സമകാലീന കേരളീയ ചിത്രകലാരംഗത്ത് വിലപ്പെട്ട സംഭാവന നൽകിക്കൊണ്ടിരിക്കുന്ന പ്രതിഭയാണ് ശ്രീജ പള്ളം. തൊഴിലിടങ്ങളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രതിസന്ധികൾ എന്നിവയാണ് തന്റെ ചിത്രങ്ങളിലൂടെ അവർ കൂടുതലായി അവതരിപ്പിക്കുന്നത്. പുരുഷാധിപത്യ വ്യവസ്ഥയുടെ, മുതലാളിത്തത്തിന്റെ, ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ, പ്രതിസന്ധികൾ നേരിടുന്ന രചനകളാണ് ശ്രീജയുടെ വഴിയോര വിൽപനക്കാരി, കൂടെ തിന്നുന്ന സ്ത്രീ, വള്ളം ചുമക്കുന്ന സ്ത്രീ, കൃഷി തൊഴിലാളിയായ സ്ത്രീ, കെട്ടിട നിർമാണ തൊഴിലാളിയായ സ്ത്രീ, വീട്ടമ്മയായ സ്ത്രീ, ട്രാഫിക് നിയന്ത്രിക്കുന്ന സ്ത്രീ, വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ... ഇങ്ങനെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ‘രണ്ടാം തരക്കാരായി’ ആവശ്യമായ കൂലിയില്ലാതെ വേദനയനുഭവിക്കുന്ന, അധ്വാനിക്കുന്ന സ്ത്രീയുടെ ദൈന്യാവസ്ഥ ശ്രീജയുടെ ചിത്രങ്ങളിൽ നിറയുന്നു. ഒപ്പം പ്രാന്തവത്കരിക്കപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ ഉയിർത്തെഴുന്നേൽപ് ചിത്രകാരിയുടെ ചിത്രങ്ങളിൽ ഇടം കണ്ടെത്തുന്നുണ്ട്.
സ്ത്രീയും പ്രകൃതിയും അതിജീവനത്തിന്റെ സഹനങ്ങളിലാണ് എന്നിരിക്കെ ആ വിഷയങ്ങളിലൂടെ സഞ്ചരിക്കുകയും സംവദിക്കുകയും ചെയ്യുന്ന നിരവധി ചിത്ര പ്രദർശനങ്ങൾ വിവിധ ഗാലറികളിൽ ശ്രീജ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര തലം അനാവരണം ചെയ്യുന്ന നിരവധി ചിത്രങ്ങൾ ശ്രീജയിൽനിന്ന് പിറവിയെടുത്തു. നിലവിലുള്ള കുടുംബം, അധികാര ഘടന, വിഭവ ഉടമസ്ഥത തുടങ്ങിയ ഘടകങ്ങൾ ദാരിദ്ര്യത്തിന്റെ തീക്ഷ്ണത വർധിപ്പിച്ച് സ്ത്രീകളെ ദുരിതത്തിലാക്കുമ്പോൾ അതിനെതിരെ കലകൊണ്ട് പോരാടുകയാണിവർ. ലിംഗസമത്വവും ലിംഗനീതിയും പൊരുതി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ചിത്രങ്ങളിലൂടെ ശ്രീജ പറഞ്ഞുവെക്കുന്നു.
സ്ത്രീ എന്താണെന്നും അവൾ എവിടെയാണെന്നുമുള്ള അന്വേഷണ യാത്രകൾ അവളുടെ തൊഴിലിടങ്ങളിലേക്ക് നയിക്കുന്നു. അതിജീവനത്തിന്റെയും സഹനങ്ങളുടെയും വെല്ലുവിളികൾ ചിത്രകാരി തന്റെ വരകളിൽ അനാവരണം ചെയ്യുകയാണ്. ഈ വിജയത്തിൽ നൂറിലധികം വ്യത്യസ്ത തൊഴിലുകൾ ചെയ്യുന്ന സ്ത്രീകളെ വിഷയമാക്കി അവർ ചിത്രങ്ങൾ വരച്ചു. വിവാഹം സ്ത്രീ ജീവിതത്തിന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കെ വൈവാഹിക കമ്പോളത്തിൽ വെറുമൊരു ഉൽപന്നമായി നിറത്തിന്റെ, സൗന്ദര്യത്തിന്റെ, സമ്പത്തിന്റെ, വിദ്യാഭ്യാസത്തിന്റെ, തൊഴിലിന്റെ, സ്ത്രീധനത്തിന്റെ ഉൾപ്പെടെ ബാഹ്യ മോടികളിൽ വിലപേശപ്പെടുന്ന ഉൽപന്നമായി സ്ത്രീ മാറുന്നുവെന്ന് ശ്രീജയുടെ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. ഒരു പ്രൊലിയേറിയൻ ഫെമിനിസ്റ്റ് ചിത്രകാരിയാണ് ശ്രീജ പള്ളം. യഥാർഥത്തിൽ ഒരു സ്ത്രീപക്ഷ ചിത്രകാരി മാത്രമല്ല, മനുഷ്യ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ, യുദ്ധം, ദാരിദ്ര്യം, പട്ടിണി, നിരക്ഷരത, വർഗീയ കലാപങ്ങൾ, നവലിബറൽ നയങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം ഇവരുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.
ഫലസ്തീനിൽ, ഗസ്സയിൽ മുറിവേൽപിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ, അമ്മമാരുടെ, വയോജനങ്ങളുടെ നിലവിളികൾ ഈ ചിത്രകാരിയുടെ വരകളിൽ പ്രതിരോധം തീർക്കുന്നു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ തലങ്ങൾകൂടി ശ്രീജയുടെ വരയിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അക്രിലിക്കിൽ ചിത്രകാരി സംവാദവിധേയമാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിലെ നീതികേടുകൾ കൂടിയാണ്. അതോടൊപ്പം സ്ത്രൈണസത്തയുടെ അനന്ത പ്രകാശനവും പാരിസ്ഥിതിക വിനാശത്തിന്റെ അപകടകരമായ അവസ്ഥാന്തരങ്ങളും ഈ ചിത്രങ്ങൾ അടയാളപ്പെടുത്തുന്നു.
പെണ്ണും മണ്ണും അനുഭവിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും ശ്രീജക്ക് വെറുമൊരു നിറക്കൂട്ടല്ല, ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കാൻവാസിലേക്ക് പകർത്തുമ്പോൾ അവളുടെ സ്വത്വംകൂടി വെളിപ്പെടുത്തുകയാണ് ശ്രീജ. അതോടൊപ്പം പ്രകൃതിയും പ്രണയവും എല്ലാം ദൃശ്യജാഗ്രതയോടെ വർണപ്രപഞ്ചം സൃഷ്ടിക്കുന്നു. അക്രിലിക്കിലും വാട്ടർ കളറിലും ചാർക്കോളിലും വരക്കുന്ന ചിത്രകാരി വർണങ്ങളുടെ കേവല ദൃശ്യം മാത്രമല്ല, അവയുടെ പ്രത്യയശാസ്ത്ര തലംകൂടി ആവിഷ്കരിക്കുകയാണ്.
കത്തുന്ന കവിത പോലെയാണ് ശ്രീജയുടെ ജീവിതഗന്ധിയായ ചിത്രങ്ങൾ. ആത്മബോധം ഉയർത്തിക്കൊണ്ടുവരുന്ന പ്രതിരോധത്തിന്റെ സമരഭാവമായി, പോരാട്ടവീറിന്റെ പര്യായമായി ശ്രീജയുടെ ചിത്രങ്ങളിലെ സ്ത്രീ സ്വത്വം ജ്വലിച്ചുനിൽക്കുന്നു. ‘ദ ബ്രൈഡ്’ എന്ന ചിത്രം വിവാഹ കമ്പോളത്തിൽ വിൽപന വസ്തുവാകുന്ന സ്ത്രീയുടെ ദുരന്തം അവതരിപ്പിക്കുന്നു.
ചിത്രകലയെ ജീവിതമാക്കിയ ശ്രീജ ഒറ്റപ്പാലം സ്വദേശിയും അധ്യാപികയുമാണ്. ചിത്രകലയിൽ ബിരുദം നേടിയ ശ്രീജ കൊച്ചി ദർബാർ ഹാൾ, ശ്രീചിത്ര ആർട്ട് ഗാലറി, തൃശൂർ ലളിതകല അക്കാദമി ഗാലറി, തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം എന്നിവിടങ്ങളിലും കേരളത്തിനുപുറത്ത് ദക്ഷിണവാരിജ ഗാലറിയിലുമായി 18 ഏകാംഗ പ്രദർശനങ്ങളും, ലുധിയാന, നാസിക്, ന്യൂഡൽഹി, ചിത്രകലാ പരിഷത് ഗാലറി ബംഗളൂരു എന്നിവിടങ്ങളിലായി 78 ഗ്രൂപ് പ്രദർശനങ്ങളിലും മൂന്ന് ദേശീയ ക്യാമ്പുകളിലും 29 സംസ്ഥാന ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. അഞ്ച് വർഷം കേരള ലളിതാ അക്കാദമി നിർവാഹകസമിതി അംഗമായി പ്രവർത്തിച്ചു. 2022ലെ കേരള ലളിതഗാന അക്കാദമിയുടെ പെയിന്റിങ്ങിനുള്ള സംസ്ഥാന അവാർഡ്, 2023ലെ വര പത്മിനി പുരസ്കാരം, 2025ലെ ടി.കെ. പത്മിനി അനുസ്‌മരണ പുരസ്‌കാരം ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ ശ്രീജയെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.