ജോർഡന്‍ കിരീടാവകാശിക്ക് സൗദിയിൽ നിന്ന് മണവാട്ടി

ജിദ്ദ: ജോര്‍ഡന്‍ കിരീടാവകാശി ഇനി സൗദി അറേബ്യയുടെ മരുമകൻ. അമീർ ഹുസൈന്‍ ബിന്‍ അബ്‍ദുല്ലയും റിയാദ് സ്വദേശിനി റജ്‍വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൈഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി ജോർഡന്‍ രാജകീയ കോടതി അറിയിച്ചു.

റിയാദിലെ വധുവിന്റെ പിതാവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ചടങ്ങിൽ ജോർഡൻ രാജകുടുംബത്തിലെ അംഗങ്ങളായ അമീർ ഹസ്സൻ ബിൻ തലാൽ, അമീർ ഹാഷിം ബിൻ അബ്ദുല്ല, അമീർ അലി ബിൻ ഹുസൈൻ, അമീർ ഹാഷിം ബിൻ ഹുസൈൻ, അമീർ ഗാസി ബിൻ മുഹമ്മദ്, അമീർ റാഷിദ് ബിൻ ഹസ്സൻ എന്നിവരും വധുവിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍, ജോർഡന്‍ രാജാവ് അബ്‍ദുല്ല രണ്ടാമനെയും കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയെയും വിളിച്ച് ആശംസകള്‍ നേർന്നതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. വിവാഹത്തിനൊരുങ്ങുന്ന ജോർഡന്‍ കിരീടാവകാശി ഹുസൈന്‍ ബിൻ അബ്ദുല്ലക്കും റജ്‍വ ഖാലിദ് ബിന്‍ മുസൈദിനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.


                                  ജോർഡന്‍ കിരീടാവകാശി അമീർ ഹുസൈന്‍ ബിന്‍ അബ്‍ദുല്ലയും റിയാദിൽ നിന്നുള്ള റജ്‍വ ഖാലിദുമായുള്ള വിവാഹനിശ്ചയ ചടങ്ങിൽ നിന്ന്

 

'എനിക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ല, എന്റെ മൂത്ത മകൻ ഹുസൈൻ രാജകുമാരനും അദ്ദേഹത്തിന്റെ സുന്ദരിയായ വധു റജ്‍വക്കും അഭിനന്ദനങ്ങൾ' എന്നായിരുന്നു വിവാഹനിശ്ചയ ചടങ്ങിനുശേഷം ജോർഡന്‍ രാജ്ഞി റാനിയ ട്വീറ്റ് ചെയ്തത്.

28 കാരനായ ഹുസൈന്‍ രാജകുമാരന്‍ അമ്മാനിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2016ൽ അമേരിക്കയിലെ ജോർജ് ടൗൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷനൽ ഹിസ്റ്ററിയിൽ ബിരുദം നേടി. ശേഷം ബ്രിട്ടീഷ് മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്നും ബിരുദം നേടി ഇപ്പോൾ ജോർഡാനിയൻ സായുധ സേനയിൽ ക്യാപ്റ്റൻ പദവി വഹിക്കുന്നു.

2009 ലാണ് രാജകീയ ഉത്തരവിലൂടെ അദ്ദേഹത്തെ ഔദ്യോഗികമായി കിരീടാവകാശിയായി തെരഞ്ഞെടുത്തത്. 28 വയസ്സുകാരിയായ റജ്‍വ ഖാലിദ് റിയാദിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ന്യൂയോര്‍ക്കിൽ ആര്‍ക്കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കി. ജോർഡന്‍ രാജകുമാരി ഇമാന്‍ ബിന്‍ത് അബ്‍ദുല്ലയും ന്യൂയോർക് സ്വദേശി ജമീല്‍ അലക്സാണ്ടറും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു. 

Tags:    
News Summary - Jordan's crown prince has a bride from Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.