ചരിത്രമാവാൻ ഖത്തർ; ലോകകപ്പ്​ മത്സരം നിയന്ത്രിക്കാൻ മൂന്ന്​ വനിതകളും

ദോഹ: ഫിഫ ലോകകപ്പ്​ ഫുട്​ബാളിന്‍റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ല്​ കൂടി കുറിക്കാനൊരുങ്ങി ഖത്തർ ലോകകപ്പ്​. ഇതിഹാസ താരങ്ങളെ ഒരു വിസിൽ മു​ഴക്കത്തിൽ അടക്കി നിർത്തുന്ന ലോകകപ്പിന്‍റെ റഫറിമാരുടെ പാനലിൽ ഇടംപിടിച്ച്​ മൂന്ന്​ വനിതകളും.

നവംബർ 21ന്​ തുടങ്ങി ഡിസംബർ 18ന്​ സമാപിക്കുന്ന ലോകകപ്പിനായി മൂന്ന്​ വനിതകൾ ഉൾപ്പെടെ 36 റഫറിമാരുടെ പട്ടിക ഫിഫ ​വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഫ്രാൻസിന്‍റെ സ്​റ്റെഫാനി ഫ്രാപ്പാർട്​, റുവാണ്ടയുടെ സലിമ മുകൻസാങ്ക, ജപ്പാന്‍റെ യോഷിമി യമാഷിത എന്നിവരാണ്​ ചരിത്രം കുറിക്കാൻ നിയോഗിക്കപ്പെട്ടവർ. ഇവർക്ക്​ പുറമെ അസിസ്റ്റന്‍റ്​ റഫറിമാരുടെ പട്ടികയിലും മൂന്ന്​ വനിതകളുണ്ട്​.

ലോകകപ്പിന്‍റെ 36 റഫറിമാർ, 69 അസി. റഫറിമാർ, 24 വീഡിയോ മാച്ച്​ ഒഫീഷ്യൽസ്​ എന്നിവരുടെ പട്ടികയാണ്​ ഫിഫ പ്രസിദ്ധീകരിച്ചത്​. വർഷങ്ങളായി തുടർന്ന നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ്​ ലോകകപ്പിന്‍റെ റഫറിമാരുടെ അന്തിമ പട്ടിക തയാറാക്കിയതെന്ന്​ ഫിഫ റഫറീസ്​ കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന പറഞ്ഞു.

1930 മുതലുള്ള ലോകകപ്പ്​ ചരിത്രത്തിൽ ആദ്യമായാണ്​ വനിതകൾ മത്സരം നിയന്ത്രിക്കാൻ പരിഗണിക്കപ്പെടുന്നത്​. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ മത്സരവും യൂറോപ്യൻ ക്വാളിഫിയർ പോരാട്ടങ്ങളും നിയന്ത്രിച്ച്​ ശ്രദ്ധനേടിയ റഫറിയാണ്​ ഫ്രാൻസിൽ നിന്നുള്ള സ്​റ്റെഫാനി ഫ്രപ്പാർട്ട്​. ഫ്രഞ്ച്​ ലീഗ്​ വൺ മത്സരങ്ങളിലും ഇവർ പതിവ്​ സാന്നിധ്യമാണ്​.

കഴിഞ്ഞ ആഫ്രിക്കൻ നാഷൻസ്​ കപ്പിൽ മത്സരം നിയന്ത്രിച്ചാണ്​ റുവാണ്ടക്കാരിയായ സലിമ മുകൻസാംഗ ലോകശ്രദ്ധ നേടിയത്​. എ.എഫ്​.സി ചാമ്പ്യൻസ്​ ലീഗ്​ മത്സരങ്ങൾ നിയന്ത്രിച്ചു കൊണ്ട്​ ജപ്പാനിൽ നിന്നുള്ള യോഷിമി യമാഷിതയും ഫുട്​ബാൾ ലോകത്ത്​ മുൻനിരയിൽ ഇടം പിടിച്ചു.

ബ്രസീലിന്‍റെ ​​നെവുസ ബാക്​, അമേരിക്കയുടെ കാതറിൻ നെസ്​ബിറ്റ്​, മെക്സികോയുടെ കാരൻ ഡയാസ്​ മെദിന എന്നിവരാണ്​ അസിസ്റ്റന്‍റ്​ റഫറിമാരുടെ പട്ടികയിലെ വനിതകൾ.

Tags:    
News Summary - Qatar to become history; All three women to officiate the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT