മാതൃഭാവം... മിഥുനോട്ടം

ഈ ലോകത്തിെൻറ ഗതിവിഗതികളെ കുറിച്ചൊന്നുമറിയാതെ, ഒരു അല്ലലും അലട്ടലുമില്ലാതെ ഉറങ്ങിക്കിടക്കുന്ന ഒരു കുരുന്നിെൻറ മുഖത്ത് വിരിയുന്ന പുഞ്ചിരിയോളം നിഷ്കളങ്കവും നിർമലവുമായ എന്തു കാഴ്ചയുണ്ട്?. ആ കാഴ്ചയിലേക്ക്, ആ ചിരിക്കൊപ്പം വിരിയുന്ന കുഞ്ഞുകുഞ്ഞ് ഭാവങ്ങളിലേക്ക് കണ്ണും കാമറയും തുറന്നുവെച്ചിരിക്കുകയാണ് ഇവിടെയൊരാൾ... പേര് മിഥു ശ്രീനിവാസ്, ജോലി- ന്യൂ ബോൺ ആൻഡ് മെറ്റേണിറ്റി ഫോട്ടോഗ്രഫി.

വിദേശരാജ്യങ്ങളിലും മെട്രോ നഗരങ്ങളിലും ഏറെ പരിചിതമായ, എന്നാൽ നമുക്കിടയിൽ അത്ര വേരുറപ്പിച്ചിട്ടില്ലാത്ത അമ്മമാരാവാൻ പോകുന്നവരുടെയും നവജാത ശിശുക്കളുടെയും ചിത്രമെടുപ്പുമായി കഴിഞ്ഞ അഞ്ചുവർഷമായി മിഥു നമുക്കിടയിലുണ്ട്. വിവാഹങ്ങളും ഇവൻറുകളും കാമറയിലൊപ്പി നടക്കുന്നതിനിടക്ക് മിഥുവിന്റെ ഉടൽ ഉയിരേകിയ മകൻ കിയാനാണ് അമ്മയെ ഫോട്ടോഗ്രഫിയിൽനിന്ന് വഴിമാറ്റി നടത്തിയത്. അവന്റെ ജനനത്തിന് ദിവസങ്ങൾക്കു മുമ്പേ മാത്രം മാറ്റിവെച്ച കാമറ കുഞ്ഞുപിറന്ന് ദിവസങ്ങൾക്കകം വീണ്ടും കിയാൻ ജനിച്ച് ദിവസങ്ങളാവും മുമ്പേ ജോലിക്കൊന്നും പോകാനാവാതെ വീട്ടുമുറ്റത്തെ ചെടികളെയും പൂമ്പാറ്റകളെയുമെല്ലാം പകർത്തിനടക്കുമ്പോഴാണ് പെട്ടെന്ന് കാമറ ആംഗിൾ മകനുനേരെ തിരിഞ്ഞത്.


അവന് ഒരാഴ്ച പ്രായമായപ്പോൾ മുതൽ തലങ്ങും വിലങ്ങും ചിത്രങ്ങളെടുത്തു, കിടക്കുന്നത്, ഉറങ്ങുന്നത്, കരയുന്നത്, ചിരിക്കുന്നത് അങ്ങനെയങ്ങനെ അവന്റെ ജീവിതത്തിലെ ഓരോ ദിനവും മിഥുവിന്റെ കാമറയിലെയും ഹൃദയത്തിലെയും ഫ്രെയിമുകളായി മാറി. അങ്ങനെ കിയാനൊപ്പം വളരുകയായിരുന്നു മിഥുവെന്ന അമ്മയും മിഥുവെന്ന ഫോട്ടോഗ്രാഫറും. ആ നിമിഷത്തിലെപ്പോഴോ തനിക്കെന്തുകൊണ്ടൊരു 'കുട്ടിഫോട്ടോഗ്രാഫർ' ആയിക്കൂടാ എന്ന ചിന്തയുണ്ടായി. മകന്റെ ക്യൂട്ട് ഭാവങ്ങളുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തതോടെ പിന്തുണയും കൂടി.


'കിയാൻ' എന്ന മോഡൽ

വൈകാതെ കൂട്ടുകാരുടെ കുഞ്ഞുമക്കളും അവളുടെ ഫ്രെയിമുകളിൽ നിറഞ്ഞു. മിഥു പതിയെ ന്യൂബോൺ ഫോട്ടോഗ്രഫിയിൽ ചുവടുറപ്പിച്ചു. കൂടെ മെറ്റേണിറ്റി ഫോട്ടോഗ്രഫിയും. വനിത ഫോട്ടോഗ്രാഫർമാർ അപൂർവമായി മാത്രമുള്ള ഈ രംഗത്ത് അത്ര സുഖമമായിരുന്നില്ല മിഥുവിെൻറ മുന്നോട്ടുള്ള യാത്ര. വഴികാട്ടാനോ ഉപദേശനിർദേശങ്ങൾ നൽകാനോ ആരുമില്ല. ഓൺലൈനിലും മറ്റുമായി വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങൾ നടത്തുന്ന ശിൽപശാല, പരിശീലന പരിപാടി എന്നിവയിൽ പങ്കെടുത്ത് കൂടുതൽ പ്രാഗത്ഭ്യം നേടി.

മിഥുവും കിയാനും

ആസ്ട്രേലിയയിലെ അക്കാദമി ഓഫ് ന്യൂ ബോൺ സേഫ്റ്റി ആൻഡ് ഫോട്ടോഗ്രഫിയിൽനിന്ന് ഓൺലൈൻ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റും സ്വന്തമാക്കി. മിഥു ശ്രീനിവാസ് ഫോട്ടോഗ്രഫി എന്ന പേരിൽ കൊച്ചി കാക്കനാട്ട് സ്വന്തമായി സ്റ്റുഡിയോയും നടത്തുന്നുണ്ട് മിഥു. ഭർത്താവ് ജിനോ സാം ആർകിടെക്ചർ, ഇവൻറ് ഫോട്ടോഗ്രാഫറാണ്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പി.ജി ജേണലിസവും നെറ്റ് യോഗ്യതയും നേടി കുറച്ചുകാലം അധ്യാപനവും മറ്റുമായി നടക്കുന്നതിനിടെയാണ് പെൺകുട്ടികൾ അധികമൊന്നും ഇറങ്ങാത്ത ഫോട്ടോഗ്രഫി കരിയറിലേക്ക് തിരിയുന്നത്. വെഡിങ് ഫോട്ടോഗ്രഫിയിലൂടെയായിരുന്നു തുടക്കം.




അത്രമേൽ നൈസർഗികം

തുടക്കത്തിൽ കുരുന്നുചിത്രങ്ങളെടുക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. ജനിച്ച് ആദ്യ രണ്ടാഴ്ചക്കുള്ളിലാണ് ന്യൂ ബോൺ ഫോട്ടോഗ്രഫി ചെയ്യുന്നത്. കുഞ്ഞുങ്ങൾ ഉറങ്ങുന്ന സമയത്തോ ശാന്തമായി കിടക്കുന്ന സമയത്തോ ഒക്കെയേ ഫോട്ടോയെടുക്കാൻ പറ്റൂ. അതിനായി ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും...‍അ സംഖ്യം ക്ലിക്കുകൾക്കു ശേഷം മാജിക്കലായ ഒരു നിമിഷാർധത്തിലായിരിക്കും ആ പൈതലിെൻറ പാൽപുഞ്ചിരി ഫ്രെയിമിൽ തെളിയുക.


