സമാഹ് ബിന്ദ് സഊദ് അൽ ദോസരിയെ നജ്റാൻ അമീർ ജലാവി ബിൻ അബ്ദുൽ അസീസ് ആദരിച്ചപ്പോൾ
നജ്റാൻ: നഗരത്തിലെ ഒരു വസതിയിലുണ്ടായ തീപിടിത്തത്തിൽനിന്ന് ഒരു കുടുംബത്തെ ധീരമായി രക്ഷപ്പെടുത്തിയ സമാഹ് ബിന്ദ് സഊദ് അൽ ദോസരിയെ നജ്റാൻ അമീർ ജലാവി ബിൻ അബ്ദുൽ അസീസ് ഔദ്യോഗികമായി ആദരിച്ചു. ചൊവ്വാഴ്ച അമീറിെൻറ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സമാഹിെൻറ അസാമാന്യ ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു.
നജ്റാനിലെ ഒരു വീട്ടിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായപ്പോൾ പുക നിറഞ്ഞ മുറികൾക്കുള്ളിൽനിന്ന് പുറത്തുകടക്കാനാവാതെ കുടുംബാംഗങ്ങൾ അപകടത്തിലാവുകയായിരുന്നു. ഇതുകണ്ട സമീപവാസിയായ സമാഹ്, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി വീട്ടിലേക്ക് ഓടിക്കയറി ഓരോരുത്തരെയായി സുരക്ഷിതമായി പുറത്തെത്തിച്ചു. തീ അതിവേഗം പടരുന്ന സാഹചര്യമായിരുന്നിട്ടും ഒട്ടും ഭയപ്പെടാതെ സമാഹ് നടത്തിയ വേഗത്തിലുള്ള ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ നിർണായക രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചു. പൗരന്മാരുടെ ഇത്തരം ധീരവും മാനുഷികവുമായ പ്രവർത്തനങ്ങളിൽ രാജ്യം അഭിമാനിക്കുന്നതായി അമീർ ജലാവി വ്യക്തമാക്കി.
ഇത്തരം സൽപ്രവൃത്തികൾ സമൂഹത്തിലെ ഐക്യവും കരുണയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഇസ്ലാമിെൻറ യഥാർഥ മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് സമാഹിെൻറ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഉത്തരവാദിത്തബോധത്തിെൻറയും മറ്റുള്ളവർക്കായി പ്രവർത്തിക്കാനുള്ള മനോഭാവത്തിെൻറയും ഉദാഹരണമാണ് സമാഹെന്നും അദ്ദേഹം പറഞ്ഞു.
നജ്റാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഒതൈബി, സമാഹിെൻറ പിതാവ് എന്നിവരും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. സമാഹിെൻറ ധീരതയെ സിവിൽ ഡിഫൻസ് അധികൃതർ പ്രത്യേകം അഭിനന്ദിച്ചു. അപകടസമയങ്ങളിൽ സാധാരണ പൗരന്മാർക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച സമാഹിെൻറ പ്രവർത്തനം സോഷ്യൽ മീഡിയയിലും പ്രാദേശിക സമൂഹത്തിലും വലിയ പ്രശംസയാണ് നേടുന്നത്. മനുഷ്യ സേവനത്തിനും ധൈര്യത്തിനും മികച്ച മാതൃകയായാണ് സമാഹിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.