ആൻ മരിയ റീവസ് ജാർവിസ്, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ സമാധാനവും സൗഹൃദവും വളർത്തുന്നതിനായി ക്ലബുകൾ രൂപവത്കരിച്ച സാമൂഹിക പ്രവർത്തക. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും ശിശു മരണനിരക്ക് കുറക്കുന്നതിനും അവർ പ്രവർത്തനങ്ങൾ നടത്തിപ്പോന്നു. രാജ്യത്ത് ശിശുമരണനിരക്ക് ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. 13 കുട്ടികളുണ്ടായിരുന്ന ആൻ ജാർവിസിന്റെ നാലു കുട്ടികൾ മാത്രമേ ജീവിച്ചിരുന്നുള്ളൂ.
പോരാട്ടങ്ങൾ തുടരുന്നതിനിടെ മേയ് മാസത്തിലെ ഒരു രണ്ടാം ഞായറാഴ്ച ആൻ റീവസ് ജാർവിസ് മരിച്ചു. 1905ലായിരുന്നു ആൻ റീവസിന്റെ മരണം. ആൻ ജാർവിസിന്റെ പോരാട്ടങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടത് മകൾ അന്ന മരിയ ജാർവിസായിരുന്നു. ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ എല്ലാ അമ്മമാരെയും ബഹുമാനിക്കണമെന്നും അവർ ലോകത്തിന് നൽകിയ സംഭാവനകളിൽ ആദരവ് അർപ്പിക്കണമെന്നും അതിനായി മാതൃദിനം ആഘോഷിക്കണമെന്നുമുള്ള ആഗ്രഹത്തിന് പിന്നാലെയായിരുന്നു പിന്നീട് അന്ന ജാർവിസ്. അമ്മ ആൻ റീവസിന്റെ മരണത്തോടെ അന്ന മരിയ ജാർവിസ് മാതൃദിനം ഔദ്യോഗികമായി ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു.
അമ്മയുടെ ശവകുടീരത്തിൽ പൂക്കൾ അർപ്പിച്ചുകൊണ്ടായിരുന്നു അന്നയുടെ പോരാട്ടത്തിന്റെ തുടക്കം. അമ്മയോടുള്ള ആദരസൂചകമായി ഗ്രാഫ്റ്റണിലെ പള്ളി സെമിത്തേരിയിലെ ശവകുടീരത്തിൽ ആനിന് ഏറ്റവും പ്രിയപ്പെട്ട കാർനേഷൻസ് പുഷ്പങ്ങൾ കൊണ്ടുവെച്ചു. മാതൃദിനം ഔദ്യോഗികമായി ആഘോഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് അന്നയും സുഹൃത്തുക്കളും ഭരണകൂടത്തിന് നിരവധി കത്തുകൾ എഴുതി. വർഷങ്ങൾ നീണ്ട പോരാട്ടം ഒടുവിൽ വിജയിച്ചു. 1914ൽ മുൻ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. അതൊരു അവധി ദിനമായി മാറുകയും ചെയ്തു.
അമ്മയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നതിനായി മാതൃദിനം എന്നതായിരുന്നു അന്നയുടെ ലക്ഷ്യം. എന്നാൽ, മാതൃദിനത്തെ കച്ചവടവത്കരിക്കുന്നതിനോട് കടുത്ത എതിർപ്പായിരുന്നു അന്നക്ക്. മാതൃദിനത്തിൽനിന്ന് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയും അന്ന എതിർത്തു. മാതൃദിനത്തിലെ വാണിജ്യവത്കരണം രൂക്ഷമായ ഒരു ഘട്ടത്തിൽ മാതൃദിനം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായും അന്ന സമരത്തിനിറങ്ങി.
സമാധാനം നഷ്ടപ്പെടുത്തിയതിന് അന്നയെ അറസ്റ്റു ചെയ്യുക വരെയുണ്ടായി. എന്നാൽ, പിന്നീടൊരിക്കലും അന്നയുടെ മനസ്സിലെ മാതൃദിനങ്ങളായിരുന്നില്ല. പിന്നീട് സഹോദരി ലില്ലിക്കൊപ്പമായിരുന്നു അന്നയുടെ അവസാന കാലഘട്ടം. പോരാട്ടത്തിനൊടുവിൽ 1948 നവംബർ 24ന് പെൻസൽവേനിയയിൽവെച്ച് അന്ന വിടപറഞ്ഞു. അമ്മയുടെ ശവകുടീരത്തിനു സമീപംതന്നെ മകൾക്ക് വിശ്രമം ഒരുക്കുകയും ചെയ്തു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.