ജോലി തേടി ഡേറ്റിങ് ആപ്പിലും, ‘മാച്ച്’ നോക്കി ജോബ് സൈറ്റിലും; സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘റിവേഴ്സ് ട്രെൻഡ്’

പ്രണയത്തിനോ കല്യാണത്തിനോ ഇനി ഡേറ്റിങ് ആപ്പിൽ കയറിയിട്ട് കാര്യമില്ല..ഡേറ്റിങ് ആപ്പുകളിൽ കയറുന്നത് സുന്ദരന്മാരെയും സുന്ദരിമാരെയും നോക്കി ലൈക്ക് അടിക്കാനാണ് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. മറിച്ച്, ജോലി നൽകാൻ കെൽപ്പുള്ള നല്ല 'കമ്പനി മുതലാളിമാരെ' തേടിയാണ് ഈ പുതിയ സൈബർ യാത്ര. സംഭവം ചൈനയിലാണെങ്കിലും സംഗതി രസകരമാണ്.

ചൈനയിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനയെങ്കിലും, പരമ്പരാഗത ജോലി വെബ്സൈറ്റുകൾ മടുത്ത ഉദ്യോഗാർഥികൾ ഇപ്പോൾ ഡേറ്റിങ് ആപ്പുകളായ 'ടിൻഡറിലും' 'ബംബിളിലും' റെസ്യൂമെയും കൊണ്ട് ഇറങ്ങിയിരിക്കുന്നത്.

ഡേറ്റിങ് ആപ്പിലെ ബയോയിൽ 'സംഗീതത്തോടും യാത്രകളോടും താൽപര്യം' എന്ന് എഴുതിയിരുന്നവർ ഇപ്പോൾ 'താൽപര്യം ഒരു ഐടി ജോലി കിട്ടാനാണ്' എന്ന് പരസ്യമായി കുറിക്കുന്നു. ഒരു യുവതി രസകരമായ അനുഭവം പങ്കുമെക്കുന്നതിങ്ങനെ: ഡേറ്റിങ് ആപ്പിൽ ഒരാളെ കണ്ടുമുട്ടി.കാണാൻ അത്ര ഭംഗിയൊന്നുമില്ലെങ്കിലും കക്ഷി ജോലി ചെയ്യുന്നത് യുവതിയുടെ സ്വപ്ന കമ്പനിയിലാണ്. ഇതറിഞ്ഞതോടെ 'ട്രാക്ക്' മാറി. പ്രണയത്തിന് പകരം കരിയർ പ്ലാനിങും റെഫറലും ചോദിച്ചു വാങ്ങി പുള്ളിക്കാരി ഇപ്പോൾ ആ പെൺകുട്ടിയുടെ 'മെന്റർ' ആയി മാറിയിരിക്കുകയാണ്! അതായത് ഡേറ്റിങ് ആപ്പിൽ കേറി പ്രണയം കിട്ടിയില്ല..എന്നാൽ നല്ല അസ്സൽ ജോലി കിട്ടി എന്ന് സാരം. ജോലി സൈറ്റുകളിൽ അപേക്ഷ അയച്ചാൽ പരിഗണിക്കാത്തവർ പോലും ഡേറ്റിങ് ആപ്പിൽ വളരെ മാന്യമായി മറുപടി നൽകുന്നുണ്ടെന്നാണ് മറ്റൊരാൾ പറയുന്നത്.

പ്രണയത്തിന് ജോബ് സൈറ്റുകളും..

കഥ ഇവിടെയും തീരുന്നില്ല. ജോലി കിട്ടാൻ ഡേറ്റിങ് ആപ് ഉപയോഗിക്കുന്നവർ ഉള്ളപ്പോൾ തന്നെ, കല്യാണം കഴിക്കാൻ ജോലിയുടെ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന വിരുതന്മാരും ചൈനയിലുണ്ട്. ഇന്റർവ്യൂവിന് വിളിച്ച എച്ച്.ആർ (HR) ഉദ്യോഗസ്ഥനോട് 'ചേട്ടൻ സിംഗ്ൾ ആണോ' എന്ന് ചോദിക്കുന്ന ഉദ്യോഗാർഥികളുടെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഗതി ഉഷാറായതോടെ ചൈനയിലെ പ്രമുഖ ജോബ് പ്ലാറ്റ്‌ഫോമായ 'ബോസ് സിപ്പിൻ' (BossZhipin) തങ്ങളുടെ ഒരു ഉപവിഭാഗത്തെ ഡേറ്റിങ് ആപ്പാക്കി പരിഷ്കരിച്ചു. "കല്യാണം കഴിക്കാൻ ആളെ നോക്കുന്നത് റെസ്യൂമെ നോക്കുന്നത് പോലെയാണ്" എന്ന് പരസ്യം കൊടുത്ത് അവർ പണിയും തുടങ്ങി. ഇവിടെ കള്ളം പറയാൻ പറ്റില്ല; ശമ്പളം എത്രയാണെന്ന് തെളിയിക്കാൻ ഇൻകം ടാക്സ് രേഖകൾ വരെ അപ്‌ലോഡ് ചെയ്യണം എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

ഡേറ്റിങ് ആപ്പിലെ ഫോട്ടോ കണ്ട് ശല്യപ്പെടുത്തുന്ന റിക്രൂട്ടർമാരും, ഡേറ്റ ചോർത്തുന്ന തട്ടിപ്പുകാരും ഒരു വശത്തുണ്ടെങ്കിലും ചൈനീസ് യുവതലമുറക്ക് ഇതൊന്നും പുത്തരിയല്ല. പണ്ട് പങ്കാളികളെ 'ജീവിതപങ്കാളി' എന്ന് വിളിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പലരും വിളിക്കുന്നത് 'ടീംമേറ്റ്' എന്നാണ്. പ്രണയത്തെക്കാൾ പണത്തിനും സെക്യൂരിറ്റിക്കും മുൻഗണന നൽകുന്ന ഈ പുതിയ 'ലൈഫ് ട്രെൻഡ്' സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, ചൈനയിൽ ഇപ്പോൾ 'മാച്ച്' കിട്ടുന്നത് പ്രണയത്തിനല്ല, മാസാമാസം ശമ്പളം കിട്ടുന്ന ഒരു പണിക്കാണ്!

Tags:    
News Summary - Looking for a job on a dating app and looking for a 'match' on a job site; Reverse trend goes viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.