വിജി
ചെറുതോണി: ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പൈനാവ് താന്നിക്കണ്ടം സ്വദേശിനി വിജി ഇതുവരെ രക്തം ദാനം ചെയ്തത് 37 പേർക്ക്. രക്തദാന ദിനത്തോടനുബന്ധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ സർക്കാർ വിജിയെ ആദരിച്ചു. സംസ്ഥാനത്ത് ഇതൊരു സർവകാല റെക്കോഡാണ്. മറ്റുള്ളവർക്ക് രക്തം നൽകുന്നതിലൂടെ സായുജ്യം കണ്ടെത്തുന്ന വിജി ഒരിക്കൽപോലും തന്റെ രക്തം സ്വീകരിച്ചവരെ കണ്ടിട്ടില്ല. 11 വർഷമായി ഇവർ രക്തം ദാനം ചെയ്യുന്നു. 11 വർഷം മുമ്പ് ഓട്ടോറിക്ഷയിൽ കയറിയ റഫീഖ് എന്ന യുവാവാണ് വിജിയെ രക്തദാനത്തിന്റെ വഴികളിലേക്ക് എത്തിച്ചത്. അനാഥാലയത്തിൽ ഭക്ഷണ വിതരണത്തിന് പോകാനാണ് അന്ന് ചെറുതോണി സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ചത്.
അവിടെ രക്തദാനക്യാമ്പും നടന്നിരുന്നു. അന്നവിടെ ആദ്യമായി വിജി രക്തം ദാനം ചെയ്താണ് മടങ്ങിയത്. ചെറുതോണി ടൗണിലെ ഇമ്മാനുവൽ ഓട്ടോ ആരെങ്കിലും അന്വേഷിച്ചു വന്നാൽ മറ്റുള്ളവർക്കറിയാം. ആർക്കോ രക്തം ആവശ്യമുണ്ട്. ഇമ്മാനുവേൽ എന്ന് തന്റെ ഓട്ടോക്കു പേരിടാൻ കാരണവും വിജി പറയുന്നതിങ്ങനെയാണ്..‘ ഇമ്മാനുവേൽ എന്നാൽ ദൈവം നമ്മോടു കൂടെ എന്നാണ്. ദൈവം എപ്പോഴും കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’.
വർഷങ്ങൾക്കു മുമ്പ് ഇടുക്കി ഡാം നിർമാണ കാലത്ത് റോഡ് പണിക്കുവന്ന പീറ്ററിന്റെയും മേരിയുടെയും നാലുമക്കളിൽ ഇളയവളാണ് വിജി. നാലുമക്കളും ഡ്രൈവർമാരാണന്ന പ്രത്യേകതയും ഈ കുടുംബത്തിനുണ്ട്. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നിറഞ്ഞ ബാല്യകാലത്ത് പത്താം ക്ലാസ് പാസായി ജീവിക്കാൻ വേണ്ടി സ്വയം തെരഞ്ഞെടുത്തതാണ് ഓട്ടോഡ്രൈവർ ജോലി. രണ്ട് ആൺമക്കളാണിവർക്ക്. മൂത്ത മകൻ ആൽബിൻ എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടാമൻ അബിൻ പ്ലസ് ടു കഴിഞ്ഞു. 2014ൽ ആദ്യമായി രക്തം നൽകുമ്പോൾ ഭയമായിരുന്നെങ്കിൽ ഇപ്പോൾ സന്തോഷവും ആത്മ സംതൃപ്തിയുമാണെന്നീ വീട്ടമ്മ പറയുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ വനിതാ ദിനത്തിലാണ് രക്തം ദാനം നൽകിയത്. രക്തമെല്ലാം നൽകിയത് ഇടുക്കി മെഡിക്കൽ കോളജിലാണ്. ഇതിനിടെ രാഷ്ടീയത്തിലും ഒരു കൈപയറ്റി. കഴിയുന്നിടത്തോളം പേർക്ക് ഇനിയും രക്തംദാനം ചെയ്യണമെന്നാണ് 49കാരിയായ വിജിയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.