ഗോപിക ഗോവിന്ദ്

ഗോപികയുടെ സ്വപ്നങ്ങൾക്ക് വഴിത്തിരിവായി, വാട്സ്ആപ് വഴി വന്നൊരു ബ്രോഷർ

പറക്കാൻ ചിറകുകൾ വേണമെന്നില്ല, ഉള്ളിൽ ഒരാകാശമുണ്ടായാലും മതിയെന്ന് ഗോപിക എവിടെയോ വായിച്ചിട്ടുണ്ട്. കുഞ്ഞുന്നാളിൽ ഒരുമൂളക്കത്തിന് ചെവിയോർത്ത് തൊടിയിലിറങ്ങി കണ്ട പൊട്ടുവലുപ്പമുള്ള വിമാനം കൺമുന്നിൽ നിന്ന് മാഞ്ഞെങ്കിലും ചില സ്വപ്നങ്ങൾ മായാതെകിടന്നിരുന്നു.
നക്ഷത്രങ്ങളും മേഘങ്ങളും നിറഞ്ഞ ആകാശത്തിലെ പറവയിൽ യാത്രക്കാരായെത്തുന്നവരെ കൈകൂപ്പി സ്വീകരിക്കുന്നത് മിക്കപ്പോഴും സ്വപ്നംകണ്ടു. പ്രതിസന്ധികളോട് സന്ധിചെയ്യാതെ കണ്ണൂർ ആലക്കോട് സ്വദേശി ഗോപിക ഗോവിന്ദ് പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർ ഹോസ്റ്റസാകുമ്പോൾ
ഒരുപാടുപേർക്കതൊരു ഊർജമാണ്. ചിറകുകൾക്ക് ബലമില്ലെങ്കിലും ഉള്ളിൽ ആകാശം നിറക്കാൻ
പ്രചോദനമാണ്. 

ആകാശത്ത് ഒരു വിമാനംപോലും കണ്ട ഓർമയില്ലാത്ത കാലത്ത് കടയിൽനിന്ന് അച്ഛൻ വാങ്ങിയ ചായപ്പൊടി കെട്ടിക്കൊണ്ടുവന്ന പത്രക്കടലാസിലെ പരസ്യത്തിൽനിന്നാണ് കഥയുടെ തുടക്കം. കെട്ടിയനൂൽ അഴിച്ചപ്പോൾ ചായപ്പൊടി മണത്തിനൊപ്പം വർണാഭമായൊരു ചിത്രം കണ്ണിലുടക്കി. സാധാരണ ഇത്തരം വർണച്ചിത്രങ്ങൾ പാഠപുസ്തകങ്ങളുടെ പുറംചട്ടക്ക് പൊതിയാവാറാണ് പതിവ്. ചുവപ്പ് സ്കേട്ടും പുറംകുപ്പായവും തൂവെള്ള ഷർട്ടും ധരിച്ച എയർ ഹോസ്റ്റസായിരുന്നു ചിത്രത്തിൽ. പ്രിയവർണങ്ങളായതിനാൽ കണ്ണിലുടക്കിയ ചിത്രം മാഞ്ഞില്ല. ഭാവിയിൽ ഇതുപോലെയാകണമെന്ന് മനസ്സിലുറപ്പിച്ചു. ചിത്രത്തിനടിയിൽ കോഴ്സിന്റെയും സ്ഥാപനത്തിന്റെയും മറ്റും വിവരങ്ങളുമുണ്ട്. ആരോടാണ് അന്വേഷിക്കേണ്ടതെന്ന് അന്നറിയില്ല. ഏതായാലും ചായപ്പൊടിക്കടലാസ് തൽക്കാലം ഏതോ പാഠപുസ്തകത്തിന്റെ പുറംചട്ടയിൽ വിശ്രമിച്ചു.

എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ വിമാനവും പൈലറ്റും കാബിൻ ക്രൂകളും കഥാപാത്രങ്ങളായ സിനിമകൾ കണ്ടതോടെ എയർ ഹോസ്റ്റസാകണമെന്ന മോഹം വീണ്ടുമെത്തി. അന്ന് അച്ഛന്റെ കൈയിൽ സ്മാർട്ട് ഫോണുണ്ട്. അറിയുന്ന വിധത്തിലൊക്കെ ഗൂഗ്ളിൽ പരതിനോക്കി. പ്ലസ് ടു കഴിഞ്ഞാൽ കാബിൻക്രൂ കോഴ്സുകൾ തിരഞ്ഞെടുക്കാമെന്ന കാര്യം മനസ്സിലാക്കി. കാര്യം ആരോടും പറയാനുള്ള ധൈര്യമുണ്ടായില്ല. സർക്കാർ സ്കൂളുകളിൽ പഠിച്ചതിനാലും പിന്നാക്ക മലയോരമേഖലയിലായതിനാലും ആംഗലേയ ഭാഷ അടക്കമുള്ള കാര്യങ്ങളിൽ ആത്മവിശ്വാസമുണ്ടായിരുന്നില്ല. കൊച്ചിയിലെയും ബംഗളൂരുവിലെയും സ്ഥാപനങ്ങളിൽ ബന്ധപ്പെട്ടെങ്കിലും രണ്ടും രണ്ടര ലക്ഷവുമൊക്കെയായിരുന്നു ഫീസ്. കൂലിപ്പണിക്കാരനായ അച്ഛനത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതോടെ സ്വപ്നത്തിന് തൽക്കാലം അവധികൊടുത്ത് കണ്ണൂർ എസ്.എൻ കോളജിൽ ബി.എസ് സി കെമിസ്ട്രിക്ക് ചേർന്നു.

വീണ്ടും മോഹിപ്പിക്കും നിറങ്ങൾ

പ്രിയ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിൽ പ്രതിസന്ധികൾ ഏറെയായതിനാൽ ജോലിസാധ്യതയുള്ള മറ്റ് പല മേഖലകളും മനസ്സിലെത്തി. ഡിഗ്രി കഴിഞ്ഞ് തളിപ്പറമ്പ് മന്നയിൽ റോയൽ എൻഫീൽഡിന്റെ ഷോറൂമിൽ കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. പിന്നീട് കോവിഡൊക്കെ വന്ന് എല്ലാവരും ലോക്ഡൗണിൽ അടച്ചിട്ടിരിപ്പായി. ഒരു ദിവസം കസിൻ സിസ്റ്ററുടെ കൈയിൽ ചുവപ്പുനിറത്തിലൊരു സ്കേട്ടും ​തൂവെള്ള ഷർട്ടും കാണാനിടയായപ്പോൾ ചായപ്പൊടിക്കടലാസിൽ ഉടക്കിയ സ്വപ്നം വീണ്ടുമുണർന്നു. മനസ്സിലുള്ള സ്വപ്നം ആദ്യമായി പങ്കുവെച്ചത് അശ്വതിയോടും പ്രിയ സുഹൃത്ത് ആരോമലിനോടുമാണ്. കോഴ്സുകളെ കുറിച്ച് അന്വേഷിച്ചതും ഫീസ് താങ്ങാനാവാത്തതാണെന്നുമെല്ലാം പറഞ്ഞപ്പോൾ എന്തുവന്നാലും വിട്ടുകളയരുതെന്ന് പറഞ്ഞു. പിന്നീട് പലപ്പോഴായി പല പ്രതിസന്ധികൾ ഉണ്ടായപ്പോ​ഴെല്ലാം ജീവനുതുല്യം ആകാശത്തെ ജോലി ആഗ്രഹിക്കുന്നകാര്യം അറിയാവുന്ന ആരോമലും അശ്വതിയും ഇടക്കിടെ സ്വപ്നത്തെ പൊടിതട്ടി ഓർമിപ്പിച്ച് ധൈര്യം തന്നുകൊണ്ടേയിരുന്നു.

ഒരു ദിവസം വാട്സ്ആപ് വഴി വന്നൊരു ബ്രോഷറാണ് വഴിത്തിരിവായത്. ആകാശ സ്വപ്നങ്ങളെ താലോലിക്കുന്ന ആദിവാസി വിഭാഗങ്ങളിലുള്ളവർക്ക് ഏവിയേഷൻ കോഴ്സിന് ചേരാൻ സംസ്ഥാന സർക്കാർ സൗകര്യമൊരുക്കുന്ന പദ്ധതിയെ കുറിച്ചായിരുന്നു ബ്രോഷർ. കോളനിയിലെ എസ്.ടി പ്രമോട്ടറും ഇക്കാര്യം അറിയിച്ചു. അങ്ങനെയാണ് അപേക്ഷിക്കുന്നതും ഡിപ്ലോമ ഇൻ ഏവിയേഷൻ കസ്റ്റമർ സർവിസ് കോഴ്സിന് പ്രവേശനം നേടാൻ വയനാട്ടിലേക്ക് ചുരംകയറുന്നതും. കൽപറ്റക്കടുത്ത് പുളിയാർമലയിലായിരുന്നു സ്ഥാപനം. ആദ്യമായി അഭിമുഖത്തിന് കയറിയതും തിരഞ്ഞെടുക്കപ്പെട്ടതും ഞാനായിരുന്നു. ഡയറക്ടർ മനു എം. നായരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി ഒരായിരം കഥകൾ പറയാനുണ്ടായിരുന്നു. കാബിൻ ക്രൂ ആകണമെന്ന സ്വപ്നം പങ്കുവെച്ച കഥ അദ്ദേഹം ഇന്നും പറയും.

എയർ ഇന്ത്യ വിളിക്കുന്നു

ഏവിയേഷൻ കോഴ്സ് ആറുമാസം കടന്നപ്പോഴാണ് എയർ ഇന്ത്യയിൽ കാബിൻ ക്രൂ ​നിയമനത്തിനായി അഭിമുഖത്തിന് വിളിച്ചത്. ജൂ​ലൈ ഒന്നിന് ഇടവേള സമയത്ത് ക്ലാസിലിരിക്കുമ്പോഴാണ് തിരഞ്ഞെടുക്കപ്പെട്ടതായി വിളിയെത്തുന്നത്. എത്രയോ വർഷം ഉള്ളിൽകൊണ്ടുനടന്ന സ്വപ്നം കൺമുന്നിൽ വന്നുനിൽക്കുന്നതറിഞ്ഞപ്പോൾ സന്തോഷം പുളിയാർമലയും കടന്ന് ഉയർന്നുപോയി. ആദ്യമൊന്നും വിശ്വസിക്കാനായില്ല. നമ്മുടെ കൂട്ടത്തിൽ നാലുപേർ പ​ങ്കെടുത്തിരുന്നെങ്കിലും ജോലികിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല. 10 ദിവസത്തിനുള്ളിൽ മെഡിക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മുംബൈക്ക് എത്തണമെന്നതിനാൽ പിന്നെയും ടെൻഷനായി. മുന്നൊരുക്കങ്ങൾ ഇല്ലാത്തതിനാൽ പോകുന്നില്ലെന്നുപോലും ചിന്തിച്ചു. ഡയറക്ടർ മനു എം. നായരും എച്ച്.ആർ മാനേജർ രചന ശങ്കറും അടക്കമുള്ളവരാണ് പിന്തുണ നൽകി കൂടെനിന്നത്.

നാട്ടുകാർക്കൊപ്പം വീട്ടുകാരും അറിഞ്ഞു

ആദിവാസി വിഭാഗത്തിൽനിന്നൊരാൾ എയർ ഹോസ്റ്റായെന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെയാണ് ഗോപികയുടെ ജോലി എന്താണെന്നകാര്യം നാട്ടുകാർക്കൊപ്പം വീട്ടുകാരും അറിഞ്ഞത്. ഏവിയേഷൻ ഇൻഡസ്ട്രി എന്നാൽ, ഒരുപാട് വിഭാഗങ്ങളും ഉപവിഭാഗങ്ങളും നിറഞ്ഞതാണ്. ഞാൻ ഗ്രൗണ്ട് സ്റ്റാഫായിരിക്കുമെന്നാണ് അച്ഛൻ ഗോവിന്ദനും അമ്മ ബിജിയും സഹോദരൻ ഗോകുലും അടക്കമുള്ളവരുടെ ചിന്ത. കരിപ്പൂർ വിമാനാപകടമൊക്കെ ഉണ്ടായത് ആയിടക്കാണ്. അതുകൊണ്ടുതന്നെ പറന്നുള്ള പണിയൊന്നും അച്ഛന് ഇഷ്ടമായിരുന്നില്ല. ടെർമിനലിന്റെ ഉള്ളിൽ ഓഫിസുകളിലുള്ള ജോലിയെടുത്താൽ മതിയെന്നായിരുന്നു അവരുടെ നിർബന്ധം.

അച്ഛന്റെ ആഗ്രഹം നിറവേറ്റാനായില്ല

എല്ലാ ക്ലാസിലും ഹിന്ദി പരീക്ഷകളിൽ 96 ശതമാനത്തിലേറെ മാർക്ക് ലഭിച്ചതിനാൽ എന്നെ ഹിന്ദി അധ്യാപികയാക്കാനായിരുന്നു അച്ഛന് ഇഷ്ടം. ആളുകളെ പറഞ്ഞുപഠിപ്പിക്കാൻ തക്ക കഴിവ് ആവശ്യത്തിനില്ലാത്തതിനാൽ അധ്യാപികയാവാനില്ലെന്ന് പണ്ടേ ഉറപ്പിച്ചതാണ്. അധ്യാപികയാകാൻ ഇല്ലെങ്കിൽ ഏതൊരു രക്ഷിതാവിനെ പോലെയും മകളെ സർക്കാർ ജോലിക്കാരിയാക്കണമെന്നായിരുന്നു വീട്ടിൽ എല്ലാവർക്കും. ജീവിതം സുരക്ഷിതമാകുമെന്ന ആശ്വാസമായിരുന്നു അവർക്ക്. ആകാശം മനസ്സിലുള്ളതിനാൽ അധ്യാപികയാകാനില്ലെന്ന് അച്ഛനോട് തീർത്തുപറഞ്ഞു. പക്ഷേ, ഇപ്പോൾ അവരെല്ലാം ഹാപ്പിയാണ്.

നന്ദിപറയാൻ നിയമസഭയിൽ

പട്ടികവർഗ വിഭാഗക്കാർക്ക്‌ അയാട്ട എയർലൈൻസ് കസ്റ്റമർ സർവിസ്‌ കോഴ്‌സ്‌ പഠിക്കാൻ സൗകര്യമൊരുക്കിയ സർക്കാറിന് നന്ദി പറയാൻ ഗോപിക നിയമസഭയിലെത്തിയിരുന്നു. പട്ടികവർഗ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടയിലാണ് നിയമസഭയിലെത്തി മുഖ്യമന്ത്രിയെും മന്ത്രിമാരെയും നിയമസഭാംഗങ്ങളെയും കണ്ടത്. താനുൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക്‌ കോഴ്സിന്റെ ഉയർന്ന ഫീസും മറ്റ്‌ ചെലവുകളുമുൾപ്പെടെ താങ്ങാനായതിൽ സർക്കാറിന്റെ സഹായത്തിന് നന്ദി പറഞ്ഞു.

ആദ്യയാത്ര

ജീവിതത്തിൽ ഏറ്റവും ആവേശവും മറക്കാനാവാത്തതുമായ നിമിഷം ആദ്യമായി വിമാനത്തിൽ കയറിയതാണ്. ആകാശപ്പരപ്പിൽ പൊട്ടിന്റെ വലുപ്പത്തിൽ മാത്രം കണ്ടുകൊതിച്ച ആകാശപ്പറവ​യിൽ കയറിയതും മേഘങ്ങളിലേക്ക് ഉയർന്നതും കണ്ണുനിറച്ചാണ് ആസ്വദിച്ചത്. പുലർച്ചെ നാലരക്കായിരുന്നു ഫ്ലൈറ്റ്. നക്ഷത്രങ്ങളും നഗരങ്ങളുടെ രാത്രികാഴ്ചകളും ആവേശം ഇരട്ടിപ്പിച്ചു. ആളു കുറവായതിനാൽ വിൻഡോ സീറ്റ് തന്നെ ലഭിച്ചു. തലേന്ന് ഉറങ്ങാത്തതിനാൽ മയങ്ങി​പ്പോയിരുന്നു.

'വെൽകം ടു മുംബൈ' എന്ന അനൗൺസ്മെന്റ് കേട്ടാണ് രാവിലെ ഉണർന്നത്. മുംബൈയിൽ സഹായത്തിനായി മനു സാർ ഏർപ്പാടാക്കിയ എയർ ഇന്ത്യയിലെ ജീവനക്കാരൻ അഖിലേഷ് വിമാനത്താവളത്തിൽ എത്തിയിരുന്നു. പരിചയക്കാർ ആരുമില്ലാതെ ഒറ്റപ്പെട്ടുപോകുമെന്ന് കരുതിയ മഹാനഗരത്തിൽ ഇപ്പോൾ നിറയെ സുഹൃത്തുക്കളാണ്. മാധ്യമങ്ങളിൽ വാർത്തയായതോടെ പലരും തിരിച്ചറിയുന്നുണ്ട്. മുംബൈയിൽ പരിശീലനം പൂർത്തിയാക്കിയ ഗോപിക അടുത്തദിവസംതന്നെ ഇഷ്ടജോലിയിൽ പ്രവേശിക്കും.

ആകാശസ്വപ്നങ്ങൾ ഉള്ളിലുള്ള നിരവധിപേർ കോഴ്സിനെ കുറിച്ചറിയാനും മറ്റും ഗോപികയെ വിളിക്കാറുണ്ട്. സാഹചര്യങ്ങൾക്ക് കേവലം രണ്ടാം സ്ഥാനം മാത്രമാണെന്നും ഒന്നാമൻ നമ്മുടെ സ്വപ്നങ്ങളാണെന്നുമാണ് എല്ലാവരോടും പറയാനുള്ളത്. പുതുതലമുറയുടെ സ്വപ്നങ്ങളെ പൊടിപിടിക്കാതെ കാത്ത് ഗോപിക ധൈര്യം പകർന്നുകൊണ്ടിരിക്കുകയാണ്.l

Tags:    
News Summary - Life story of Airhostess Gopika Govind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.