നൂറുൽ ഗമാരി
പതിനാറുകാരി മകൾ ‘ആയ’ക്കൊപ്പമാണ് അമാനി ദ്വൈമ നൂറിന്റെ സലൂണിലെത്തിയത്. മുപ്പത്തൊമ്പതുകാരിയായ അമാനിക്ക് പുരികം ഷേപ്പ് ചെയ്തുകിട്ടുകയാണ് വേണ്ടതെങ്കിൽ ആയക്ക് വേണ്ടത് ഫേസ് മേക്കപ്പാണ്. ‘‘മരുമകളുടെ കല്യാണമാണ്. വധുവിനെ പയ്യന്റെ വീട്ടുകാർ അവരുടെ ടെന്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് മുന്നോടിയായി ചെറിയ കുടുംബ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്’’ -അമാനി പറയുന്നു.
നീല പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച, ഒറ്റ മേശയും പൊട്ടുവീണ കണ്ണാടിയും പാതിയൊടിഞ്ഞ ഉപകരണങ്ങളുമുള്ള ഈ സലൂൺ ഗസ്സ സിറ്റിയിലെ അൽ-ശുജായയിലാണ്. ‘നൂറിന്റെ സലൂൺ’ എന്ന് ഷീറ്റിനു പുറത്ത് എഴുതിവെച്ചിട്ടുണ്ട്. കേശാലങ്കാരത്തിലും മേക്കപ്പിലും ഇഷ്ടം കയറി നഴ്സിങ് കോളജ് വിട്ടിറങ്ങിയ നൂറുൽ ഗമാരിയുടേതാണിത്. വർഷം നീണ്ട വംശഹത്യക്ക് സാക്ഷ്യം വഹിച്ച ഗസ്സ സിറ്റിയിൽ തിരിച്ചെത്തി, തകർന്നടിഞ്ഞ തെരുവോരങ്ങളിലൊന്നിൽ മൂന്നാഴ്ച മുമ്പാണ് നൂറ തന്റെ സ്വപ്ന സലൂൺ കെട്ടിയുയർത്തിയത്.
‘‘തുറന്നതുമുതൽ ഒട്ടേറെ സ്ത്രീകൾ ഇവിടെ വരുന്നു. ദുരിതവും ദുരന്തവും വെയിലുമെല്ലാം അനുഭവിച്ച് ഉണങ്ങിവരണ്ട മുഖം മസാജ് ചെയ്യുമ്പോൾ എല്ലാവർക്കും പറയാനുള്ളത് ഉറ്റവർ നഷ്ടപ്പെട്ട കഥകൾ മാത്രമാണ്’’ -ആയയുടെ മുഖത്ത് തടവിക്കൊണ്ട് നൂർ പറയുന്നു. ഞങ്ങളുടെ സ്ത്രീകളുടെയെല്ലാം മുഖങ്ങളെല്ലാം പൊള്ളിക്കിടക്കുകയാണ്. ഒറ്റക്കൊന്ന് കണ്ണാടി നോക്കാൻ പോലും സ്വകാര്യതയില്ലാതെ ടെന്റുകളിലും സ്കൂളുകളിലും കഴിയുന്നവർക്ക് ആശ്വാസമാണിവിടത്തെ ഇരുത്തം.
യുവതിയെ മേക്കപ്പ് ചെയ്യുന്ന നൂറിൻ
മുപ്പതുകളിലെത്തിയ ഒരു സ്ത്രീ കഴിഞ്ഞ ദിവസം വന്നിരുന്നു. അവരുടെ ബാപ്പയും ഉമ്മയും മുഴുവൻ സഹോദരങ്ങളും ഇസ്രായേൽ ബോംബിങ്ങിൽ മരിച്ചുപോയി. ഞാനവർക്ക് മുഴുവൻ ട്രീറ്റ്മെന്റും ചെയ്തുകൊടുത്തു. ത്രെഡിങ്ങും പുരികം ഷേപ്പിങ്ങും മുടി ഡ്രെസ്സിങ്ങും പിന്നെ ഒരു സൗജന്യ ഫേസ് മസാജും. ഒടുവിൽ കണ്ണാടി നോക്കിയപ്പോൾ സന്തോഷത്തിന്റെ ഒരിറ്റു നനവ് അവരുടെ കണ്ണിൽ കണ്ടു. എന്റെ പരിശ്രമം കൊണ്ട് അൽപനേരത്തേക്ക് എല്ലാമൊന്ന് മറക്കാൻ അവർക്ക് കഴിഞ്ഞെങ്കിൽ ഞാൻ ഹാപ്പിയായി.’’ -നൂർ കൂട്ടിച്ചേർത്തു.
അതെ, ഫലസ്തീൻ മനുഷ്യരുടെ ചോര വീണ് ഭംഗിപോയ മുഖത്ത് നീതികേടിന്റെ പൗഡറിട്ട് നിൽക്കുന്ന ലോകത്തിനു നേരെയാണ് തന്റെ ബ്രഷുമായി നൂറ നിൽക്കുന്നത്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.