കൗ​സ​ല്യ കൃ​ഷ്ണ​ൻ

കവിതയാണ് കൗസല്യയുടെ ഭാഗ്യക്കുറി

തൊടുപുഴ: തിരക്കേറിയ തെരുവീഥികളിൽ ലോട്ടറി വിൽക്കുന്ന കൗസല്യ സാഹിത്യ സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്. ഇതുവരെ രണ്ട് കവിത സമാഹാരങ്ങളാണ് കൗസല്യ കൃഷ്ണന്‍റേതായി പുറത്തിറങ്ങിയത്. ഒരു നാടകവും രചിച്ചു. അനുഭവങ്ങളുടെ തീച്ചൂളയിൽ വിരിഞ്ഞതാണ് ഇവരുടെ വരികളോരോന്നും.

ഉടുമ്പന്നൂർ ചെപ്പുകുളം വലിയവീട്ടിൽ കുഞ്ഞൻ ഗണക‍െൻറയും ഗൗരിയുടെയും നാല് മക്കളിൽ ഇളയവളായ കൗസല്യയുടെ ബാല്യം പുസ്തകങ്ങൾക്കൊപ്പമായിരുന്നു. നിലത്തെഴുത്താശാനായ അച്ഛ‍െൻറ പുസ്തകശേഖരങ്ങളിൽനിന്നാണ് എഴുത്തി‍െൻറ ലോകം സ്വപ്നം കണ്ടുതുടങ്ങിയത്. ചെപ്പുകുളം സ്കൂളിലായിരുന്നു പഠനം. ഏഴ് വയസ്സുള്ളപ്പോൾ അമ്മ മരണപ്പെട്ടു. പിന്നെ പിതാവായിരുന്നു എല്ലാം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കവിതകൾ ചൊല്ലുമായിരുന്നു. സ്‌കൂളിലെയും നാട്ടിലെയും മത്സരങ്ങളിൽ കവിത രചനക്കും പാരായണത്തിനുമൊക്കെ സമ്മാനങ്ങൾ ലഭിച്ചിരുന്നതായി കൗസല്യ ഓർക്കുന്നു. പിതാവിന് വയ്യാതായതോടെ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. അപ്പോഴും എഴുത്തി‍െൻറയും വായനയുടെയും കൂട്ട് വിട്ടില്ല. ഈ സമയത്ത് കൗസല്യ എഴുതിയ ജന്മഹോമം നാടകം നാട്ടിലെ പള്ളിപ്പെരുന്നാളിന് അരങ്ങേറുകയും അതിൽ അഭിനയിക്കുകയും ചെയ്തു. പതിനേഴാം വയസ്സിൽ വലിയ പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്ക് കടന്നെങ്കിലും അത്ര മധുരമായിരുന്നില്ല കുടുംബജീവിതം. ഭർത്താവി‍‍െൻറ പീഡനം മൂലം പലപ്പോഴും വീട് വിട്ടിറങ്ങി ആശാഭവനിലും മറ്റും അഭയം തേടേണ്ടി വന്നു. പിന്നീട് മക്കളുമായി തനിച്ച് ജീവിതം തുടങ്ങി. ജീവിതച്ചെലവിന് വീട്ടുജോലിക്കിറങ്ങി.

ഇതിനിടെ ഒരു എഴുത്തുകാരിയെ പരിചയപ്പെട്ടു. അവർ രചിച്ച പുസ‌്തകങ്ങൾ കമീഷൻ വ്യവസ്ഥയിൽ വിൽക്കാൻ കൗസല്യയെ ഏൽപിച്ചു. സർക്കാർ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും കയറി പുസ്‌തകം വിറ്റു. ഇതിനിടയിലും മനസ്സിൽ തോന്നിയതെല്ലാം കുത്തിക്കുറിച്ചു. തൊടുപുഴയിലെ വനിത എസ്.ഐയായിരുന്ന എൻ.എൻ. സുശീലയാണ് ഒരിക്കൽ ഇതെല്ലാം ചേർത്ത് പുസ്തകമാക്കിക്കൂടേ എന്ന് ചോദിച്ചത്. തൊടുപുഴ പൊലീസ് അസോസിയേഷൻ പുസ്തകം പ്രസിദ്ധീകരിക്കാൻ സഹായവുമായെത്തി.ഇതോടെ 'കനൽ ജീവിതം' എന്ന ആദ്യ കവിത സമാഹാരം പുറത്തിറങ്ങി. ആറുമാസത്തിനുള്ളിൽ 3000 കോപ്പികളാണ് വിറ്റത്. 11 വർഷത്തോളം പുസ്തക വിൽപനയായിരുന്നു. പിന്നീടാണ് ലോട്ടറിക്കച്ചവടം തുടങ്ങിയതെന്ന് കൗസല്യ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാമത്തെ കവിത സമാഹാരമായ 'മഴക്കുമുമ്പേ' പുറത്തിറക്കിയത്. മകളെ വിവാഹം ചെയ്തയച്ചു. മകനോടൊപ്പം പൈങ്ങോട്ടൂരിലാണ് ഇപ്പോൾ താമസം.

Tags:    
News Summary - Kausalya's fortune is poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.