ഒരു കുഞ്ഞിെൻറ അമ്മയെന്ന ഇഷ്ടവും അടുപ്പവും ഫോട്ടോയെടുക്കാൻ ചെല്ലുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്കും മിഥുവിനോട് തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ധൈര്യമായി പിഞ്ചുകുഞ്ഞുങ്ങളെ കൈയിലേൽപ്പിക്കുകയും ചെയ്യും. കരിയറിെൻറ ആദ്യകാലത്തുണ്ടായിരുന്ന പ്രയാസങ്ങളെ പരിചയ സമ്പത്തുകൊണ്ട് പതിയെ ഇല്ലാതാക്കി. മകന്റെ പ്രായമാണ് മിഥുവിന്റെ ന്യൂബോൺ, മെറ്റേണിറ്റി ഫോട്ടോഗ്രാഫർ എന്ന കരിയറിനും. അഞ്ചു വർഷത്തിനിടെ മുന്നൂറിലേറെ കുഞ്ഞുമുഖങ്ങൾ അവളുടെ കാമറക്കണ്ണുകൾ കണ്ടറിഞ്ഞു.

മി​ഥു ശ്രീ​നി​വാ​സ്

മിഥു എന്ന 'നെക്സ്റ്റ് ജെൻ'

''കൊച്ചുകുട്ടികളുടെ ചിത്രം എല്ലാ കാലത്തേക്കും നമ്മൾ നിധിപോലെ സൂക്ഷിക്കാറുണ്ട്. നമ്മുടെയൊക്കെ കുഞ്ഞുനാളിലെ ഫോട്ടോ തപ്പിയാൽ ചിലപ്പോ കിട്ടിക്കൊള്ളണം എന്നില്ല, ഉണ്ടെങ്കിൽ തന്നെ നിറംമങ്ങിയതും മറ്റുമായിരിക്കും, എന്നാലും നമ്മളതിന് കൊടുക്കുന്ന മൂല്യം വലുതാണ്. അതുപോലെ സാങ്കേതികവിദ്യയും മറ്റും ഏറെ മുന്നേറിയ ഇക്കാലത്ത് കുഞ്ഞുങ്ങളുടെ ചിത്രമെടുക്കാനും അവ തലമുറകൾതോറും സൂക്ഷിക്കാനും ഏറെയെളുപ്പമാണ്'' -മിഥുവിന്റെ വാക്കുകൾ.




ന്യൂ ബോൺ ‍ഫോട്ടോഗ്രഫിയിലുപയോഗിക്കുന്ന കോസ്റ്റ്യൂം, തീം, പ്രോപർട്ടീസ്, ലൊക്കേഷൻ തുടങ്ങിയവയെല്ലാം കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച ചെയ്ത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി കണ്ടറിഞ്ഞാണ് തിരഞ്ഞെടുക്കാറ്. തുടക്കത്തിൽ പലർക്കും കുഞ്ഞുങ്ങളുടെ ചിത്രമെടുക്കാൻതന്നെ പാടില്ല, ജനിച്ച് കുറച്ചുകാലമൊക്കെ കഴിഞ്ഞേ ഫോട്ടോയെടുക്കാവൂ എന്ന തരത്തിലുള്ള ചിന്താഗതിയായിരുന്നു. ഇന്ന് ഏറക്കുറെ ഇതു മാറിയിട്ടുണ്ടെന്നും ഈ ഫോട്ടോഗ്രാഫറുടെ സാക്ഷ്യം. കേരളത്തിലെവിടെയും കുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും ചിത്രമെടുക്കാൻ മിഥു എത്തും. ഇനിയുമിനിയുമേറെ കുഞ്ഞു മന്ദഹാസങ്ങൾ പകർത്തി, ഒപ്പം കിയാന് നല്ലൊരമ്മയായി മുന്നോട്ടുപോവണമെന്നാണ് ഈ ഫോട്ടോഗ്രാഫറുടെ ആഗ്രഹം.

കൂടുതൽ ചിത്രങ്ങൾ കാണാം











Tags:    
News Summary - Story of new born baby photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT