മാപ്പ് നൽകൂ മോഹിത്! അങ്ങ് ഈ നാടിന്റെ വെറുപ്പിന്റെ ഇര, രക്തസാക്ഷി!

മോഹിത് യാദവ് എന്ന 32കാരൻ ഈ ലോകത്ത് നിന്ന് യാത്രയായിരിക്കുന്നു. വീട്ടിൽ നിന്ന് അൽപം അകലെയുള്ള റെയിൽ പാളത്തിൽ ചിന്നിച്ചിതറിയ നിലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് മൃതശരീരം കണ്ടെത്തിയത്. കുതിച്ചുപായുന്ന ആനന്ദ് വിഹാർ എക്‌സ്‌പ്രസ് ട്രെയിനിനുമുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു ആ പാവം. ജീവിതം മടുത്ത് വെറുതെയങ്ങ് പോയി മരിച്ചതല്ല മോഹിത്. നമ്മുടെ രാജ്യത്തെ ഗ്രസിച്ച വെറുപ്പിന്റെ പ്രചാരകർ അദ്ദേഹത്തെ ക്രൂരമായി കൊലക്ക് കൊടുക്കുകയായിരുന്നു, അതിന്റെ പേരിൽ രക്തസാക്ഷിയാവുകയായിരുന്നു ആ ഗ്രാമീണ മനുഷ്യൻ.

Full View

ആരാണ് മോഹിത് യാദവ്?

ബി.ജെ.പിയുടെ ‘രാമരാജ്യ’മായി അവർ ഉയർത്തിക്കാട്ടുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (യു.പി.എസ്.ആർ.ടി.സി) ബസിലെ കരാർ തൊഴിലാളിയായ കണ്ടക്ടറായിരുന്നു മോഹിത്.

17,000 രൂപ മാസവേതനത്തിന് ജോലി ചെയ്യുന്നയാൾ. ഉത്തർപ്രദേശ് മെയിൻപുരിയിൽ ഖിരോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നഗിയ ഖുഷാൽ ഗ്രാമവാസി. കഴിഞ്ഞ ജൂൺ മൂന്ന് വരെ അവന്റെ വീട്ടുകാർക്കും കൂട്ടുകാർക്കുമല്ലാതെ അധികം ആർക്കും മോഹിതിനെ അറിയില്ലായിരുന്നു. എന്നാൽ, ആ ദിവസത്തിന് ശേഷം അവൻ ‘വൈറലാ’യി. ഇസ്‍ലാമേ ഫോബിയ തലക്കുപിടിച്ച സോഷ്യൽ മീഡിയയിലെ ബി.ജെ.പി ഐ.ടി സെല്ലുകാരും ഹിന്ദുത്വ പ്രെഫൈലുകളും വൈറലാക്കി എന്നുപറയുന്നതാവും ശരി.

അന്ന് സംഭവിച്ചത്

ജൂൺ മൂന്നിന് ബറേലി -ഡൽഹി റൂട്ടിലോടുന്ന ബസിലായിരു​ന്നു മോഹിതിന് ഡ്യൂട്ടി. 290 കിലോമീറ്ററാണ് യാത്രാസമയം. ഏതാനും യാത്രക്കാർക്ക് ശുചിമുറിയിൽ പോകാനുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് വഴിമധ്യേ ബസ് നിർത്തി. നിർത്തിയ സമയത്ത് രണ്ട് മുസ്‍ലിം യാത്രക്കാർ നമസ്കാരം തുടങ്ങി. ശുചിമുറിയിൽപോയി വന്നവർ തിരിച്ചെത്തിയ ശേഷം ഇവരുടെ നമസ്കാരം പൂർത്തിയാകാത്തതിൽ ചില യാത്രക്കാർ ബഹളം വെച്ചു. രണ്ടുമിനിറ്റിനകം ഇവരുടെ നമസ്കാരം പൂർത്തിയായി. എന്നാൽ, ഇതിനിടയിൽ ബസിൽ നമസ്കാരം അനുവദിച്ചത് വിഡിയോയിൽ പകർത്തി തീവ്ര ഹിന്ദുത്വ പ്രൊഫൈലുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ഇവർ കാമ്പയിൻ തുടങ്ങി. ഇതേത്തുടർന്ന് ജൂൺ അഞ്ചിന് ഡ്രൈവർ കെ.പി. സിങ്ങിനെയും കണ്ടക്ടർ മോഹിത് യാദവിനെയും യു.പി.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു.

