എം.​ഒ. ന​ജീ​മ​യും മ​ക​ൾ ഷ​റീ​ന ബീ​ഗ​വും

ഇമ്പമാർന്ന ഇശലുകളുമായി മാപ്പിളപ്പാട്ട് വേദി കീഴടക്കി ഉമ്മയും മകളും

കറ്റാനം: 'കാഫുമല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടുവന്നാട്ടെ കാരക്ക കായ്ക്കുന്ന നാടിന്‍റെ മധുവൂറും കിസ്സ പറഞ്ഞാട്ടേ...' ഇമ്പമാർന്ന ഇശലുകളുമായി മാപ്പിളപ്പാട്ട് വേദി കീഴടക്കുകയാണ് എം.ഒ. നജീമയും ഷറീന ബീഗവും. ഇത് വേറിട്ടൊരു മാപ്പിളപ്പാട്ട് കുടുംബം.

'ഒട്ടകങ്ങൾ വരിവരിവരിയായ്, കാരക്കമരങ്ങൾ നിരനിരനിരയായ്, ഒട്ടിടവിട്ടുയരത്തിൽ മലയുള്ള, മരുഭൂമി വിലസിടുന്നു...' ചുനക്കര തെരുവിൽമുക്ക് തടത്തിൽ വടക്കതിൽ വീട്ടിൽനിന്ന് പെയ്തുതീരാത്ത മഴപോലെ ഇമ്പമാർന്ന ഇശലുകൾ ഓരോ നിമിഷവും തോരാതെ പെയ്യുകയാണ്. ഇവിടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ചുണ്ടിൽവരെ മധുരമുള്ള പാട്ടുകളാണ് ഇറ്റിച്ചുകൊടുക്കുന്നത്.ഇവിടുത്ത എം.ഒ. നജീമയും മകൾ ഷറീനബീഗവും മധുരോതരങ്ങളായ പാട്ടുകളാൽ ജനമനസ്സുകൾ കീഴടക്കുന്നത്.

പഴയ തലമുറയിലെ ആളുകൾ മുതൽ ന്യൂജെൻ പിള്ളേർ വരെ പാടിനടക്കുന്ന പല പാട്ടുകളും ഹിറ്റുകളാക്കിയ കുടുംബകഥയാണ് ഇവർക്ക് പറയാനുള്ളത്. 1970കളിലാണ് നജീമ പാടിത്തുടങ്ങുന്നത്. വിവാഹ വീടുകളിൽ ഷാദുലി ബൈത്തുകൾ ചൊല്ലിയിരുന്ന കാർത്തികപ്പള്ളി മാളിയേക്കൽ ഉമ്മർകുട്ടിയുടെ മകളുടെ പാട്ടിന് വേറിട്ടൊരു ഇമ്പം തന്നെയുണ്ടായിരുന്നു. മദ്റസയിലും നബിദിന പരിപാടികളിലും മാത്രം പാടിയിരുന്ന നജ്മയുടെ പാട്ട് 1977ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തപ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്.

90കൾ മുതൽ ടെലിവിഷനുകളിലൂടെയും പാടിത്തുടങ്ങി. ഒപ്പന, വട്ടപ്പാട്ട് കലകളിലും പ്രാവിണ്യമുണ്ട്. മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവ പാരമ്പര്യത്തിന്‍റെ പിൻഗാമിയായി വന്ന മകൾ ഷറീന ബീഗവും തിളങ്ങുകയാണ്. സ്കൂൾ കലോത്സവങ്ങളിലൂടെയായിരുന്നു ഭരണിക്കാവ് വാത്തികുളം എൽ.പി സ്കൂൾ അധ്യാപികയായ ഷറീനയുടെ അരങ്ങേറ്റം. പാട്ട് വരദാനമായി കിട്ടിയ മിടുക്കി കുഞ്ഞുന്നാളിലെ സംസ്ഥാനത്തെ ഒന്നാംസ്ഥാനക്കാരിയായി ഉയർന്നിരുന്നു.1999ൽ പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് മാപ്പിളപ്പാട്ടിൽ ആദ്യം ഒന്നാമതെത്തിയത്.

പിന്നീട് നടന്ന സംസ്ഥാന കലോത്സവങ്ങളിൽ അറബി കവിതയിൽ ഒന്നും ഉർദു കവിതയിൽ രണ്ടാംസ്ഥാനവും നേടി. 11, 12 ക്ലാസുകളിൽ എറണാകുളത്തും മലപ്പുറത്തും നടന്ന സംസ്ഥാന മത്സരങ്ങളിൽ അറബി കവിതയിൽ ഒന്നാംസ്ഥാനവും മാപ്പിളപ്പാട്ടിൽ രണ്ടാംസ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ ടി.ടി.ഐ വിഭാഗം സംസ്ഥാനതല മത്സരത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാംസ്ഥാനവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട് നടന്ന സംസ്ഥാന അധ്യാപക കലോത്സവത്തിൽ മാപ്പിളപ്പാട്ടിനും മലയാളം കവിത പാരായണത്തിനും രണ്ടാംസ്ഥാനവും ഇവർക്കായിരുന്നു.

ഷറീനയുടെ ഭർത്താവ് ചുനക്കര സത്താറും മാപ്പിളപ്പാട്ട് ഗവേഷകനായും വിധികർത്താവായും പാട്ടുകാരനായും രംഗത്ത് സജവീമാണ്. ഇളയ മകൻ മുഹമ്മദ് ഹഫ്സൽ സ്കൂൾ കലോത്സവത്തിലെ മാപ്പിളപ്പാട്ട് താരമായി വരുന്നു. യു.പി വിഭാഗത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനക്കാരനായിരുന്നു.

മൂത്ത മകൻ ഹാഫിസിന് ചിത്രകലയിലാണ് കമ്പം. വിവാഹശേഷം ഭർത്താവ് ഹസൻ റാവുത്തർ നൽകിയ പിന്തുണയാണ് മാപ്പിളപ്പാട്ട് രംഗത്ത് തുടരാൻ സഹായകമായതെന്ന് ആലപ്പുഴ നഗരസഭ ജീവനക്കാരിയായി വിരമിച്ച നജീമ പറഞ്ഞു.മാലപ്പാട്ടുകള്‍, യുദ്ധവിവരണം, സ്തുതി വിരുത്തങ്ങള്‍, കഥാപ്രധാനങ്ങളായ കിസ്സകള്‍, പ്രേമകാവ്യങ്ങളായ കെസ്സുകള്‍, കല്ല്യാണ പാട്ടുകള്‍, കത്ത് പാട്ടുകള്‍ തുടങ്ങിയ ശാഖകളിലെല്ലാം ഇവർക്ക് പ്രാവിണ്യമുണ്ട്.

Tags:    
News Summary - Mother and daughter conquered the Mappilapattu stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.