?????? ??? ?????? ??????????? ????????? ????? ?????????

യൗവനം വീണ്ടും പൊറപ്പെട്ടു പോകുമ്പോൾ

അകലങ്ങളില്‍ കാത്തിരിക്കുന്ന കാണാക്കാഴ്ചകളുടെ പ്രലോഭനങ്ങളില്‍ പുറപ്പെട്ടു പോയ ഒരു യൗവന കാലമുണ്ടായിരുന്നു മലയാളിക്ക്. പൊറുതിമുട്ടിക്കുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് കൂടിയാണ് തീപിടിച്ച യൗവനം അന്ന് പുറപ്പെട്ട് പോയത്. കാലം മാറി, സാഹചര്യങ്ങളും. ഞരമ്പുകളില്‍ ഉറങ്ങുന്ന ഗൃഹാതുരതയാണോ കാണാക്കാഴ്ചകളുടെ പ്രലോഭനങ്ങളാണോ ഭ്രമിപ്പിക്കുന്ന വേഗമാണോ വിളിക്കുന്നതെന്നറിയില്ല, പുതുതലമുറയും ‘പുറപ്പെട്ടു പോകുകയാണ് ’...

റോഡില്‍ ട്രെന്‍ഡാ ഡാ...

അലസമായ വസ്ത്രങ്ങള്‍, ഉയര്‍ത്തിനിര്‍ത്തിയ മുടി, ചത്തെി ഒരുക്കിയതോ നീട്ടി വളര്‍ത്തിയതോ ആയ താടി, കണ്ണ് മറച്ച് കൂളിങ് ഗ്ലാസ്, കനത്ത ശബ്ദത്തിനൊപ്പം ബൈക്കിലോ, കാറിലോ ഉള്ള യാത്ര... യുവത്വം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. നടപ്പിലും ഭാവത്തിലും ന്യൂജനായവര്‍ക്ക് വാഹനങ്ങളുടെ തെരഞ്ഞെടുപ്പിലും ആ ട്രെന്‍ഡുണ്ട്. ലക്ഷങ്ങള്‍ കൊടുത്ത് വാഹനം വാങ്ങാന്‍ പണമുള്ളവര്‍ നിരത്തിലിറങ്ങി വിലസും. ഇതിനൊന്നും പണമില്ലെങ്കിലോ... ചുളുവിലയ്ക്ക് ബൈക്കോ കാറോ വാങ്ങി ‘ആള്‍ട്രേഷന്‍’ ചെയ്ത് റോഡിലിറക്കി ‘ഷൈന്‍’ ചെയ്യും. വാഹനങ്ങള്‍ രൂപം മാറ്റുന്നതിനെതിരെ ഹൈകോടതി തന്നെ രംഗത്ത് വന്നെങ്കിലും ‘ട്രെന്‍ഡൊന്നും’ മാറിയിട്ടില്ല. പോകുമ്പോള്‍ നാലാളറിയണം, നോക്കണം, അതേ വേണ്ടൂ...  

വട്ടക്കണ്ണാടി, പച്ചടാങ്ക്, പരന്ന ടയര്‍...

ബൈക്കുകളിലാണ് യുവതയുടെ പുതുപരീക്ഷണങ്ങള്‍. സൈഡ് മിററിലെ രൂപമാറ്റം, ഹെഡ് ലൈറ്റും സൈലന്‍സറും മാറ്റിയുള്ള കളികള്‍, വിവിധ വര്‍ണങ്ങളിലുള്ള പെട്രോള്‍ ടാങ്ക്, സീറ്റിന്‍െറ ഡിസൈന്‍ മാറ്റം, ഹെഡ് ലൈറ്റിനോട് ചേര്‍ന്ന് ഗ്ലാസുകള്‍, സ്റ്റിക്കറുകള്‍... ഇങ്ങനെ പോകുന്നു യൂത്തിന്‍െറ ബൈക്കിലെ പരീക്ഷണങ്ങള്‍. പിന്‍ചക്രം കാറിന്‍റേതിന് തുല്യമാക്കാന്‍ പുതിയ ഭാഗങ്ങള്‍ വരെ വെച്ചുപിടിപ്പിക്കുന്നവരുണ്ട്. ക്രാഷ്ഗാര്‍ഡില്‍ വരെ ഈ പരീക്ഷണം കാണാം. കേരളത്തില്‍ ബൈക്കുകളിലെ പരീക്ഷണം അടുത്തിടെ തുടങ്ങിയതല്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പെ പുസ്തകങ്ങളായും ചലച്ചിത്രമായുമെല്ലാം ബൈക്ക് യാത്രാക്കമ്പം യുവതയുടെ സിരകളിലത്തെിയിരുന്നു. ചെഗുവേരയുടെ യാത്രയുടെ കഥ പറഞ്ഞ സിനിമക്കൊപ്പം ബോണ്‍ ടു റൈഡ്, ദി ലാസ്റ്റ് റൈഡേഴ്സ്, ബൈക്കര്‍ ഡ്രീംസ്, ഈസി റൈഡര്‍, ദി ഗ്രേറ്റ് എസ്കേപ്പ്, ബൈക്കര്‍ ബോയ്സ് തുടങ്ങിയ വിദേശ ചിത്രങ്ങളും ഹിന്ദിയില്‍ അടുത്തിടെ ഇറങ്ങിയ ധൂം സീരീസുമെല്ലാം ബൈക്കിലെ പരീക്ഷണങ്ങള്‍ക്കും സാഹസികതക്കും ഊര്‍ജം പകര്‍ന്നവയായിരുന്നു. മലയാളത്തിലെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം ബൈക്കില്‍ ഊരുചുറ്റുന്നവനാണ്. മലയാളത്തില്‍ പിന്നീട് യുവത്വത്തിന്‍െറ കഥ പറഞ്ഞ സിനിമകളിലെല്ലാം സഹയാത്രികനായി ബൈക്കുണ്ട്. സ്ക്രീനില്‍നിന്ന് യുവാക്കളുടെ മനസ്സിലേക്കും പിന്നെ നിരത്തുകളിലേക്കും അവ ഓടിയിറങ്ങി.

കാറ്റും വെളിച്ചവും കണ്ടുള്ള യാത്രകള്‍

അടച്ചിട്ട വാഹനങ്ങളുടെ സുരക്ഷിതത്വം ഉപേക്ഷിച്ച്, കാറ്റും വെളിച്ചവും കണ്ടും കൊണ്ടുമുള്ള ബൈക്ക് യാത്രകള്‍ക്ക് ഇന്ന് ഏറെപേരുണ്ട്. അതിനായി മാത്രം പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുണ്ട്. 2015 മേയില്‍ മലപ്പുറത്തു നിന്ന് കെ.ടി.ഡി.സിയുടെ നേതൃത്വത്തില്‍ ‘എക്സ്പ്ലോര്‍ മലപ്പുറം’ എന്ന പേരില്‍ 70 കിലോമീറ്റര്‍ അകലെയുള്ള കക്കാടംപൊയിലിലേക്ക് നടത്തിയ ബുള്ളറ്റ് റൈഡില്‍ പങ്കെടുത്തത് 60 പേരാണ്. എട്ടും പത്തും പേരടങ്ങുന്ന സംഘങ്ങളായി കൂട്ടത്തോടെ നാടു കാണാനിറങ്ങുന്നവരുടെ എണ്ണവും കൂടി. ഫേസ്ബുക് പേജും വാട്സ്ആപ് ഗ്രൂപ്പും വഴിയാണ് ആശയവിനിമയവും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതും. അവധി ദിവസങ്ങളില്‍ അയല്‍ ജില്ലകളിലേക്കാണ് ഇവരുടെ യാത്രകള്‍ അധികമെങ്കിലും കശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെ ബൈക്കില്‍ സഞ്ചരിച്ചവരും ജില്ലയിലുണ്ട്. കണ്ടും അറിഞ്ഞും യുവത്വം ഊര് ചുറ്റുകയാണ്.

ഇവനല്ലേ അവന്‍...

മലപ്പുറത്തിന്‍െറ നിരത്തുകള്‍ക്കിപ്പോള്‍ ബുള്ളറ്റിന്‍െറ ശബ്ദമാണ്. പൊട്ടലിനും ചീറ്റലിനുമൊപ്പം വേഗത കുറച്ചും കൂട്ടിയുമുള്ള ആ വരവാണ് നിരത്തുകളില്‍ നിറയുന്നത്. പണ്ട് ‘കൈക്കരുത്തുള്ളവര്‍’ മാത്രം കൊണ്ടു നടന്നിരുന്ന വാഹനം ഇപ്പോള്‍ യുവത്വത്തിന്‍െറ പ്രതീകമാണ്. വിലയും ഭാരവും താങ്ങാനാവാത്തതിനാല്‍ ഏറെനാള്‍ അപൂര്‍വം പേര്‍ മാത്രമായിരുന്നു ഈ വാഹനത്തിന്‍െറ ഉടമകള്‍. ഇന്ന് കഥ മാറി. തൂക്കം കുറച്ചും ഇന്ധനക്ഷമത കൂട്ടിയും ബുള്ളറ്റ് വീണ്ടും നിരത്തിലിറങ്ങിയതോടെ ആവശ്യക്കാര്‍ ഏറി. ഇലക്ട്ര, ക്ലാസിക്, തണ്ടര്‍ബേര്‍ഡ്, കോണ്‍ടിനന്‍റല്‍ ജി.ടി, ഹിമാലയന്‍ എന്നീ പേരുകളിലുള്ള മോഡലുകള്‍ നിരത്തുകളില്‍ സജീവം. ഇടതുവശത്ത് ബ്രേക്കും വലതുവശത്ത് ഗിയറും എന്ന പഴയ രീതിയും കമ്പനി മാറ്റി. ഭാരം കുറച്ചും മൈലേജ് കൂട്ടിയും നടത്തിയ പരീക്ഷണത്തിനൊപ്പം മുഖവും മിനുക്കിയതോടെ യുവാക്കള്‍ക്കിത് വല്ലാതെ ബോധിച്ചു. മൈലേജ് കൂട്ടാന്‍ ശബ്ദം കുറച്ച കമ്പനിയെ തിരുത്തി സൈലന്‍സര്‍ മാറ്റി വെക്കുന്നവരും കുറവല്ല. പണമല്ല, ‘ഷോ’യാണ് എല്ലാം എന്ന് കരുതുന്നവര്‍ക്ക് എന്തിന് മൈലേജ്!

കൂടുതല്‍ സുന്ദരനായി ആ ഇരട്ടക്കുഴലന്‍

ജാവ യെസ്ഡിയില്‍ വന്നിറങ്ങുന്ന നായകനും കാമുകിയും കാല്‍ ദശകം മുമ്പത്തെ മലയാള സിനിമയില്‍ പതിവു കാഴ്ചയായിരുന്നു. 1996ല്‍ ജാവ യെസ്ഡി (jawa yezdi) കമ്പനി മൈസൂരുവിലെ പ്ലാന്‍റ് അടച്ചുപൂട്ടുകയും വാഹന നിര്‍മാണം നിര്‍ത്തുകയും ചെയ്തു. സിനിമയിലെ നായകനും വില്ലനും യെസ്ഡിയില്‍നിന്ന് താഴെയിറങ്ങി, ബൈക്കുകള്‍ പലതുമാറി. എന്നാല്‍, ഇന്നും ജാവ യെസ്ഡിയെ പ്രണയിക്കുന്ന ചിലരുണ്ട് മലപ്പുറത്ത്. 32 പേരടങ്ങുന്ന ഒരു ആവേശക്കൂട്ടം. അഞ്ച് വര്‍ഷം മുമ്പ് ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു ക്ലബിന് രൂപം നല്‍കി. ഏറനാട് ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍ ക്ലബ് എന്ന് അതിന് പേരുമിട്ടു. ക്ലബിലെ മിക്കവര്‍ക്കും മറ്റു വാഹനങ്ങളുണ്ട്.

എന്നിട്ടും എന്തിന് ഇങ്ങനെയൊരു ക്ലബ് എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് -ഈ വാഹനത്തോടുള്ള അടങ്ങാത്ത ഇഷ്ടം. ക്ലബ് അംഗങ്ങള്‍ക്ക് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഗ്രൂപ്പുണ്ട്. ഈ ബൈക്ക് എവിടെയെങ്കിലും കണ്ടാല്‍ അംഗങ്ങള്‍ ഉടന്‍ വിവരങ്ങള്‍ കൈമാറും. മോഹവില കൊടുത്ത് ബൈക്ക് വാങ്ങാന്‍ ഉടനെ ആളത്തെും. പുതുപുത്തന്‍ ജാവ യെസ്ഡിക്ക് 1996ല്‍ 15,000ത്തില്‍ താഴെയായിരുന്നു വില. ഇപ്പോള്‍ വില 50,000ത്തിലും മുകളില്‍. കിക്കര്‍, ഗിയര്‍, ക്ലച്ച് എന്നിവ ഒരു ലിവറിലൊതുക്കി രണ്ട് സൈലന്‍സറുമായി യെസ്ഡി വീണ്ടും ഇവരിലൂടെ നിരത്തിലിറങ്ങുകയാണ്. ചുവപ്പും നീലയും വെള്ളയും നിറങ്ങള്‍ പൂശി ശബ്ദം നിറച്ച് നീങ്ങുന്ന ക്ലബ് അംഗങ്ങള്‍ ഇതിനകം പലയാത്രകളും നടത്തി. 40 വര്‍ഷമായി ജാവ യെസ്ഡിയില്‍ മാത്രം സഞ്ചരിക്കുന്ന മേല്‍മുറി സ്വദേശി 65കാരന്‍ വേലുവേട്ടനാണ് ക്ലബിലെ കാരണവര്‍.

മോടി കൂടിയാല്‍ പിടിവീഴും

സ്വന്തം ഇഷ്ടത്തിന് വാഹനം മോടി പിടിപ്പിക്കുന്നവര്‍ക്ക് അല്‍പം കരുതല്‍ നല്ലതാണ്. ലൈറ്റുകള്‍, ഹാന്‍ഡില്‍, പുകക്കുഴല്‍, ടയര്‍, നമ്പര്‍ പ്ലേറ്റ് എന്നിവയൊക്കെ ഇഷ്ടാനുസരണം മാറ്റി ചെത്തി പറക്കാനാണ് ഭാവമെങ്കില്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 ‘വിവരമറിയിക്കും’. 500 രൂപ പിഴയീടാക്കാന്‍ വകുപ്പുണ്ട്. ഹൈകോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ആര്‍.സി തന്നെ പിടിച്ചെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയും. നമ്പര്‍ പ്ലേറ്റില്‍ അഭ്യാസം കാണിച്ച നിരവധി പേരാണ് കഴിഞ്ഞ മാസം പിഴയടച്ചത്. പിടിക്കപ്പെട്ടാല്‍ 5000 രൂപ വരെ പിഴയീടാക്കുന്നുണ്ട്. മോട്ടോര്‍വാഹന നിയമം അനുശാസിക്കുന്ന രീതിയില്‍ മാത്രമാണ് നമ്പര്‍ പ്ലേറ്റ് തയാറാക്കേണ്ടത്. സ്വകാര്യ വാഹനങ്ങളില്‍ വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍/ അക്കത്തില്‍ മാത്രം എഴുതുക. മുന്‍വശത്തെയും പിറകിലെയും നമ്പര്‍ പ്ലേറ്റിനും അതിലെ അക്കങ്ങള്‍ക്കും നിശ്ചിത അളവുണ്ട്. അക്ഷരങ്ങളും അക്കങ്ങളും തമ്മിലെ അകലം പോലും പ്രധാനമാണ്. നിയമം പാലിക്കാതെ ഇഷ്ടമുള്ള രീതിയില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്ന പ്രവണത വ്യാപകമാണ്. ഇതിനെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ജലീല്‍ ഫുള്‍ ലോഡഡ്...

കൊണ്ടോട്ടി തറയിട്ടാലിലൊരു കൊച്ചു വര്‍ക്ഷോപ്പുണ്ട്. ഈ വര്‍ക്ഷോപ്പിന്‍െറ അകത്തേക്ക് പോകുന്ന ബൈക്കുകളൊന്നും തിരിച്ചിറങ്ങാറില്ല, പുറത്തുവരുന്ന ബൈക്കുകളൊന്നും മുമ്പ് അകത്തേക്ക് കയറുന്നത് കണ്ടവരുമില്ല... കാര്യമാലോചിച്ച് തല പുകക്കേണ്ട. ഈ വര്‍ക് ഷോപ്പില്‍ മാന്ത്രികക്കൈകളുള്ള ഒരു അബ്ദുല്‍ ജലീലുണ്ട്. ജലീലിനെ നമ്മളറിയില്ലെങ്കിലും രാജ്യത്തെ പല എന്‍ജിനീയറിങ് കോളജിലെയും വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ അറിയും. പുഴു പൂമ്പാറ്റയാകുന്നത് പോലെ ബൈക്കുകളെ രൂപം മാറ്റുന്നതിലെ അദ്ദേഹത്തിന്‍െറ വൈദഗ്ധ്യം അത്രമേല്‍ കേളികേട്ടതാണ്. വെല്‍ഡിങ് പണികള്‍ വരെ സ്വന്തമായി ചെയ്യുന്ന ജലീല്‍ ബൈക്കുകളോട് ചങ്ങാത്തം തുടങ്ങിയിട്ട് 32 വര്‍ഷമായി. ബുള്ളറ്റിലാണ് ജലീലിന്‍െറ പരീക്ഷണങ്ങളധികവും.

ജലീല്‍ വര്‍ക് ഷോപ്പില്‍
 


വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരുതി 800ന്‍െറ എന്‍ജിന്‍ വെച്ച് പ്രത്യേക തരം ബൈക്കൊരുക്കി പത്രങ്ങളിലും മാഗസിനുകളിലും ഇടം നേടിയ ഇദ്ദേഹത്തിന് പുണെയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ വരെ ക്ഷണം കിട്ടിയിട്ടുണ്ട്. ഇന്ന് ജലീലിനെ തേടി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആളത്തെുന്നു. സ്വന്തമായി വികസിപ്പിച്ച ഷാസിയും ഹെഡ് ലൈറ്റും സൈലന്‍സറുമെല്ലാം കമ്പനി അധികൃതരെ പോലും വിസ്മയിപ്പിച്ചിട്ടുണ്ട്. മുന്നൂറോളം ബുള്ളറ്റുകളാണ് രൂപമാറ്റം വരുത്തി ഇദ്ദേഹത്തിന്‍െറ പണിപ്പുരയിൽ നിന്നിറങ്ങിയത്. ജലീലിന്‍െറ പണിശാലയില്‍ നിന്ന് വൈദഗ്ധ്യം നേടിയവരും ഏറെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.