരോ ദിവസത്തേയും ഭൂരിഭാഗവും ചിലവിട്ടിരുന്നത് ഈ ലാപ്ടോപ്പിലാണ്. കാമുകി കഴിഞ്ഞാല്‍ അവന്‍ പ്രണയിച്ചിരുന്ന ഏക ‘ജീവി’ ഈ ലാപ്ടോപ് ആയിരുന്നു. സകലരഹസ്യങ്ങളും അവന്‍ ഒരു വേഡ് ഫയലില്‍ കുറിച്ചിട്ടിരിക്കുന്നു. അവന്‍ ജോലിക്കയച്ചിരുന്ന ബയോഡേറ്റകള്‍, കാമുകി ഗൂഗിള്‍ ചാറ്റില്‍ വന്നപ്പോള്‍ എടുത്ത ചില അവ്യക്തചിത്രങ്ങള്‍,
കാമുകിയ്ക്ക് അയച്ച മെയിലുകള്‍, അവര്‍ തമ്മിലുള്ള ഫോട്ടോകള്‍, ജോലി ചെയ്ത കൊറിയര്‍ കമ്പനിയിലെ വിവരങ്ങള്‍..അങ്ങനെ എല്ലാമെല്ലാം..
ഇ-മെയില്‍ താനേ തുറന്നു. അടുത്ത നിമിഷം പൂരുരവസ്സിനു താന്‍ സോഹൈല്‍ മത്തേര്‍ ആയതായി തോന്നി. ഓണ്‍ലൈനില്‍ പച്ചവെളിച്ചം തെളിഞ്ഞപ്പോള്‍ ആദ്യം ഉള്ളം വിറച്ചങ്കെിലും ചാറ്റ് ഹിസ്റ്ററിയിലേക്കും ഫേസ്ബുക്കിലേക്കും ഗൂഗിള്‍ പ്ളസിലേക്കുമുള്ള കടന്നു ചെല്ലല്‍ പെട്ടെന്നായിരുന്നു.
“നീയെവിടെയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി.”
ചാറ്റ് ബോക്സില്‍ വന്നു വീണത് സൊഹൈലിന്‍െറ കാമുകിയുടെ മെസേജ് ആണെന്ന് പൂരുരവസ്സിനു മനസിലായി. അപ്പോള്‍ അവന്‍ മരിച്ചെന്നു ഇവള്‍ക്കറിയില്ളേ? 
പറയണോ എന്നൊരു നിമിഷം അവന്‍ സന്ദേഹിച്ചു. എന്തിനേയും കളിയായിട്ടെടുത്തു പോന്നിരുന്ന അവന്‍ അതിനെയും ഒരു കളിയാക്കി മാറ്റി. അതിനിടയില്‍ ഫേസ്ബുക്കിലെ ലൈക്കുകള്‍,ഗൂഗിള്‍ പ്ളസിലെ ഷെയറുകള്‍ എല്ലാറ്റിലും അവനത്തെി.
അവര്‍ തമ്മില്‍ അര മണിക്കൂര്‍ സംസാരിച്ചു. അവള്‍ക്കൊന്നും തോന്നിക്കാണില്ല. അവന്‍ ഓരോന്നിനും ശ്രദ്ധയോടെ മറുപടി കൊടുത്തു. പെട്ടെന്ന് പുറകില്‍ വന്ന് അമ്മ വിളിച്ചു.
“ഡാ,പൂരു നീയെന്താ വിളിച്ചിട്ട് കേള്‍ക്കാത്തേ?”
“ഉമ്മാ,അതിന് ഞാന്‍ പുരൂരവസ്സ് അല്ലല്ളോ. സോഹൈല്‍ മത്തേര്‍ അല്ളേ..?”
“എത് മത്തേര്‍? എന്തുമ്മാ? നിനക്കെന്താ ജിന്ന് കൂടിയോ? അമ്മ ഭയചകിതയായി ചോദിച്ചു.
“ഉമ്മ പറയുന്നതൊന്നും എനിക്ക് മനസിലാവുന്നില്ല..”
ജാനകിയമ്മ കലിതുള്ളി അകത്തേക്ക് പോയി. അടുത്ത നിമിഷം ഒരു ചിന്ത പൂരുരവസ്സിനെ പിടികൂടി. താന്‍ ഈ നിമിഷം മരിച്ചാല്‍ ഇന്‍റര്‍നെറ്റിലെ തന്‍െറ രഹസ്യങ്ങള്‍ ചോര്‍ന്നാല്‍..ഇതെല്ലാം ആരെങ്കിലും കാണുന്നുണ്ടാവില്ളേ..മോര്‍ച്ചറിയിലെ ശവങ്ങളെപ്പറ്റി കുറഞ്ഞ പക്ഷം മോര്‍ച്ചറി സൂക്ഷിപ്പുകാരനെങ്കിലും അറിവുണ്ടായിരിക്കില്ളേ? ആ മോര്‍ച്ചറിസൂക്ഷിപ്പുകാരന്‍ ഒരു എഡ്വേര്‍ഡ് സ്നോഡന്‍ ആയാല്‍.. ചേരിയില്‍ കിടക്കുന്ന തന്‍െറ രഹസ്യങ്ങള്‍ പോട്ടെ. ബാക്കി എത്ര പേരുടെ ജീവിതരഹസ്യങ്ങള്‍. ഏതൊക്കെ തലങ്ങളില്‍ ജീവിക്കുന്നവരുടെ  കുമ്പസാരങ്ങള്‍.
താന്‍ പോകുന്ന ഇടങ്ങളെല്ലാം ഫേസ്ബുക്ക് അറിയുന്നുണ്ട്. അതാണൊരിക്കല്‍ താന്‍ കുമരകത്ത് ചെന്നിറങ്ങിയ വിവരം സ്റ്റാറ്റസ് ആയി ഇട്ടപ്പോള്‍ അടുത്ത നിമിഷം ഇ-മെയിലിലേക്ക് കുമരകത്തെ ഫൈവ്-സ്റ്റാര്‍ ഹോട്ടലുകളുടെ ലിസ്റ്റ് വന്നത്.
പൂരുരവസ്സ് ഉടനടി ഇന്‍റര്‍നെറ്റിലെ സര്‍വ്വ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്ത് ദീര്‍ഘനിശ്വാസം വിട്ടു. എന്നിട്ടവന്‍ സോഹൈലിന്‍െറ ഫേസ്ബുക്ക് ¥്രപാഫൈലില്‍ കയറി ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടു. ‘ഞാന്‍ മരിച്ചു. നിങ്ങള്‍ അറിഞ്ഞുവോ? RIP’ അങ്ങനെയല്ലാതെ ഫേസ്ബുക്ക് ഭാഷയില്‍ ഒരു മരണവാര്‍ത്ത എഴുതാന്‍ അവന് അറിയില്ലായിരുന്നു.
അതുടനെ കുറേപ്പേര്‍ ലൈക് ചെയ്തു. അതിനേക്കാള്‍ കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്തു. ചിലര്‍ കമന്‍റ് ഇട്ടു. അതില്‍ ക്രൂരം ഒരു സുഹൃത്ത് ഇട്ട ‘നീ മരിച്ചോ?’ എന്ന കമന്‍റ് ആയിരുന്നു. അവരാരും വിശ്വസിച്ചില്ല, സോഹൈല്‍ മത്തേര്‍ മരിച്ചെന്ന്. മരിച്ചവന്‍ എങ്ങനെ സ്വന്തം മരണവാര്‍ത്ത പോസ്റ്റ് ചെയ്യുമെന്ന ലോജിക്..
അല്‍പം കഴിഞ്ഞപ്പോള്‍ ആരോ ഒരു ലിങ്ക് സൊഹൈലിന്‍െറ വോളില്‍ ഷെയര്‍ ചെയ്തു. ബ്രിട്ടീഷ് പ്രതിനിധിസഭാംഗം കേരളത്തിലെ ഏറ്റവും പ്രശസ്തമായ മൂത്താശ്ശേരിയിലെ നിയമസഭാംഗത്തെ അറിയില്ളെന്ന് പറഞ്ഞത്രേ.
ആദ്യകമന്‍റ് ഉടന്‍ വന്നു. “ചാനല്‍ ന്യൂസ് അവറുകളില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന അദ്ദേഹത്തെ തുക്കട ബ്രിട്ടീഷുകാരന് അറിയില്ളെന്നോ?”
“ബ്രിട്ടീഷുകാര്‍ക്ക് ഇപ്പോഴും കേരളത്തോടുള്ള അധീശത്വമനോഭാവം മാറിയിട്ടില്ല” -അടുത്ത കമന്‍റ്.
ഉടന്‍ തന്നെ എല്ലാവരും സോഹൈലിനെ ഉപേക്ഷിച്ച് ബ്രിട്ടീഷ് പ്രതിനിധിസഭാംഗത്തിന്‍െറ വോളിലേക്ക് മാര്‍ച്ച് ചെയ്തു. ആ ബഹളത്തില്‍ ആര്‍ക്കും സോഹൈല്‍ മത്തേറിനെ വേണ്ടാതായി. അടുത്ത നിമിഷം പൂരുരവസ്സ് തന്‍െറ ¥്രപാഫൈലില്‍ കയറി സ്വന്തം പേര് സോഹൈല്‍ മത്തേര്‍ എന്ന് തിരുത്തി. അതിനും കിട്ടി നൂറ്റിയന്‍പത്തിമൂന്ന് ലൈക്കും ഇരുപത് കമന്‍റ്സും. അവ കൂടിക്കൂടി വരവേ ആളുകള്‍ ആളുകളെ അറിയാത്ത, അഥവാ ലൈക്കുകളിലൂടെ അറിഞ്ഞുവെന്നു നടിക്കുന്ന ആ ലോകം പൂരുരവസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു.
അതോടെ വാങ്ങിക്കൊണ്ടു വന്ന ആ ലാപ്ടോപ് എങ്ങനെയെങ്കിലും ഉപേക്ഷിക്കണമെന്ന് അവന് തോന്നി. തന്നെപ്പോലെ ഒരു പണിയുമില്ലാത്തവന് ഇത്തരം ആഭരണങ്ങള്‍ ഭാരമാണ്. ഒറ്റ ചിറകുള്ള പങ്കയാണ് എന്നും നല്ലത്. ചിറകുകള്‍ കൂടും തോറും പങ്കകള്‍ കാറ്റ് തരാതായിരിക്കുന്നു. ഇന്‍റര്‍നെറ്റിലെ വ്യാജസൗഹൃദങ്ങളെ പോലെ അവ ഭംഗിയായി കറങ്ങും; പക്ഷേ ഒരല്‍പം പോലും തണുപ്പ് തരില്ല.
അവന്‍ ലാപ്ടോപ് വാങ്ങിയ അതേ കടയിലേക്ക് നടന്നു, അത് ഉടന്‍ തന്നെ വിറ്റ് കളയാന്‍. കൂട്ടത്തില്‍ സോഹൈല്‍ മത്തേരുടെ പ്രേതത്തെയും രഹസ്യങ്ങളെയും തന്‍െറ ഉള്ളില്‍ നിന്നും പുറത്തിറക്കാന്‍ കൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT