കൊച്ചി: എളമക്കര ഭവൻസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അസി. ടീച്ചറായി വന്ന സുശീലയുടെ ചോദ്യമാണ് എറണാകുളം പുല്ലേപ്പടി പറക്കാട്ട് വീട്ടിൽ പി.എ. ആയിഷ അൽമാസിന്റെ ജീവിതം മാറ്റിമറിച്ചത്.
ആർക്കൊക്കെ യോഗ പരിശീലിക്കാൻ താൽപര്യമുണ്ട് എന്ന ചോദ്യം കേട്ട് എണീറ്റുനിന്ന ആ പെൺകുട്ടി ഇന്ന് മലേഷ്യയിലെ ക്വാലാലംപൂരിൽ വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാസന ചാമ്പ്യൻഷിപ്പിൽ (ഏഷ്യ പസഫിക് യോഗാസന ചാമ്പ്യൻഷിപ്- 2025) സ്വർണനേട്ടവുമായി നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.
സീനിയർ വിഭാഗത്തിൽ ട്രഡീഷനൽ യോഗ ഇനത്തിലാണ് ആയിഷ രാജ്യത്തെ പ്രതിനിധീകരിച്ച് 100ലേറെ എതിരാളികളുടെ മുട്ടുമടക്കി ചാമ്പ്യനായത്. തൊട്ടുപിന്നാലെ ഒക്ടോബർ 19ന് തൃശൂരിൽ കേരള യോഗ അസോസിയേഷൻ സംഘടിപ്പിച്ച സ്റ്റേറ്റ് യോഗാസന ചാമ്പ്യൻഷിപ്പിലും സ്വർണം കൊയ്തു.
കഴിഞ്ഞ 15 വർഷമായി യോഗ പഠിച്ചും പഠിപ്പിച്ചും മുന്നേറുകയാണ് ആയിഷ. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പി.ജി വിദ്യാർഥിനിയായ ഈ മിടുക്കി ഇതേ കോളജിൽ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ നേരത്തെ മറ്റൊരു പി.ജിയും ബി.എസ്.സി സുവോളജിയും പൂർത്തിയാക്കിയിട്ടുണ്ട്. കോളജിലെ സ്പോർട്സ് ഹെഡായ ആയിഷയുടെ ക്യാപ്റ്റൻസിയിൽ ആഴ്ചകൾക്കുമുമ്പ് എം.ജി സർവകലാശാല യോഗ ചാമ്പ്യൻഷിപ്പിൽ സെന്റ് തെരേസാസ് ടീം ഒന്നാമതെത്തിയിരുന്നു.
യോഗയുടെ ബാലപാഠങ്ങൾ അധ്യാപികയായ സുശീലയാണ് പഠിപ്പിച്ചതെങ്കിലും പിന്നീട് സ്വയം പരിശീലിച്ച് മുന്നേറുകയായിരുന്നുവെന്ന് ആയിഷ പറയുന്നു. മാതാപിതാക്കളായ പി.എം. ഷൈനി-പി.എ. അർഷദ് (ബിസിനസ്), സഹോദരൻ അബ്ദുൽഖാദർ, പിതൃമാതാവ് ആയിഷ എന്നിവരെല്ലാം പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ഇക്കഴിഞ്ഞ യോഗദിനത്തിൽ എളമക്കര സ്കൂളിലെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.