ഒാണത്തിന് ടിഷ്യൂ കസവ് സാരിയും സെറ്റുമുണ്ടും

ഓണം എത്തിയാൽ പിന്നെ പെൺകുട്ടികൾക്ക് ഒരുക്കത്തിനുള്ള നാളുകളാണ്... ഓണപ്പുടവയും അതിനൊത്ത ആഭരണങ്ങളും ഇല്ലാതെ എന്ത് ഓണം? കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് പോലെ... എത്ര വിലകൊടുത്തും ഓണത്തിനുള്ള പുടവയും ആഭരണങ്ങളും വാങ്ങിയാൽ വാങ്ങിയാൽ മാത്രമേ ഓണമൊന്ന് രസമാകൂ...

ഓണപ്പുടവ ഓരോ വർഷവും പുതുപുത്തൻ സ്റ്റൈലുകളാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ മാറിമാറിവരുന്ന സ്റ്റൈലുകൾ അറിഞ്ഞാൽ മാത്രമാണ് ഏറ്റവും പുതിയത് നോക്കി വാങ്ങാൻ സാധിക്കൂ. കസവ് സാരികളിലും സെറ്റുമുണ്ടുകളിലും എല്ലാം ടിഷ്യൂ മെറ്റീരിയൽ ചേർന്നതാണ് പുതുതായി വിപണിയിൽ എത്തിയിരിക്കുന്നത്.

ടിഷ്യൂ മെറ്റീരിയൽ ടൈപ്പ് സാരികൾ മുൻ വർഷങ്ങളിൽ വിപണികളിൽ ലഭ്യമായിരുന്നുവെങ്കിലും അത് ഗോൾഡൻ കളർ മെറ്റീരിയലുകളിലാണ് എത്തിയിരുന്നത്. എന്നാൽ, ഏറ്റവും പുതിയ സിൽവർ കരയുള്ള സെറ്റ് സാരികളും സെറ്റു മുണ്ടുകളും സിൽവർ ടിഷ്യൂ മെറ്റീരിയലിലാണ് എത്തിയിട്ടുള്ളത്. സാധാരണ ഉടുക്കുന്ന കസവുമുണ്ടുകളെക്കാളും സാരികളെക്കാളും കുറച്ചുകൂടി തിളക്കവും മിനുസവും ഉടുത്താൽ പെട്ടെന്ന് ചുളുങ്ങാത്തവയുമാണ് ടിഷ്യു മെറ്റീരിയലിലുള്ള കസവ് സാരികൾ.

ടിഷ്യു മെറ്റീരിയലിലുള്ള കസവ്സാരികളും സെറ്റുമുണ്ടുകളും കസവു മാത്രം ഉള്ളവയായിരുന്നു ആദ്യം വിപണികളിൽ സ്ഥാനംപിടിച്ചത്. ഏറ്റവും പുതിയ കളക്ഷനുകളിൽ  ഡിസൈനും ഉൾപ്പെടുന്ന ടിഷ്യു മെറ്റീരിയൽ സാരികളാണിവ. പഴയകാല ഡിസൈനുകളും പുതിയ ഡിസൈനിൽ ഉള്ളവയും വിപണിയിലുണ്ട്. പ്ലാസ്റ്റിക് സിൽവർ എന്ന വെള്ളി കസവ് പെട്ടെന്ന് ചീത്ത ആകുകയില്ല, വസ്ത്രം തേക്കുമ്പോൾ കൂടുതൽ ചൂട് കസവിൽ ഉപയോഗിക്കരുതെന്ന് മാത്രം. കറുത്ത മാങ്ങ ഡിസൈനും കറുത്ത കരയുള്ള സെറ്റ് സാരിയും വെള്ളി കസവും വെള്ളി ടിഷ്യു കലർന്നവയുമാണ് ഇപ്പോഴത്തെ താരം. വൈറ്റ് മെറ്റീരിയൽ കമ്മലും മാലയും അണിഞ്ഞ് കഴിഞ്ഞാൽ ഒരു ക്ലാസ് ലുക്ക് കിട്ടും. 590 മുതൽ 1500 വരെയാണ് ഇവയുടെ വിപണി വില.


ജിമ്മിക്കി കമ്മൽ തരംഗം കഴിഞ്ഞ വർഷങ്ങളിൽ പാട്ടിലും ഡാൻസിലും ആയിരുന്നുവെങ്കിൽ ഇത്തവണ അത് വസ്ത്രങ്ങളിലേക്ക് മാറി. കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ എത്നിക് വെയറുകൾ തുടങ്ങി കഴിഞ്ഞ വിഷുവിന് സാധാരണ അവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ജിമിക്കി കമ്മൽ ഡിസൈൻ തിളങ്ങുന്ന ട്രെൻഡ് ആയി മാറിക്കഴിഞ്ഞിരുന്നു. അത്ര പെട്ടെന്നൊന്നും മാറുന്നതല്ല കേരളത്തിലെ ജിമിക്കി കമ്മൽ പ്രേമമെന്ന് മനസിലാക്കിയാവണം കസവുസാരികളിലും സെറ്റുമുണ്ടുകളിലും എല്ലാം ഇത്തവണ ജിമിക്കി കമ്മൽ ഡിസൈൻ സ്ഥാനം പിടിച്ചത്. വലുതും ചെറുതുമായ ജിമിക്കി കമ്മൽ ഡിസൈൻ പ്രിന്‍റിങ് വർക്കുകൾ, ത്രെഡ് വർക്കുകൾ, ഫേബ്രിക് ചെയ്ത പിടിപ്പിച്ചവ തുടങ്ങിയ നിരവധി തരത്തിൽ വിപണികളിൽ ലഭ്യമാണ്.

സാധാരണ രീതിയിൽ കൈകൊണ്ട് മുത്തുകൾ തുന്നിച്ചേർത്ത് വേണമെങ്കിൽ വീട്ടിലിരുന്ന് ജിമിക്കി കമ്മൽ ഡിസൈൻ ചെയ്തു പിടിപ്പിക്കാം. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓണ വിപണി കീഴടക്കിയ കലംകാരി, ബുദ്ധ, വെർലി ഡിസൈനുകളിലുള്ള സെറ്റ് മുണ്ടുകൾക്കും സെറ്റ് സാരികൾക്കും  ഈ വർഷവും പ്രിയമേറുകയാണ്. ഏതു കളറിൽ ഉള്ളവ ലഭിക്കുമെന്നതും കലംകാരി ഡിസൈനിലുള്ള ബ്ലൗസുകൾ ഇടാം എന്നതുമാണ് ഇതിന്‍റെ പ്രത്യേകത. 500 മുതൽ 750 രൂപയാണ് ഇവയുടെ വില.

പഴയ പല ഡിസൈനുകൾ ഇഷ്ടപ്പെടുന്നവർക്കായി പഴയ ഡിസൈനുകളും കണ്ണൻ, മയിൽ, ചിത്രശലഭം എന്നിവ ത്രെഡിൽ തീർത്തവയും പ്രിന്‍റ് ചെയ്തവയും ആണ് വിപണിയിലുള്ളത്. ഡിസൈനുകൾ ഇഷ്ടമില്ലാത്തവർക്ക് ബ്രൗൺ, ബ്ലാക്ക്, ചുവപ്പ്, പച്ച തുടങ്ങി ഏത് കളറിലും കരകളിലുമുള്ള സെറ്റ് സാരികളും മുണ്ടുകളും ലഭ്യമാണ്.


പുതിയ ഡിസൈനുകളാണ് യുവതികളുടെ മനം കവരുന്നത്്. വലുപ്പത്തിനും ഡിസൈനുകൾക്കും അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലും ഉണ്ട്. ഓണത്തിൻറെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഡിസൈനുകളും സ്റ്റൈലിഷ് ട്രെൻഡുകളുമാണ് മലയാളി പെൺകൊടികൾക്ക് സുന്ദരിയാവാൻ എത്തിയിട്ടുള്ളത്. ഇനി ഇതിലേത് വേണമെന്ന് സെലക്ട് ചെയ്താൽ മാത്രം മതി.

കടപ്പാട്: ഗോൾഡൻ ടെക്സ്റ്റൈൽസ്, മേനക, എറണാകുളം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.