യാസിൻ വേറെ ലെവലാണ്

മറ്റു കുട്ടികൾ ബെഞ്ചിലിരുന്ന് പഠിക്കുമ്പോൾ യാസീൻ തറയിലെ പായിൽ ഇരുന്ന് കാലുകൊണ്ട് എഴുതുന്നത് കണ്ടപ്പോൾ ഡെയ്സി ടീച്ചർ പറഞ്ഞു, ‘‘മറ്റു കുട്ടികൾ പഠിക്കുന്നതുപോലെ യാസീനെയും എനിക്ക് ബെഞ്ചിലിരുത്തി പഠിപ്പിക്കണം’’. അങ്ങനെ യാസീനെയും ടീച്ചർ ബെഞ്ചിൽ ഇരുത്തി. അപ്പോൾ എഴുതുന്നത് ബുദ്ധിമുട്ടായി. ടീച്ചർ ഒരു പെൻസിൽ എടുത്ത് തന്റെ മുട്ടോളം മാത്രമുള്ള അവന്റെ കൈയിൽവെച്ചുകെട്ടി. എന്നാൽ, യാസീൻ പറഞ്ഞു, ‘‘വേണ്ട ടീച്ചർ, പെൻസിൽ എന്റെ താടിക്കും കഴുത്തിനും ഇടയിൽ തിരുകിവെച്ച് തന്നാൽ മതി. ഞാൻ തനിയെ എഴുതിക്കൊള്ളാം...’’. ഈ ആത്മവിശ്വാസത്തിന്റെ പേരാണ് മുഹമ്മദ് യാസീൻ.

 

പിറവി

2010 മാർച്ച് 13ന് ഓച്ചിറ പ്രയാർ എസ്.എസ് മൻസിലിൽ ഷാനവാസിനും ഭാര്യ ഷൈലക്കും ഒരു കുഞ്ഞുപിറന്നു. അവരെ ശുശ്രൂഷിച്ച ഡോക്ടർ രണ്ടുപേരെയും വിളിച്ചുനിർത്തി പറഞ്ഞു. ‘‘മോന് അൽപം ശാരീരിക പരിമിതികൾ ഉണ്ട്. അഞ്ചുവയസ്സൊക്കെ ആകുമ്പോൾ അത് കുറേയേറെ പരിഹരിക്കാൻ കഴിയും. അവൻ നടക്കും, സാധാരണ കുട്ടികളെ പോലെ. നിങ്ങൾ വിഷമിക്കരുത്’’. കുഞ്ഞിനുണ്ടായിരുന്നത്, പരിമിതി ഏറെയുള്ള ഒരു കാലും അതിൽ മൂന്നു വിരലുകളും മാത്രം. ഇരു കൈകളും ഇല്ലാത്ത ശരീരം. ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയവരെല്ലാം ആശങ്കയോടും സഹാനുഭൂതിയോടും കൂടിയാണ് ആ കാഴ്ചക്ക് സാക്ഷ്യം വഹിച്ചത്. കൂടി നിന്ന പലരും രക്ഷിതാക്കളോട് പറഞ്ഞു ‘‘നിങ്ങൾ ഈ കുട്ടിയെ ഭിന്നശേഷി കുട്ടികൾ താമസിക്കുന്ന കേന്ദ്രങ്ങളിലാക്കണം’’. അവരോടെല്ലാം ആ മാതാപിതാക്കൾക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ, ‘ഭാഗ്യമുള്ള രക്ഷിതാക്കൾക്ക് മാത്രമേ ദൈവം ഇങ്ങനെയുള്ള കുട്ടികളെ കൊടുക്കൂ’’.

 

അത്ഭുതംനിറഞ്ഞ കുട്ടിക്കാലം

ഒരു വയസ്സ് മുതലേ യാസീൻ മറ്റുള്ളവരുടെ സംസാരവും പാട്ടുമെല്ലാം ശ്രദ്ധിക്കുന്നതായി മാതാപിതാക്കൾ മനസ്സിലാക്കി. കരയുമ്പോൾ പാട്ടുവെച്ച് കൊടുത്താൽ അനങ്ങാതെ കിടക്കുന്ന പ്രകൃതമായിരുന്നു അവന്. പിന്നീട് എഴുന്നേൽക്കാൻ കഴിയാതെ ആ റൂമിലെല്ലാം നിരങ്ങിനടന്ന് അവൻ പാട്ടുമൂളുന്നത് കണ്ടപ്പോൾ കൂടുതൽ സമയവും പാട്ടുകൾ ​െവച്ചുകൊടുക്കാൻ തുടങ്ങി. അവൻ പതുക്കെ പാടിത്തുടങ്ങി. വെറും രണ്ടര വയസ്സുള്ളപ്പോൾ സമീപത്തെ ഓണാഘോഷ ചടങ്ങിലെത്തി യാസീൻ ‘ഉമ്പായി കുച്ചാണ്ടേ പ്രാണൻ കത്തണുമ്മാ...’ എന്ന പാട്ടുപാടി കേട്ടിരുന്നവരെ ഞെട്ടിച്ചു.

തൊട്ടടുത്ത അങ്കണവാടിയിൽ കൊണ്ടുചെന്നപ്പോൾ ഗിരിജ ടീച്ചർ ഇരു കൈകളും നീട്ടി അവനെ സ്വീകരിച്ചു. അതിനിടക്ക് ഒരത്ഭുതം നടന്നു. റൂമിൽ കിടന്ന് ഒരു ചോക്ക് എടുത്ത് തന്റെ കാൽവിരലുകൾക്കിടയിൽ തിരികിവെച്ചിട്ട് ഭിത്തിയിൽ എന്തൊക്കെയോ വരച്ചിട്ടത് മാതാപിതാക്കൾ കണ്ടു. അങ്ങനെ വിരലുകൾക്കിടയിൽ സ്കെച്ച് പെൻ വെച്ചുകൊടുത്തു. അവൻ കണ്ട കാറും വണ്ടികളും മരങ്ങളും ആൾക്കൂട്ടവുമെല്ലാം അങ്ങനെ അവന്റെ ചിത്രങ്ങളായി. ഈ ചിത്രങ്ങൾ കായംകുളം ബി.ആർ.സിയിൽ പ്രദർശനത്തിനും ​െവച്ചു. ഇതെല്ലാം വെറും മൂന്നര വയസ്സിലാണെന്ന് ഓർക്കണം. പിന്നീട് ഗിരിജ ടീച്ചർ കാൽവിരലുകൾക്കിടയിൽ പെൻസിൽ തിരുകി അവനെ അക്ഷരം പഠിപ്പിച്ചു.

പ്രൈമറി വിദ്യാഭ്യാസം പ്രയാർ കെ.എൻ.എം ഗവ. യു.പി സ്കൂളിൽ. അവിടെ യാസീനൊപ്പം അവന്റെ കുഞ്ഞനുജനും ഉണ്ടായിരുന്നു. ക്ലാസ് മുറിയിൽ അവൻ മാത്രം തറയിൽ പായവിരിച്ചായിരുന്നു ഇരുന്നത്. ഇതുകണ്ട് ഡെയ്സി ടീച്ചർ അവനെയും മറ്റു കുട്ടികളോടൊപ്പം ബെഞ്ചിൽ ഇരുത്താൻ ശ്രമിച്ചു. അങ്ങനെ മറ്റുള്ളവരോടൊപ്പം കൈമുട്ടിന്റെ സഹായത്തോടെ യാസീനും എഴുതാൻ തുടങ്ങി. കൂട്ടുകാർ എല്ലാ കളികളിലും അവനെയും പങ്കെടുപ്പിച്ച് കൂടെനിന്നു.

 

വഴിത്തിരിവിന്റെ കാലം

കോവിഡ് കാലത്ത് വിഡിയോകളും പാട്ടുകളുമായിരുന്നു ആശ്രയം. അങ്ങനെയിരിക്കെ ഒരു ദിവസം യാസീൻ ബാപ്പയോട് പറഞ്ഞു, എനിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങണം. പിന്നെ യാസീനും അനുജനും വിഡിയോകൾ ചെയ്തുതുടങ്ങി. ഒരു ദിവസം ഓച്ചിറയിലെ ടോയ്സ് ഷോപ്പിൽ നിന്നും ഷാനവാസ് 250 രൂപ കൊടുത്ത് ഒരു പിയാനോ വാങ്ങി യാസീന് നൽകി. തുടർന്നുള്ള ദിവസങ്ങൾ യാസീന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. വിഡിയോയിലെ പാട്ടുകൾക്കൊപ്പം തന്റെ കളിപ്പാട്ടം വെച്ച് പാട്ടുകൾ വായിക്കുന്നത് രക്ഷിതാക്കൾ കൗതുകത്തോടെ നോക്കിനിന്നു. കളിപ്പാട്ട പിയാനോ ഉപയോഗിച്ച് നാലു മണിക്കൂർ കൊണ്ട് ആരുടെയും സഹായമില്ലാതെ യൂട്യൂബിൽ നോക്കി ദേശീയഗാനം വായിക്കാൻ പഠിച്ചു. അത് കോവിഡ് സമയത്തെ അവന്റെ ഓൺലൈൻ ക്ലാസിൽ മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്തു. പിന്നീട് യൂട്യൂബിൽ ഈ വിഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ പ്രമുഖ റിയാലിറ്റി ഷോകളിൽനിന്നുവരെ ക്ഷണം ലഭിച്ചു. റിയാലിറ്റി ഷോയിൽ യാസീൻ തന്റെ കളിപ്പാട്ട പിയാനോ ഉപയോഗിച്ച് ദേശീയഗാനവും വന്ദേമാതരവും മറ്റ് നാല് പാട്ടുകളും കൂടി അവതരിപ്പിച്ചു. അതുമാത്രമല്ല, ഒരു വെസ്റ്റേൺ ഡാൻസും അവൻ ആ വേദിയിൽ അവതരിപ്പിച്ചു.

 

വീട്ടിലെത്തിയ സെലിബ്രിറ്റികൾ

യാസീനെ കണ്ടും കേട്ടുമറിഞ്ഞവർ നേരിൽ കാണാൻ തിക്കുംതിരക്കും കൂട്ടി. ആദ്യമെത്തിയത് കായംകുളം എം.എൽ.എ യു. പ്രതിഭ. ഓച്ചിറയിൽ നടന്ന ഒരു പരിപാടിയിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെയും യാസീൻ നേരിൽ കണ്ടു. അദ്ദേഹം ഫേസ്ബുക്ക് പേജിൽ ‘ഇന്ന് കണ്ട അത്ഭുതബാലൻ’ എന്ന തലക്കെട്ടിൽ യാസീനെ പരിചയപ്പെടുത്തുകയും ചെയ്തു. പോസ്റ്റ് കണ്ട സംഗീത സംവിധായകൻ രതീഷ് വേഗ യാസീനെ തേടി കായംകുളത്തെത്തി നേരിൽക്കണ്ടു. ‘‘10 വിരലുകൾ ഉള്ള ഒരാൾക്കുപോലും ഇത്രയും വേഗത്തിലും ഭംഗിയായും പിയാനോ വായിക്കാൻ കഴിയില്ല. എന്നാൽ, തന്റെ ആകെയുള്ള ഒരു കൈമുട്ട് മാത്രം ഉപയോഗിച്ച് ഈ ചെറിയ പ്രായത്തിൽ ഇത്രയും മനോഹരമായി ഇത് വായിക്കാൻ കഴിഞ്ഞുവെങ്കിൽ, ഇവൻ ലോകം അറിയപ്പെടേണ്ട കലാകാരനാണ്. ഒരുനാൾ അത് സംഭവിക്കും’’. രതീഷ് വേഗ പറഞ്ഞു. ഇതിനുശേഷം സ്കൂളിലെ അധ്യാപകർ ചേർന്ന് ഒരു പിയാനോ അവന് സമ്മാനിച്ചു. പിതാവ് ജോലി ചെയ്യുന്ന കമ്പനിയും പിയാനോ യാസീന് സമ്മാനിച്ചു.

അംഗീകാരങ്ങളും റെക്കോഡുകളും

ചെറിയ പ്രായത്തിനുള്ളിൽ നിരവധി അംഗീകാരങ്ങളും അവാർഡുകളുമാണ് യാസീനെ തേടിയെത്തിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡാണ് അതിലൊന്ന്. കണ്ണുകെട്ടി പിയാനോയിൽ ദേശീയഗാനവും വന്ദേമാതരവും അവതരിപ്പിച്ചതിനായിരുന്നു ആ അംഗീകാരം. ഇപ്പോൾ പൊതുവേദികളിലും ടി.വി ഷോകളിലും യാസീൻ സൂപ്പർസ്റ്റാറായി തിളങ്ങുകയാണ്. എ.പി.ജെ. അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഏർപ്പെടുത്തിയ ബാലപുരസ്കാരം, സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം എന്നിവയാണ് യാസീന് കിട്ടിയ പ്രധാന പുരസ്കാരങ്ങൾ. കായംകുളം ഉപജില്ല കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ മികച്ച നടനായും ഈ കൊച്ചു മിടുക്കനെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോൾ യാസീനും അനുജൻ അൽ അമീനും നിന്നുതിരിയാൻ കഴിയാത്തത്ര തിരക്കാണ്. യാസീൻ പിയാനോ വായിക്കുമ്പോൾ നൃത്തച്ചുവടുകൾ വെക്കുന്നത് അനുജനാണ്. ഒരു സംഗീതജ്ഞനായ ശാസ്ത്രജ്ഞൻ ആകണമെന്നാണ് യാസീന്റെ ആഗ്രഹം.

Tags:    
News Summary - yasin- disability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.