ഈ സംഭവത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അന്ന് നടന്ന കാര്യങ്ങൾ നിഷ്‍കളങ്കനായ ആ മനുഷ്യൻ വിശദമായി പറയുന്നുണ്ട്. ‘ഞാൻ നമസ്കാരത്തിന് ബസ് നിർത്തിയിട്ടില്ല. മൂന്ന് യാത്രക്കാർ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബസ് നിർത്തിയത്. നേരത്തെ തന്നെ രണ്ട് മുസ്‍ലിം യാത്രക്കാർ തങ്ങൾക്ക് നമസ്‌കരിക്കാൻ സൗകര്യം ലഭിക്കുമോ എന്ന് ചോദിച്ചിരുന്നു. ദീർഘദൂര യാത്രയായതിനാൽ ഹാൾട്ട് ചെയ്യുന്ന സമയം ഉപയോഗിച്ച് നമസ്‌കരിച്ചോളൂ എന്ന് അവരോട് പറഞ്ഞിരുന്നു. ശുചിമുറിയിൽ പോയവർ മടങ്ങിയപ്പോഴേക്കും ഇരുവരും നമസ്കാരം അവസാനിപ്പിച്ചിരുന്നു. അതിനിടെ, ചിലർ ബഹളം തുടങ്ങി. ബസ് വെറും രണ്ട് മിനിറ്റോളമേ നിർത്തിയിട്ടുണ്ടാവൂ...” -അദ്ദേഹം പറഞ്ഞു.

ജോലി പോയി, ജീവിതവും

ദരിദ്ര കർഷക കുടുംബത്തി​ലെ മൂത്ത മകനായിരുന്നു മോഹിത്. ഇയാൾക്ക് ലഭിക്കുന്ന 17,000 രൂപ മാസവേതനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ‘വിഡിയോ വൈറലായതോടെ അവനെ സസ്‌പെൻഡ് ചെയ്തു. ജോലി പോയതിന്റെ വിഷമത്തിലായ അവനോട് വീട്ടിൽ വന്ന് പശുക്കളെയും എരുമകളെയും വളർത്താൻ ഞാൻ പറഞ്ഞതായിരുന്നു... പക്ഷേ... ’ -മോഹിത്തിന്റെ പിതാവ് രാജേന്ദ്ര സിങ് പറഞ്ഞു. ബസ് നിർത്തിയത് നമസ്കരിക്കാനായിരുന്നില്ലെന്നും ശുചിമുറിയിൽ പോകാനാണെന്നും സഹോദരൻ രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

ജോലി നഷ്ടപ്പെട്ടതോടെ ഭർത്താവ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ഭാര്യ റിങ്കി യാദവ് പറയുന്നു. മരണത്തിനുത്തരവാദി യു.പി.എസ്.ആർ.ടി.സി ബറേലി റീജണൽ മാനേജരായ ദീപക് ചൗധരിയാ​ണെന്നും അയാൾ​ക്കെതി​രെ നടപടിയെടുക്കണമെന്നും റിങ്കി പറഞ്ഞു. ‘ജോലി തിരികെ ലഭിക്കുന്നതിന് ദീപക് ചൗധരിയെ കാണാൻ മോഹിത് അവസരം ചോദിച്ചിരുന്നു. എന്നാൽ, അദ്ദേഹം നിരസിച്ചു. മൂന്ന് ദിവസം മുമ്പും അദ്ദേഹത്തെ കാണാൻ പോയിരുന്നു. നിരാശനായ മോഹിത് നേരത്തെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടാൻ ശ്രമിച്ചിരുന്നു. ഞാൻ ഇടപെട്ടാണ് അന്ന് രക്ഷിച്ചത്’ -റിങ്കി പറഞ്ഞു.

‘ഫോൺ റീചാർജ് ചെയ്യാൻ പോലും പണമുണ്ടായിരുന്നില്ല’

ജോലി പോയതോടെ ഫോൺ റീചാർജ് ചെയ്യാൻ പോലും പണമില്ലെന്ന് മരണത്തിന് തൊട്ടുമുമ്പ് മോഹിത് പറഞ്ഞിരുന്നതായി സുഹൃത്ത് പറഞ്ഞു. ‘ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഞായറാഴ്ച രാത്രി എന്നെ വിളിച്ചപ്പോൾ ഫോൺ റീചാർജ് ചെയ്യാൻ പോലും പണമില്ലെന്ന് പരിഭവം പറഞ്ഞു. അപ്പീൽ നൽകിയിട്ടും ജോലി തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് അവൻ പറഞ്ഞു. യു.പി.എസ്.ആർ.ടി.സിയുടെ ബറേലി റീജണൽ മാനേജർ ദീപക് ചൗധരിയുടെ പെരുമാറ്റം കാരണം മോഹിത് വിഷാദത്തിലായിരുന്നു’ -അദ്ദേഹം പറഞ്ഞു. എന്നാൽ, മോഹിതിന് വേണമെങ്കിൽ അപ്പീൽ നൽകാമായിരുന്നുവെന്നും മരണത്തിന് പിന്നിൽ വേറെ എന്തെങ്കിലും കാരണം ആയിരിക്കുമെന്ന് യു.പി.എസ്.ആർ.ടി.സി റീജണൽ മാനേജർ ദീപക് ചൗധരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Tags:    
News Summary - UP Bus Worker Mohit Yadav: From Helpful Conductor to Sacking and Death, a Victim of Islamophobia and hate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.