ഒറ്റപ്പാലം 19ാം മൈൽ ജൂബിലി റോഡിലെ ചെണ്ടുമല്ലി പാടവും സംരംഭകരായ വനിതകളും
ഒറ്റപ്പാലം: തരിശായി കിടന്ന വയലിൽ പെണ്ണൊരുമയുടെ കരുത്തിൽ വിരിഞ്ഞത് ചെണ്ടുമല്ലിയുടെ നിറവസന്തം. നാല് വനിതകളുടെ കൂട്ടായ അധ്വാന വിജയത്തിന്റെ വിളനിലമാവുകയാണ് മീറ്റ്ന പാടശേഖരത്തിന് കീഴിലെ 19ാം മൈൽ ജൂബിലി റോഡിലെ രണ്ടേക്കർ കൃഷിയിടം. ഓണവിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നാടിന്റെ ഉത്സവമാക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. ഇത്തവണ നാട്ടുകാർക്ക് ഓണത്തിന് നാട്ടിൽ വിരിഞ്ഞ പൂക്കൾ കൊണ്ടുള്ള പൂക്കളം തീർക്കാനാകും.
പോസ്റ്റൽ ക്വാർട്ടേഴ്സ് വാർഡിലെ ഗ്രാമസഭയിൽ കൗൺസിലർ സായി കിരൺ മുന്നോട്ടുവെച്ച ആശയം കുടുംബശ്രീ അംഗങ്ങളായ എം. ഷെരീഫ, ഒ.ബി. പ്രസീത, പി. സരിത, കെ. സ്മിത എന്നിവർ ഏറ്റെടുക്കുകയായിരുന്നു. പാട്ടമില്ലാതെ പാടശേഖരം ഉടമ വിട്ടുനൽകിയതോടെ മുന്നിലുണ്ടായിരുന്ന വലിയ പ്രതിസന്ധിയും ഒഴിഞ്ഞു. കുടുംബശ്രീയുടെ വായ്പ ഉപയോഗിച്ചായിരുന്നു കൃഷിപ്പണികൾ. 10,000 ചെണ്ടുമല്ലി തൈകൾ ഒറ്റപ്പാലം കൃഷിഭവൻ എത്തിച്ചുനൽകി.
കാലങ്ങളായി തരിശായി കിടന്ന നിലം ഒരുക്കിയെടുക്കാൻ ഏറെ പണം ചെലവിടേണ്ടി വന്നെങ്കിലും ഓണവിപണി കൊണ്ട് ഈ പണം കണ്ടെത്താൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും കച്ചവടക്കാർക്ക് വിൽക്കുന്നതോടൊപ്പം പൂക്കളുടെ നേരിട്ടുള്ള വിൽപനക്കായി സ്റ്റാൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിട്ടുണ്ടെന്നും സായി കിരൺ പറഞ്ഞു.
ചെണ്ടുമല്ലികളോടൊപ്പം വാടാമല്ലി ചെടികളും നട്ടിരുന്നതാണ്. എന്നാൽ, മഴയിൽ അവ അഴുകി നശിച്ചു. മൂന്ന് വർഷത്തേക്കാണ് പാടം കൃഷിക്കായി വിട്ടുകൊടുത്തിരിക്കുന്നത്. പൂക്കളുടെ സീസൺ കഴിയുന്ന മുറക്ക് പച്ചക്കറി കൃഷിയും ആലോചനയിലുണ്ട്. അത്തം പിറക്കും മുമ്പ് തന്നെ പൂക്കൾ വാങ്ങാനും ഫോട്ടോഷൂട്ടിനുമായി ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ പൂക്കൾ നാട്ടിൽനിന്നു് ലഭിക്കുമെന്ന സ്ഥിതിയുണ്ടായാൽ വിൽപന എളുപ്പമാണെന്നാണ് ഇവരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.