ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്ന് മികച്ച വിജയവുമായി അമീറിന്റെ പത്നിയിൽനിന്നും സ്വർണ മെഡൽ നേടിയ മലയാളി
വിദ്യാർഥിനികളായ ഷെരിഫ മൊയ്തീൻ, മനിഷ കരിം, റിദ ബിസ്മി എന്നിവർ
ദോഹ: കഴിഞ്ഞ ആഴ്ചയിലായിരുന്നു ഖത്തറിലെ ഏറ്റവും പ്രശസ്ത കലാലയമായ ഖത്തർ സർവകലാശാലയിൽനിന്ന് വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ആദരമായി 46ാമത് ബിരുദദാന ചടങ്ങ് നടന്നത്. ആദ്യ ദിനത്തിൽ പുരുഷ ബിരുദധാരികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വർണമെഡലുകൾ സമ്മാനിച്ച് ഉന്നതവിജയികളെ ആദരിച്ചപ്പോൾ, രണ്ടാം ദിനം വനിതാ ബിരുദധാരികൾക്കുള്ള ഊഴമായിരുന്നു. അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്നും സ്വദേശികളും വിവിധ രാജ്യക്കാരും ഉൾപ്പെടെ 400ലേറെ പേർ സ്വർണമെഡൽ ഏറ്റുവാങ്ങി. അവരിൽ ഉന്നത വിജയത്തിന്റെ തിളക്കത്തിൽ മൂന്ന് മലയാളികളുമുണ്ടായിരുന്നു.
ഖത്തർ സർവകലാശാലയിൽനിന്ന് വിവിധ വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയ മൂന്നു പേർ. പത്തനംതിട്ട തിരുവല്ല സ്വദേശിനി മനിഷ കരിം, മലപ്പുറം പൊന്നാനിയിൽനിന്നുള്ള റിദ ബിസ്മി, കണ്ണൂരിൽനിന്നുള്ള ഷരീഫ മൊയ്തീൻ.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നും സെക്കൻഡറി, ഹയർസെക്കൻഡറി പഠനം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയായിരുന്നു കൂട്ടുകാർ കൂടിയായ മൂവരും ഖത്തർ സർവകലാശാലയിൽ വിവിധ ഡിപ്പാർട്മെന്റുകളിൽ ബിരുദ പഠനത്തിന് ചേർന്നത്.
വർഷങ്ങളായി ഖത്തറിൽ ബിസിനസ് നടത്തുന്ന പത്തനംതിട്ട സ്വദേശി അബ്ദുൽ കരിം, സബീന കരിം എന്നിവരുടെ മകളായ മനിഷ കരീം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിലാണ് ബിരുദം പൂർത്തിയാക്കിയത്. നാലു വർഷം നീണ്ട പഠനം കഴിഞ്ഞിറങ്ങിയപ്പോൾ മികച്ച വിജയത്തോടെ തന്നെ ബിരുദം പൂർത്തിയാക്കിയതിനുള്ള അംഗീകാരമായിരുന്നു രാജ്യത്തെ പ്രഥമ വനിത സമ്മാനിച്ച സ്വർണമെഡൽ. എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിനിയായിരുന്നു മനിഷ.
എൻ.എം മൊയ്തീൻ -സുബൈദ ദമ്പതികളുടെ മകളായ ഷരീഫ മൊയ്തീൻ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽനിന്ന് സെക്കൻഡറി, ഹയർസെക്കൻഡറി പൂർത്തിയാക്കിയാണ് ഫാർമസിയിൽ ബിരുദ പഠനത്തിന് ഖത്തർ സർവകലാശാലയിലെത്തിയത്.
മലപ്പുറം സ്വദേശിയായ അഹമ്മദ് കബീർ - ഷബിന കബീർ എന്നിവരുടെ മകളായ റിദ ബിസ്മി ഖത്തർ യൂനിവേഴ്സിറ്റിയുടെ കോളജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സിൽനിന്നും ബി.ബി.എ അക്കൗണ്ടിങ്ങിലാണ് സ്വർണമെഡൽ നേട്ടത്തോടെ ബിരുദം പൂർത്തിയാക്കിയത്. ബിർല പബ്ലിക് സ്കൂളിൽനിന്നായിരുന്നു റിദ സ്കൂൾ പഠനം കഴിഞ്ഞത്.
കഴിഞ്ഞയാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഗവേഷണ ബിരുദം നേടിയ പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണനും ശൈഖ ജവഹറിൽനിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.