ഋതുലക്ഷ്മി പറയുന്നു; ‘പാഴ് വസ്തുക്കൾ വലിച്ചെറിയല്ലെ, അത്, പാവപ്പെട്ടവര്‍ക്ക് വഴിവെളിച്ചമാകും’

കൊയിലാണ്ടി: ​ബി.ഇ.എം യു.പി. സ്‌കൂളിലെ ആറാം ക്ലാസുകാരി ഋതുലക്ഷ്മി സാന്ത്വന വഴിയിലാണ് സഞ്ചരിക്കുന്നത്. സ്‌കൂളില്‍ ചെയ്യേണ്ട പ്രോജക്ടിനായുള്ള പ്രവർത്തനങ്ങളാണ് വഴിമാറി നടക്കാൻ പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് ‘പാഴ് വസ്തുക്കൾ വലിച്ചെറിയല്ലെ, അത്, പാവപ്പെട്ടവര്‍ക്ക് വഴിവെളിച്ചമാകും’ എന്ന് പറയുന്നത്.

സമൂഹത്തിൽ സാമ്പത്തികമായി പ്രയാസം അനുഭവപ്പെടുന്നവർക്ക് എന്തു​ചെയ്യാൻ കഴിയുമെന്ന പ്രോജക്ടായിരുന്നു ഋതുലക്ഷ്മിക്ക് മുൻപിലുണ്ടായിരുന്നത്. അപ്പോഴാണ് പഴയ പത്രങ്ങള്‍ ശേഖരിച്ച് വില്‍ക്കാമെന്ന ചിന്ത മനസിൽ വന്നത്. അങ്ങനെയാണ് അയല്‍വീടുകളിലും ബന്ധുവീടുകളിലും പോയി കാര്യം പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ പത്രം നല്‍കി. എല്ലാറ്റിനും പിന്തുണയുമായി സഹോദരന്‍ അസ് വിനും ഒപ്പം കൂടി.

പത്രങ്ങള്‍ വിറ്റുകിട്ടിയ പണം കൊയിലാണ്ടിയിലെ ജീവകാരുണ്യ സ്ഥാപനമായ നെസ്റ്റിന് നല്‍കാനാണ് ഋതുലക്ഷ്മി തീരുമാനിച്ചത്. ചെറിയ തുകയായിരുന്നു സംഭാവനയായി ലഭിച്ചതെങ്കിലും നെസ്റ്റിനെ സംബന്ധിച്ച് വളരെ വലുതാണെന്ന് നെസ്റ്റ് അധികൃതരും പറയുന്നു. കൊയിലാണ്ടി പാലക്കുളം സ്വദേശിയായ വിനോദ് കുമാറിന്റെയും സനിലയുടെ മകളാണ് ഋതുലക്ഷ്മി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.