പ്രണയം

1. ഞാന്‍

വാക്കാലെ
നിന്‍െറ നോക്കാലെ
അടിമുടി പൂത്തുലഞ്ഞു ഞാന്‍.

2. നിഴല്‍

നിന്നെ എനിക്കോര്‍മയുണ്ട്
വിഷപ്പല്ലുകളും
പ്രണയവുമായി
എന്‍െറ യാത്രയില്‍ -വഴി തടഞ്ഞിട്ടുണ്ട്
എന്‍െറ വഴിയിലെ
നിഴലുകളൊക്കെയെടുത്ത്
പളുങ്കുഭരണിയിലാക്കിവെച്ചിട്ടുണ്ട്.
നടത്തത്തിന് വേഗത പകര്‍ന്നിട്ടുണ്ട്.
വാക്കുകളില്‍ നോവ് പകര്‍ന്നിട്ടുണ്ട്്.
എന്നിട്ടും തീരാഞ്ഞാണോ
ഈ തെളിഞ്ഞ കറുപ്പുമായെന്നെ
നിരന്തരം പിന്തുടരുന്നത്.
എന്‍െറ വഴിയിലെ
നിലാവാകാമെന്ന് പറഞ്ഞു
നീ നട്ട പൂമരം
എന്‍െറ വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി.
ശവംതീനികള്‍ക്ക്
ഇരയായെരിഞ്ഞടങ്ങാനെനിക്ക് നേരമില്ല.
കാലത്തിന്‍െറ ബലികുടീരങ്ങള്‍
ഒഴിഞ്ഞ മനസുമായെന്നെ വിളിക്കുന്നു.

3. സ്വപ്നം

നാം നെയ്ത സ്വപ്നങ്ങളില്‍നിന്ന്
നീ മാത്രമിറങ്ങിപ്പോകുമ്പോള്‍
വികൃതമായിപ്പോകുന്നുണ്ട് -ജീവിതം.

4. കൊഴിഞ്ഞ ഇലകള്‍

ചില മരങ്ങളുണ്ട്
ഇല പൊഴിഞ്ഞിട്ടും
പെയ്തുകൊണ്ടേയിരിക്കും
മഴ മാഞ്ഞിട്ടും
മരം പെയ്യുന്ന
നനവൂറുന്ന സപ്നം.
ദ്രവിച്ചിട്ടും
ശിഥിലമായിട്ടും
വീണുപോകാത്ത കൂടുകളുണ്ട്.
വിണ്ടുകീറിയ സ്വപ്നം കൊണ്ട്
നാം നെയ്ത കൊട്ടാരം
തരിശുഭൂമി പോലെ.

5. നേര്

നിറഞ്ഞ നിലാവിലേക്കിറങ്ങി
നിന്നപ്പോഴായിരുന്നു
നാം ഇരുട്ടിനെയറിഞ്ഞത്
ഇരുട്ടിലേക്ക് നടന്നുകയറിയപ്പോള്‍
വെളിച്ചത്തെയും

6.കാറ്റ്

കാറ്റാല്‍ തന്നതൊക്കെയും
തിരയാല്‍ തിരിച്ചെടുക്കുന്ന
കടലുപോലെ
നീയുമെന്നെ തേച്ചു-മാച്ചുകളയുന്നു

7. ഭൂപടം

എത്ര മുറിവുകള്‍ വേണം
എന്‍െറ ഭൂപടത്തി-
ലെനിക്കുനിന്നെ
അടയാളപ്പെടുത്താന്‍

8. കാട്

കാടിനുളളിലേക്ക്
നോക്കുമ്പോഴൊക്കെയും
മനസ് കാടുകയറും
നീര്‍ച്ചാലുകളിലും
വള്ളിത്തലപ്പുകളിലും
അലഞ്ഞ്
ഓര്‍മകളുടെ കാടായി
കടപുഴകിവരും.

9. സ്വന്തം

ഇനി നമുക്കില്ല വഴികളെന്ന്
ഞാനൂന്നിപ്പറഞ്ഞിട്ടും
എന്‍െറ കണ്ണുകളും
നാസാരന്ധ്രങ്ങളും
പൊത്തിവെച്ച്
നീയെന്നെ
നിനക്കുമാത്രം
സ്വന്തമായ സ്വപ്നമാക്കുന്നു.

10. മഞ്ഞുകാലം

ഈ മരത്തിലെ
അവസാനത്തെ ഇലയും
കൊഴിച്ചെടുക്കാന്‍ വെമ്പുന്ന
മഞ്ഞുകാലമേ
എന്നെക്കൂടി കൊണ്ടുപോകൂ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT