മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ എം.പി. സമീറ സേവന മികവിൽ പുതിയ ചരിത്രവും കുറിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ഈ അഗീകാരം നേടുന്ന ജില്ലയിലെ ആദ്യ വനിതയാണ് ഇപ്പോൾ നിലമ്പൂർ ഗവ. കോളജിൽ അറബിക് അസി. പ്രഫസറായ ഇവർ. കൊണ്ടോട്ടി ഗവ. കോളജിൽ ജോലിചെയ്യവെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്കാരവും സമീറക്ക് കീഴിൽ കൊണ്ടോട്ടി ഗവ. കോളജ് നേടി.
അഭയം പദ്ധതിപ്രകാരം നിർധനരായ എട്ട് കുടുംബങ്ങൾക്ക് വീടുവെച്ചു നൽകാനും കൃഷിവകുപ്പുമായി സഹകരിച്ച് 16 ഏക്കർ തരിശ് ഭൂമിയിൽ കൃഷി ചെയ്യുവാനും യൂനിറ്റിന് സാധിച്ചു.
പതിനഞ്ചോളം ജലസ്രോതസ്സുകൾ വീണ്ടെടുക്കുകയും പാവപ്പെട്ട കുടുംബങ്ങൾക്ക് കിണർ കുഴിച്ചുനൽകുകയും എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി പദ്ധതിയിൽ കാമ്പസുകളെ ലഹരിമുക്തമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെട്ട കവളപ്പാറയിലും നമ്പൂരിപ്പൊട്ടിയിലും വീട് പുനരുദ്ധാരണം അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
2016-17, 18-19 വർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാല മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പുരസ്കാരം നേടിയിരുന്നു സമീറ.
സർവകലാശാലക്ക് കീഴിൽ ജില്ലയിലെ എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ കോഓഡിനേറ്റർ ചുമതല വഹിക്കുന്നു. പൂക്കോട്ടുംപാടം സ്വദേശി അസിസ്റ്റൻറ് സറ്റേറ്റ് ടാക്സ് ഓഫിസർ ബഷീർ അലിയുടെ ഭാര്യയും എടവണ്ണയിലെ റിട്ട. എൽ.ഐ.സി ഓഫിസർ അബ്ദുൽ ഹമീദ്-ഖൈറുന്നിസ ദമ്പതികളുടെ മകളുമാണ്. മക്കൾ: മിഷാൽ ബഷീർ, ഫാത്തിമ ഗസൽ, അമൽ ബേട്ടി (വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.