കേരളീയസമാജത്തിൽ വെച്ച് എഴുത്തുകാരി കെ.ആർ. മീരക്ക് ‘ആരാച്ചർ’ നോവലിനെ ആസ്പദമാക്കി വരച്ച പെയിന്റിങ് കൈമാറുന്നു (ഫയൽ ചിത്രം)
മനാമ: സംഗീതോപകരണങ്ങൾക്കൊപ്പമുള്ള ബാല്യത്തിൽനിന്ന് വർണങ്ങളുടേയും അക്ഷരങ്ങളുടെയും ലോകത്തേക്ക് അഭിരുചി കണ്ടെത്തിയ ചിത്രകാരിയാണ് നിഷിദ ഫാരിസ്. ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഇതിനകം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞ ഈ ചിത്രകാരി പ്രവാസികൾക്ക് അഭിമാനമായി മാറുകയാണ്. എഴുപതുകളിലും എൺപതുകളിലും ഗൾഫിലെ മാപ്പിളപ്പാട്ട് വേദികളിൽ നിറഞ്ഞുനിന്ന അനുഗൃഹീത ഗായികയായ ലൈല റസാഖിന്റെയും ഓർക്കസ്ട്രയുടെ ചുക്കാൻപിടിച്ചിരുന്ന റസാക്കിന്റെയും മകളാണ് നിഷിദ.
ചെറുപ്പത്തിൽതന്നെ സംഗീതത്തേക്കാൾ വരകളോടും എഴുത്തിനോടുമായിരുന്നു താൽപര്യം. വിവാഹശേഷമാണ് ബഹ്റൈനിൽ എത്തിയത്. കുടുംബജീവിതത്തിന്റെ തിരക്കുകളിൽ തന്റെ അഭിരുചികളെ തൽക്കാലത്തേക്കെങ്കിലും മാറ്റിവെക്കേണ്ടിവന്നു നിഷിദക്ക്. എങ്കിലും ആഗ്രഹങ്ങളെ പൂർണമായി കൈവിടാതിരുന്ന ഈ ചിത്രകാരി വീണ്ടും വരയുടെ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. എണ്ണച്ചായം, അക്രിലിക് എന്നിവയിലാണ് നിഷിദ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ചിത്രരചനയോടൊപ്പം കവിതകളും ലേഖനങ്ങളും ചെറുകഥകളും ബ്ലോഗിങ്ങും ആങ്കറിങ്ങുമൊക്കെയായി തിരക്കിട്ടതാണ് ഇപ്പോൾ ഇവരുടെ ജീവിതം. കാല്പനിക ഭാവം എന്നതിനപ്പുറം യാഥാർഥ്യവുമായി സംവദിക്കുന്ന ചിത്രങ്ങളാണ് നിഷിദയുടെ വരകളിൽ കൂടുതലും കാണാൻ കഴിയുക. ബഹ്റൈനിലെ വിവിധ സംഘടനകളുടെ എക്സ്ബിഷനുകളിലൂടെ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടായത് നന്ദിയോടെ സ്മരിക്കുകയാണ് നിഷിദ.
ബഹ്റൈനി ആർട്ടിസ്റ്റ് റമ അൽ ഹുസൈനിക്കൊപ്പം കലയുടെ സ്ട്രോക്ക് എന്ന ശില്പശാലയിൽ പങ്കെടുക്കാൻ കഴിഞ്ഞതും തനിക്ക് ലഭിച്ച സുവർണാവസരമായി നിഷിദ കാണുന്നു. കുട്ടികളുടെ പെയിന്റിങ് മത്സരങ്ങളിൽ വിധികർത്താവാകാനും സാധിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിലെയും ഇന്ത്യൻ ക്ലബിലെയും പരിപാടികളിൽ കലയിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കേരളീയസമാജത്തിൽ നടന്ന പൊതുപരിപാടിയിൽ വെച്ച് എഴുത്തുകാരി കെ.ആർ. മീരയുടെ ആരാച്ചർ എന്ന നോവലിനെ ആസ്പദമാക്കി വരച്ച ചിത്രം അവർക്ക് സമ്മാനിക്കാൻ സാധിച്ചത് വലിയ അംഗീകാരമായി നിഷിദ കരുതുന്നു. തന്റെ എഴുത്തുമുറിയുടെ ചുവരിൽ ആ പെയിന്റിങ് ഉണ്ടെന്ന് പിന്നീട് കെ.ആർ. മീര നിഷിദയോട് പറഞ്ഞു. വീട്ടമ്മയായി ഒതുങ്ങിക്കൂടിയിരുന്ന നിഷിദയെ വരകളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് വീണ്ടും എത്തിക്കാൻ പിന്തുണ നൽകി ബിസിനസുകാരനായ ഭർത്താവ് ഫാരിസും മൂന്ന് മക്കളും അടങ്ങിയ കുടുംബവും ഒപ്പമുണ്ട്.
നിഷിദ ഫാരിസ് വരച്ച ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.