റം​സീ​ന​യും റി​സാ​ന​യും മാ​താ​വ് റ​സി​യ​ക്കൊ​പ്പം

ഇരട്ട പോസിറ്റിവാണിവർ...പാതിയിൽ നിലക്കുമായിരുന്ന സ്വപ്നങ്ങളാണിവർ നേടിയെടുത്തത്

തൃക്കരിപ്പൂർ: പാതിയിൽ നിലക്കുമായിരുന്ന സ്വപ്നങ്ങളാണ് റംസീനയും റിസാനയും നേടിയെടുത്തത്. കരളുറപ്പും കഠിനാധ്വാനവും ഒപ്പം നാടിന്റെയും വീടിന്റെയും പിന്തുണയും സ്വപ്നങ്ങളിലേക്ക് അവരെ വഴിനടത്തി. മിടുമിടുക്കികളായ ഇരട്ട സഹോദരിമാർക്ക് ജീവിത സാഹചര്യം ഒരിക്കലും വിലങ്ങാവരുതെന്ന തീർച്ചയിൽ നാടും വീടും നെഞ്ചോടുചേർത്തപ്പോൾ ഇരുവരും ഐ.ഐ.ടി എന്ന ലക്ഷ്യത്തിലെത്തി.

ഖരഗ്പുർ ഐ.ഐ.ടിയിൽ എയ്റോസ്‌പേസ് എൻജിനീയറിങ് പ്രധാന വിഷയമായി ഡ്യുവൽ ഡിഗ്രിയാണ് റംസീന തിരഞ്ഞെടുത്തത്. മികച്ച ഗ്രേഡോടെ അഞ്ചാം വർഷത്തിൽ എത്തിനിൽക്കുന്നു. കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി അമേരിക്കൻ കമ്പനിയായ ഇ.എക്‌സ്.എൽ സർവിസസിൽ അനലിസ്റ്റായി ജൂണിൽ ഡൽഹിയിൽ ജോലി തുടങ്ങും. റൂർക്കി ഐ.ഐ.ടിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പ്രാവീണ്യം നേടിയ റിസാന ഏഴുമാസമായി ബംഗളൂരു എൻഫേസ്‌ എനർജിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. ഒട്ടും എളുപ്പമായിരുന്നില്ല ഇവരുടെ ജീവിതം. വേറെ കുടുംബവുമായി അകന്നുകഴിയുന്ന പിതാവ്. സഹോദരിമാർക്ക് താഴെ രണ്ട് ആൺകുട്ടികൾ, റാസിമും റിസ്മിനും. തന്റേതുൾപ്പെടെ അഞ്ചുവയറുകൾ നിറക്കാനും വാടക കണ്ടെത്താനും കഴിയാതെ മാതാവ് റസിയ ഏറെ പ്രയാസപ്പെട്ടു. വാടകമുറികളിൽനിന്ന് പലപ്പോഴും മാറേണ്ടിവന്നു. ഒറ്റമുറിയിൽ വെപ്പും കിടപ്പും പഠനവും.

പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടിയതോടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. മികച്ച റാങ്കിനായി വീണ്ടും പ്രവേശന പരീക്ഷ എഴുതാനിരിക്കെയാണ് അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ 'ലൈവ്' തൃക്കരിപ്പൂർ കടന്നുവന്നത്. പിന്നീട് പഠന ചെലവ് 'ലൈവ്' ഏറ്റെടുത്തു. മികച്ച റാങ്കോടെ പരീക്ഷ പാസായ ഇരുവർക്കും ഐ.ഐ.ടി ആയിരുന്നു സ്വപ്നം. റംസീന ഖരഗ്പുരിലും റിസാന റൂർക്കിയിലും പ്രവേശനം നേടി. ഖരഗ്പുരിലെ 50ൽ അഞ്ചുപേരായിരുന്നു പെൺകുട്ടികൾ. ഹിജാബ് വിവാദം തുടങ്ങുംമുമ്പേ കാമ്പസിൽ താൻ വിവേചനം നേരിട്ടതായി റംസീന പറഞ്ഞു. കെ.എം.സി.സിയുടെ നേതൃത്വത്തിൽ കുടുംബത്തിന് വീട് വെച്ചുനൽകിയിട്ടുണ്ട്. റിസാന വിവാഹിതയാണ്. ഉത്തരഖണ്ഡ് സ്വദേശിയാണ് ജീവിതപങ്കാളി. റംസീനയും വൈകാതെ കുടുംബജീവിതത്തിലേക്ക് കടക്കുകയാണ്. കോഴിക്കോട്ടുനിന്നാണ് വരൻ.

Tags:    
News Summary - Double positivists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT