കാത്തു സച്ചിൻദേവ്
മനാമ: വ്യത്യസ്ത മേഖലകളിൽ ഒരുപോലെ തിളങ്ങി ബഹ്റൈൻ മലയാളികളുടെ സ്വന്തം കാത്തു സച്ചിൻദേവ്. ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ അധ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി കാത്തു സച്ചിൻദേവ് മൂന്ന് വയസ്സ് മുതൽ ബഹ്റൈനിലുണ്ട്. കായികരംഗത്തുനിന്ന് തുടങ്ങി കലാരംഗത്തും തുടർന്ന് ജീവകാരുണ്യ പ്രവർത്തന രംഗത്തും വേറിട്ട പ്രവർത്തനങ്ങളിലൂടെ കാത്തു സച്ചിൻദേവ് നിറഞ്ഞുനിൽക്കുന്നു. മാതാപിതാക്കളായ ശങ്കരപ്പിള്ളയും ശശികലയും ബഹ്റൈനിൽ ഉദ്യോഗസ്ഥരായിരുന്നു. ഏഴാം ക്ലാസ് വരെ ബഹ്റൈൻ ഏഷ്യൻ സ്കൂളിലും തുടർന്ന് പ്ലസ് ടു വരെ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലും പഠിച്ച കാത്തു, പഠനകാലത്ത് മികച്ച സ്പോർട്സ് താരമായിരുന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ അത് ലറ്റിക്സിൽ ജി.സി.സി ഗോൾഡ് മെഡലിസ്റ്റായി. പ്ലസ് ടു വരെ എല്ലാവർഷവും സ്കൂൾ തല സ്പോർട്സ് ചാമ്പ്യൻഷിപ് കാത്തു കരസ്ഥമാക്കി. ബഹ്റൈൻ മാരത്തൺ റിലേയിൽ വനിത വിഭാഗത്തിൽ നാലു വർഷം സെക്കൻഡ് പ്രൈസ് കരസ്ഥമാക്കി. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് കലാരംഗത്തേക്ക് വരുന്നത്. നൃത്താധ്യാപിക കൂടിയായ മലയാളം അധ്യാപിക ബബിത ചെട്ട്യാരുടെ പ്രോത്സാഹനമാണ് കാത്തുവിന് കലാരംഗത്ത് ചുവടുറപ്പിക്കാൻ സഹായകമായത്. ഫോക്ക് ഡാൻസിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ കാത്തു പ്രീതി നായർ സംവിധാനം ചെയ്ത ‘ഭൗമി’ ഇംഗ്ലീഷ് ഡ്രാമയിൽ സീതാദേവിയായി അഭിനയിച്ചിരുന്നു.
ബഹ്റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിച്ച സുരേഷ് വെണ്ണുക്കര സംവിധാനം ചെയ്ത ‘സമയമായോ സഖി’ എന്ന നാടകത്തിൽ വാസവദത്തയുടെ തോഴിയായും അഭിനയിച്ചു. ബഹ്റൈനിൽ ആദ്യമായി തിയറ്ററിൽ റിലീസ് ചെയ്ത തമിഴ് ഷോർട്ട് ഫിലിമിലും ആദ്യ ഹിന്ദി ഷോർട്ട് ഫിലിമിലും കാത്തു അഭിനയിച്ചിട്ടുണ്ട്. വേർഡ് മലയാളി കൗൺസിൽ നടത്തിയ മലയാളി മങ്ക മത്സരത്തിലും കാത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മോഡലിങ്ങിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. കീൻ ബഹ്റൈനിൽ നടത്തിയ ഫാഷൻ ഷോയിൽ കാത്തുവായിരുന്നു ഒന്നാം സ്ഥാനത്ത്.
അടുത്തിടെ പുറത്തിറങ്ങിയ ബഹ്റൈനിൽ നിർമിച്ച ആദ്യത്തെ ആന്തോളജി സിനിമയായ ‘ഷെൽട്ടറി’ലെ ഫേസസ് ഇൻ ഫേസസ് എന്ന ഫിലിമിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച കാത്തു ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബഹ്റൈൻ എയറിൽ അഞ്ചുവർഷം കാബിൻ ക്രൂ ആയും ബ്രീഫിങ് ഓഫിസറായും കാത്തു വർക്ക് ചെയ്തിട്ടുണ്ട്. ബഹ്റൈനിൽ ജോലി ചെയ്യുന്ന സച്ചിൻദേവാണ് ഭർത്താവ്. ന്യൂ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ തൃഷ, നീൽ എന്നിവർ മക്കളാണ്. കലാ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തന രംഗത്തും കാത്തു സജീവമാണ്. ഭർത്താവിന്റെ എല്ലാ പിന്തുണയും തന്റെ പ്രവർത്തനങ്ങൾക്കുണ്ടെന്നും സമൂഹത്തിനുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും കാത്തു സച്ചിൻദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.