സാബ്രി അധ്യാപകൻ കലാമണ്ഡലം അനിൽകുമാറിനൊപ്പം 

സ്വപ്നം സഫലം; അരങ്ങേറ്റത്തിനൊരുങ്ങി സാബ്രി

ചെറുതുരുത്തി: കലാമണ്ഡല ചരിത്രത്തിൽ പുതു അധ്യായ​മെഴുതി കഥകളി രംഗത്തെത്തിയ സാബ്രി അരങ്ങേറ്റം കുറിക്കുന്നു. ഒക്ടോബർ രണ്ടിനാണ് ആ സ്വപ്നം സഫലമാകുന്നത്. മുസ് ലിം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടി എന്ന ചരിത്രം 2023 ലാണ് സാബ്രി സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. അഞ്ചൽ പനച്ചവിള ‘തേജസ്’ വീട്ടിൽ പരിസ്ഥിതി ഫോട്ടോഗ്രാഫർ നിസാം അമ്മാസിന്റെയും അനീസയുടെയും മകളാണ്.

അഞ്ചൽ ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ നിന്ന് ഏഴാം തരം പൂർത്തിയാക്കിയാണ് കലാമണ്ഡലത്തിൽ ചേർന്നത്. അതിന് മുമ്പ് മോഹിനിയാട്ടവും കഥകളിയും പഠിക്കാന്‍ തുടങ്ങിയിരുന്നു. എട്ടാം ക്ലാസിൽ ആദ്യമായെത്തിയപ്പോൾ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാണ് സാബ്രിക്ക് ആദ്യമുദ്രകൾ പകർന്ന് നൽകിയത്.

അധ്യാപകൻ കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റ് ആശാന്മാരുടെയും ശിക്ഷണത്തിലായിരുന്നു പിന്നീടുള്ള പഠനം. ‘പുറപ്പാട്’ എന്ന കഥകളിയാണ് അരങ്ങേറ്റ ദിനത്തിൽ കൂത്തമ്പലത്തിൽ അവതരിപ്പിക്കുക. കൂടെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ട്.

ചെറുപ്പം മുതലേ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം തോന്നിയ സാബ്രിയുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ഫോട്ടോഗ്രാഫറായ പിതാവ് കഥകളി ചിത്രങ്ങൾ പകർത്താൻ ക്യാമറയുമായി എത്തിയ ഇടങ്ങളിലെല്ലാം പാതിരാവോളം കൂടെയുണ്ടായിരുന്നു മകളും.

കലാമണ്ഡലം അധ്യാപകൻ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമലിന് കീഴിൽ രണ്ട് വർഷത്തെ പരിശീലന ശേഷമാണ് കലാമണ്ഡലത്തിൽ ചേർന്നത്. ഏക സഹോദരൻ മുഹമ്മദ് യാസീൻ സൈബർ ഫോറൻസിക് സെക്യൂരിറ്റി വിദ്യാർഥിയാണ്. വലിയൊരു സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിലാണെന്ന് പിതാവ് നിസാം അമാസ് പറഞ്ഞു. 2022 മുതലാണ് പെണ്‍കുട്ടികള്‍ക്ക് കലാമണ്ഡലത്തില്‍ കഥകളി വേഷത്തില്‍ പ്രവേശനം നല്‍കിത്തുടങ്ങിയത്.

Tags:    
News Summary - Sabri N First Muslim Girl prepares for Kathakali in Kerala Kalamandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT