കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...

മംഗള ചടങ്ങുകളും ആഘോഷങ്ങളും അടുത്തെത്തുമ്പോള്‍ പെണ്‍കൊടികള്‍ക്ക് ആകെ ടെന്‍ഷനാണ്. പട്ടുപുടവയും അവക്ക് ചേരുന്ന ആഭരങ്ങളും വേണം. സാധാരണ പോലെ അണിഞ്ഞൊരിങ്ങിയാല്‍ ഒരു ചേലില്ല... കുറച്ചു വ്യത്യാസമൊക്കെ വേണ്ടേ... അവിടെയാണ് കണ്‍ഫ്യൂഷന്‍?

ജിമുക്ക കമ്മല്‍ സെറ്റ് സാരിയോടൊപ്പം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. വിപണിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുള്ളതും ജിമുക്ക കമ്മലിന് തന്നെ! പക്ഷെ ഏത് തെരഞ്ഞെടുക്കും? ടെറാക്കോട്ട ജിമുക്ക കമ്മലുകള്‍, പേപ്പര്‍ ജിമുക്ക, പരമ്പരാഗത രീതിയിലുള്ളവ, ഏറ്റവും പുതിയ സ്റ്റൈല്‍ ജിമുക്കകള്‍, തട്ടുതട്ടായുള്ളവ... ഇങ്ങനെ പോകുന്നു ജിമുക്ക കമ്മലുകളുടെ ഒരു നീണ്ട നിര. ഇതില്‍ നിന്നാണ് തെരഞ്ഞെടുക്കേണ്ടത്. സെറ്റ് സാരിയുടെ കരയുടെ നിറത്തിനനുസരിച്ചാണെങ്കില്‍ പല കളറുകളിലുള്ള പേപ്പര്‍ ജിമുക്കയും പല നിറത്തിലും തരത്തിലുമുള്ള ടെറാക്കോട്ട കമ്മലുകളും തെരഞ്ഞെടുക്കാം.

ടെറാക്കോട്ട കമ്മലുകള്‍ക്ക് ഭാരം കുറച്ച് കൂടുതലുണ്ട്. സ്വര്‍ണ കസവുള്ള സെറ്റ് സാരിയാണെങ്കില്‍, നിറയെ കല്ലുകള്‍ പതിച്ച പഴയ ജിമുക്ക പുതിയ സ്റ്റൈലില്‍ രംഗത്തെത്തിയിട്ടുണ്ട്. ധാരാളം അലുക്കുകള്‍ തൂങ്ങി കിടക്കുന്നവയാണ് ഏറ്റവും പുതിയ ട്രെന്‍ഡ്. ആന്‍റിക് കളറില്‍ കല്ല് പതിപ്പിച്ച ഇവക്ക് ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്. 145 രൂപ മുതല്‍ 500 രൂപയോളമാണ് ഈ കമ്മലുകളുടെ വില.

നിറയെ കല്ലുകള്‍ പതിച്ച വലിയ ജിമുക്കയുടെ ഫാഷന്‍ പോയിട്ടില്ല. മുഖത്തിനിണങ്ങുന്നവ നോക്കി തെരഞ്ഞെടുക്കാം. ചെറുത് മുതല്‍ ചെറിയ ചിരട്ടയോളം വലുപ്പമുള്ള ജിമുക്ക വരെ വിപണിയിലുണ്ട്. 498 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. ജിമുക്കയുടെ വലുപ്പത്തിന് അനുസരിച്ച് വില ഉയരും. നൃത്തം ചെയ്യുന്ന മയില്‍ സ്റ്റഡ്ഡിനൊപ്പമുള്ള വെളുത്ത മുത്തിന്‍െറ അലുക്കുകളോട് കൂടിയ മെറ്റാലിക് ജിമുക്കകള്‍ ഏത് സ്ത്രീകളുടെയും മനം കവരും. ജിമുക്ക കമ്മലുകള്‍ വൃത്താകൃതിയില്‍ നിന്ന് മാറി തൃകോണാകൃതിയിലും ലഭ്യമാണ്. പരമ്പരാഗത ഡിസൈനുകളില്‍ നിന്ന് മാറി ചിന്തിക്കുന്നവര്‍ക്കായി നൂതന ആശയങ്ങളിലുള്ള ജിമുക്കകളും വിപണിയിലെത്തിയിട്ടുണ്ട്.

രാംലീല കളക്ഷനുകളിലെ ജിമുക്കയും നവതരംഗം സൃഷ്ടിക്കുന്നുണ്ട്. കസവ് സാരിയോടൊപ്പം മറ്റേതൊരു കമ്മലിനേക്കാള്‍ ചേര്‍ച്ച ജിമുക്ക കമ്മലിന് തന്നെയാണ്. എത്ര ഫാഷനബ്ള്‍ ആയാലും കസവ് സാരിയുടുക്കുമ്പോള്‍ മലയാളി മങ്കയാകാനാണ് സ്ത്രീകള്‍ക്കിഷ്ടം. ഫാഷനബ്ള്‍ പെണ്‍കൊടികളെ ഞൊടിയിടയില്‍ തനി മലയാളി മങ്കയാക്കി മാറ്റാന്‍ ഈ ജിമുക്ക കമ്മലുകള്‍ക്ക് കഴിയും.

-ജുവല്‍ ആന്‍
കടപ്പാട്:
Alphonsa
Shenoys Junction,
Ernakulam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT