രമ

61ലും 16കാരിയുടെ ചുറുചുറുക്കോടെ....

അരനൂറ്റാണ്ട് മുമ്പുള്ള വൈദ്യശാസ്ത്രത്തിന്‍റെ പരിമിതികളോടൊപ്പം ശ്വാസകോശത്തിന് അമിതഭാരം നൽകുമെന്ന ഭയം വീട്ടുകാരെ ആശങ്കയിലാക്കിയപ്പോൾ പാട്ടുപഠനം മുളയിലേ നുള്ളിക്കളയേണ്ടിവന്നു. പക്ഷേ, പ്രായത്തിന്‍റെ ഓരോഘട്ടത്തിലും പാട്ടിനോടുള്ള സ്നേഹവും പാടാനുള്ള മോഹവും അവർക്കുള്ളിൽ വളർന്നുപന്തലിച്ചു

അനാരോഗ്യം വില്ലനായിവന്ന് തല്ലിക്കെടുത്തിയിട്ടും, മലപ്പുറം ജില്ലയിലെ കോട്ടക്കൽ സ്വദേശി രമ എന്ന കുട്ടി തന്‍റെ പാടാനുള്ള മോഹം ഒരു കനൽത്തരിപോലെ ഉള്ളിൽ സൂക്ഷിച്ചു. ഒന്നല്ല, രണ്ടല്ല... അഞ്ചുപതിറ്റാണ്ട് കാലം. പിന്നീട് 58ാം വയസ്സിൽ ആ കനൽ ഊതിക്കത്തിച്ചപ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ ‘വൈറലാ’യി. അതോടെ അവർ ശാസ്ത്രീയമായി പാട്ടുപഠിക്കാനും തുടങ്ങി.

കോട്ടക്കൽ പരപ്പിൽ ശിവശങ്കര മേനോന്‍റെയും കുഴിത്തൊടിയിൽ ജാനകിയമ്മയുടെയും മകളായി ജനിച്ച ഇവരെ ചെറുപ്പത്തിലേ ‘ആസ്ത്മ’ രോഗം പിടികൂടുകയായിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള വൈദ്യശാസ്ത്രത്തിന്‍റെ പരിമിതികളോടൊപ്പം ശ്വാസകോശത്തിന് അമിതഭാരം നൽകുമെന്ന ഭയം വീട്ടുകാരെ ആശങ്കയിലാക്കിയപ്പോൾ പാട്ടുപഠനം മുളയിലേ നുള്ളിക്കളയേണ്ടിവന്നു.

പക്ഷേ, പ്രായത്തിന്‍റെ ഓരോഘട്ടത്തിലും പാട്ടിനോടുള്ള സ്നേഹവും പാടാനുള്ള മോഹവും അവർക്കുള്ളിൽ വളർന്നുപന്തലിച്ചു. കാലംചെന്നപ്പോൾ, കോളജ് പഠനവും കഴിഞ്ഞ് വിവാഹിതയായി കോഴിക്കോട് ചക്കോരത്ത്കുളത്തെ ഭർതൃവീട്ടിലെത്തി. അപ്പോഴും അവർ ‘ആ മോഹം’ ഉപേക്ഷിച്ചില്ല. പിന്നീട് അമ്മയും അമ്മൂമ്മയുമായിക്കഴിഞ്ഞപ്പോഴാണ് ശാസ്ത്രീയ പഠനത്തിന്‍റെ പിൻബലമില്ലാതെതന്നെ അവർ സമൂഹ മാധ്യമങ്ങളിൽ സംഗീതസ്നേഹികളുടെ പ്രിയപ്പെട്ട പാട്ടുകാരിയായത്.

ഇൻഹേലർ പോലുള്ളവ കൊണ്ട്​ രോഗത്തെ കീഴടക്കിയും ജീവിതശൈലിയെ ചിട്ടപ്പെടുത്തി രോഗം വരാതെ സൂക്ഷിച്ചുമാണ് അവർ സംഗീതപഠനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ചത്.

രണ്ടുവർഷം മുമ്പാണ് തമാശക്ക് പാടി യൂട്യൂബിലിട്ട ഒരു പാട്ട് പാട്ടെഴുത്തുകാരനും പത്രപ്രവർത്തകനുമായ രവി മേനോന്‍റെ ശ്രദ്ധയിൽവരുന്നത്. ആ പാട്ട് തന്‍റെ ഹൃദയത്തിൽവന്ന് തൊട്ടപ്പോൾ ബന്ധുകൂടിയായ രവി മേനോൻ അത് ഫേസ്ബുക്കിൽ ഷെയർ ചെയ്തു.

അതോടെയാണ് രമ എന്ന ഗായിക പ്രശസ്തയാവുന്നത്. ഇതുവരെ 25,000ത്തിലധികം ശ്രോതാക്കളാണ് ആ പാട്ട് കേട്ടത്. ‘മുറപ്പെണ്ണ്’ എന്ന സിനിമയിൽ പി. ഭാസ്കരൻ രചിച്ച് ബി.എ. ചിദംബരനാഥ് സംഗീതം നൽകി എസ്. ജാനകിയും ശാന്ത പി. നായരും ചേർന്ന് ​പാടിയ

‘കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്‍റെ കവിളത്തു മഴവില്ലിന്‍ നിഴലാട്ടം’ എന്ന ഗാനമായിരുന്നു അത്. പഴയപാട്ടുകളെ സ്നേഹിക്കുന്നവരുടെ കൂടെ പുതുതലമുറയും ആ ആലാപനം ഏറ്റെടുത്തു.

തുടർന്ന് സ്കൂൾ-കോളജ് സഹപാഠികളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ ഈ ഗായികയെ പ്രോത്സാഹിപ്പിച്ചു. അവർക്ക് വേണ്ടിയും യൂട്യൂബ് ചാനലിന് വേണ്ടിയും ഇടക്ക് പാട്ടുകൾ പാടിയിട്ടപ്പോഴാണ് ഇനിയിത്തിരി ശാസ്ത്രീയമായിത്തന്നെ പാട്ട് പഠിച്ചുകളയാം എന്നുതോന്നിയത്.

പിന്നെ താമസിച്ചില്ല, വടക്കാഞ്ചേരി ബാബുരാജ് മാസ്റ്ററുടെ ശിഷ്യയായി ശാസ്ത്രീയ പഠനവും തുടങ്ങി. ഇതിനിടെ ഒരു ടെലിവിഷൻ ചാനലിലും പാടാൻ അവസരം ലഭിച്ചു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഗായികയാണ് ഇവരിപ്പോൾ.

ജീവതപങ്കാളിയായിരുന്ന കെ.പി. ഉണ്ണിമാധവന്‍റെ വിയോഗത്തോടെ കോട്ടക്കലിലെ വീട്ടിലാണ് ജീവിതം. ഇതിനിടെ കുറച്ചുപേരുടെ സഹായത്തോടെ തയ്യൽ മേഖലയിൽ ഒരുകൈ നോക്കിയെങ്കിലും പേരക്കിടാവിന്‍റെ വരവോടെ കുടുംബജീവിതത്തിലേക്ക് തിരികെപ്പോയി.

മകൾ ഇന്ദു സിവിൽ സപ്ലൈസ് വകുപ്പിൽ ഉദ്യോഗസ്ഥയാണ്. 61ാം വയസ്സിലും 16 കാരിയുടെ ചുറുചുറുക്കോടെ അവർ പാടുമ്പോൾ പ്രായത്തെ വെല്ലുന്ന ശബ്ദമാധുര്യത്തിൽ ലയിച്ചിരിക്കുകയാണ് ശ്രോതാക്കൾ.

Tags:    
News Summary - At 61 with the agility of a 16-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT