കുടുംബ മുറ്റത്തിന്റെ കാറ്റേൽക്കുന്ന പെരുന്നാൾ

ണ്ണത്തിന്റെ കൗതുകത്തിൽ പിടിത്തം തുടങ്ങി ഇന്നോളം ഏതു തിരക്കിലും കൂടെ കൂട്ടിയ ഒന്നാണ് ഷാഫിക്ക് നോമ്പ്. തിരക്കുതന്നെ ആഘോഷമാക്കുന്ന ഈ യുവനേതാവിന് പെരുന്നാൾ കൂട്ടുകുടുംബ സംഗമ വേദിയാണ്. വീട്ടിലെ ചോറും ഭാര്യവീട്ടിലെ കൊതിപ്പിക്കുന്ന പലഹാരങ്ങളും നോമ്പിലെ മധുരമാണ്. സംഘടനാ ജീവിതത്തിരക്കിലും ജനപ്രതിനിധിയെന്ന ഓട്ടത്തിലും വിടാതെ പിന്തുടരുന്ന ഒന്നായി മാറി നോമ്പ്. സമരങ്ങളുള്ളപ്പോൾപോലും വിടാതെ സൂക്ഷിക്കുന്ന അനുഷ്ഠാനമായി മാറി.

നോമ്പുകാലത്ത് ആരെപ്പോലെയും മനസ്സിൽ നിറയുന്നത് കുട്ടിക്കാലത്തെ ഓര്‍മകളാണ്. ഒരുപാട് അംഗങ്ങളുള്ള തറവാട്ടിൽ കൂട്ടമായി നോമ്പെടുക്കുന്ന കാലം. എത്ര എണ്ണം പിടിച്ചു, ഞാൻ ഇത്ര പിടിച്ചു എന്ന് വമ്പുപറഞ്ഞ് വാശിയിൽ നോമ്പ് പിടിച്ചിരുന്ന കാലം എങ്ങനെ മറക്കാനാകും. പാലക്കാട് പട്ടാമ്പി ഒങ്ങല്ലൂർ പാറപ്പുറം വീടിന്റെ ആരവവും ആവേശവും നോമ്പും പെരുന്നാളുംതന്നെ. നോമ്പ് എണ്ണത്തിന്റെ കൗതുകത്തെക്കുറിച്ച് ഇന്നോര്‍ക്കുമ്പോൾ സന്തോഷം വന്നുനിറയും. മുതിര്‍ന്നവരുടെ പിന്തുണയും വല്യുപ്പാന്റെയും വല്യുമ്മാന്റെയും പ്രോത്സാഹനവും എല്ലാംകൂടി ചേരുന്ന ചെറുപ്പത്തിന്റെ ആ ഓര്‍മകൾ യുവത്വത്തിലും കൂടെയുണ്ട്. എല്ലാം കൂട്ടമായാണ് ചെയ്യുന്നത്. കുടുംബത്തിൽ എല്ലാവരും ചേര്‍ന്ന് നോമ്പെടുക്കും, എല്ലാവരും ചേര്‍ന്ന് മുറിക്കും. ഒരുമയുടെയും സന്തോഷത്തിന്റെയും കുടുംബാഘോഷമാണ് നോമ്പ്. അന്ന് എല്ലാ ദിവസവും ഇങ്ങനെയായിരുന്നു.


തിരക്കിന്റെ രാഷ്ട്രീയ സംഘടനാ ജീവിതത്തിലേക്ക് മെല്ലെമെല്ലെ നീങ്ങുമ്പോൾ ഇത്തരം അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കൂടെക്കൂട്ടി. കാമ്പസുകളിൽ, പ്രകടനങ്ങളിൽ, പ്രക്ഷോഭങ്ങളിൽ എല്ലാ വേളകളിലും നോമ്പിന് ഇടവേളയെന്നത് ചുരുക്കമാണ്. കാമ്പസ് കാലത്ത് ഇന്നെവിടെ നോമ്പുതുറയെന്നതടക്കം എല്ലാവരും ചേര്‍ന്ന് പ്ലാൻ ചെയ്യും. നോമ്പിനു മാത്രമല്ല, ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഈസ്റ്ററിനുമെല്ലാം ഇങ്ങനെതന്നെ.


ജനങ്ങളുടെയിടയിലേക്ക് അധികം ഇറങ്ങിത്തുടങ്ങിയതോടെ വീട്ടിലെ ആ കൂട്ടുനോമ്പുതുറ നഷ്ടമായിത്തുടങ്ങിയിരുന്നു. പാലക്കാട്ടേക്ക് താമസം മാറിയപ്പോഴും വീട്ടിലെത്തി നോമ്പുതുറക്കൽ അധികമുണ്ടായിട്ടില്ല. പക്ഷേ, വീട്ടിലെ നോമ്പുതുറതന്നെയാണ് ഏറെയിഷ്ടം. അഭിഭാഷകയായ ഭാര്യ അഷീലയുടെ മാഹിയിലെ വീട്ടിലെത്തിയാൽ വിഭവങ്ങളുടെ കളിയാട്ടമാണ്. കടികളും പലഹാരങ്ങളും കൊണ്ട് നിറയുന്ന അവിടത്തെ രുചി ഒന്ന് വേറെയാണ്. ഒന്നാം ക്ലാസുകാരി ദുആ ആഘോഷത്തിലെ സന്തോഷമാണ്.

പാറപ്പുറം തറവാട്ടിൽനിന്ന് പലരും പലയിടങ്ങളിലേക്ക് കൂടുമാറിയെങ്കിലും പെരുന്നാളെന്നത് ആ മുറ്റത്തെ ആഘോഷമായി ഇന്നും തുടരുന്നുണ്ട്. വല്യുപ്പാന്റെ മരണ ശേഷം വല്യുമ്മാന്റെ ആശീര്‍വാദത്തിലായിരുന്നു ആഘോഷം. ഇത്തവണ വല്യുമ്മായും ഇല്ല എന്നതാണ് സങ്കടം. എന്നാലും എല്ലാവരും കൂടണം എന്നാണ് ആഗ്രഹം. തറവാടിന്റെ ആ തനിമയുടെ ഓരത്ത് ചേരുന്നതിൽപരം ആഘോഷം മറ്റൊന്നില്ല.

Tags:    
News Summary - shafi parambil MLA shares Eid Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.