ഉത്തർ പ്രദേശിലെ ഉന്നാവിൽ വോട്ടർമാർ ഫോട്ടോക്ക് പോസ് ചെയ്യുന്നു

ആത്മവിശ്വാസമില്ല, ആഭ്യന്തര കലഹമേറെ; യു.പിയിൽ ബി.ജെ.പി വിയർക്കുന്നുണ്ട്..

ത്തർ പ്രദേശിലെ മഥുര ലോക്സഭ മണ്ഡലത്തിൽ ഉൾപെടുന്ന ഇസാപുർ ഗ്രാമത്തിലെ താമസക്കാരനാണ് ഗിരീഷ് ശർമ. ഒരുപാട് തെരഞ്ഞെടുപ്പുകൾ കണ്ട അനുഭവ പരിചയമുണ്ട് അദ്ദേഹത്തിന്. എന്നാൽ, മുമ്പത്തേതിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഇപ്പോൾ കാര്യങ്ങളെന്ന് ശർമ സാക്ഷ്യപ്പെടുത്തുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ ഇലക്ഷൻ കാമ്പയിന് ഇക്കുറി ഒട്ടും മൂർച്ചയും ആവേശവുമില്ലെന്നാണ് ശർമയെപ്പോലെ പലരുടെയും അഭിപ്രായം. ‘ബി.ജെ.പി പ്രവർത്തകർ തെരഞ്ഞെടുപ്പുദിനത്തിൽ വീടു മുതൽ പോളിങ് ബൂത്തുവരെ ഞങ്ങളെ അനുഗമിക്കാറുണ്ട്. ഇക്കുറി ഒന്നുമില്ല. വോട്ടർ ലിസ്റ്റിന്റെ ചാർജുള്ള അവരുടെ പ്രവർത്തകരെല്ലാം ഇക്കുറി എവിടെപ്പോയി​?’ -ശർമ ചോദിക്കുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പുതന്നെ ആവേശത്തോടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ബി.ജെ.പി പ്രവർത്തകരെ ഇത്തവണ കാണാനായില്ലെന്ന് എല്ലാവരും പറയുന്നുണ്ട്. ഇത് ഇസാപൂരിലോ മഥുരയിലോ മാത്രമുള്ള ഒറ്റപ്പെട്ട കാഴ്ചയല്ല. യു.പിയിൽ ഉടനീളം ഏറക്കുറെ ഇതുതന്നെയാണ് അവസ്ഥ. ബൂത്ത് കേന്ദ്രീകരിച്ച പ്രവർത്തനങ്ങളോ ആരവങ്ങളോ ഒന്നുമില്ല. ഉത്തർ പ്രദേശിലെ ബിജെപി ക്യാമ്പുകൾ നിശബ്ദമായത് എന്തുകൊണ്ടാണ്?


കൃഷ്ണ ജന്മഭൂമി വിഷയത്തിൽ സംഘപരിവാറിന്റെ ശക്തമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും കണ്ട മഥുര ഇപ്പോൾ ശാന്തമാണ്. ഓ​രോ പ്രദേശത്തെയും ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിലുളള ശക്തമായ പ്രചാരണവും പ്രവർത്തനവുമാണ് കഴിഞ്ഞ രണ്ട് തവണയും ബിജെപിക്ക് ജയം സമ്മാനിച്ചത്. എന്നാൽ 2014, 2019 തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വോട്ടർമാരെ നേരിട്ട് കണ്ട് അവരെ ബൂത്തിലെത്തിക്കാനുള്ള പ്രചാരണ നടപടികളൊന്നും ബി.ജെ.പി ചെയ്തിട്ടില്ല. അണികൾക്കാവട്ടെ, പോളിങ് സ്റ്റേഷനിലെത്താൻ പഴയ ഉഷാറുമില്ല.

സാധാരണഗതിയിൽ കോൺഗ്രസിൽ സ്ഥാനാർഥി മത്സരരംഗത്തിറങ്ങുമ്പോൾ ബി.ജെ.പിയിൽ സംഘടന മൊത്തം അടർക്കളത്തിലിറങ്ങുന്നുവെന്നാണ് പറയാറുണ്ടായിരുന്നത്. ‘ഇക്കുറിയാകട്ടെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് ഒട്ടും ആവേശമില്ല. അവരെ എവിടെയും കാണാനുമില്ല’ -മെയിൻപുരിയിലെ മുതിർന്ന മാധ്യമപ്രവർത്തകരിലൊരാൾ പറയുന്നതിങ്ങനെ. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്കുവേണ്ടി ഡോർ ടു ഡോർ ഡ്രൈവും പോസ്റ്റർ വിതരണവു​മൊക്കെയായി ആഘോഷപൂർവം രംഗത്തിറങ്ങിയ പ്രവർത്തകരാണ് പൊടുന്നനെ കാണാമറയത്തേക്ക് മറഞ്ഞിരിക്കുന്നത്. ‘ഇത്തവണ പോസ്റ്ററില്ല, ലഘുലേഖകളോ പതാകകളോ ഇല്ല, ആരും വോട്ടുചോദിച്ച് ഇതുവരെ വന്നിട്ടുമില്ല..’ സഹാറൻപൂരിലെ ഒരു വോട്ടറുടെ പ്രതികരണം ഇതായിരുന്നു.

സ്ഥാനാർഥി നിർണയം ഉൾപ്പെടെ ബി.ജെ.പി നേതൃത്വത്തിന്റെ നടപടികളിൽ ആർ.എസ്.എസുകാർ രോഷാകുലരാണെന്ന് ദീൻദയാൽ ധാമിലെ ഒരു പ്രവർത്തകൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ‘നിങ്ങൾ പുറത്തുനിന്ന് സ്ഥാനാർഥികളെ ഇറക്കിയതല്ലേ..ഇന്നലെ വരെ ആർക്കെതിരെയാണോ പോരാടിയിരുന്നത് അവർക്കുവേണ്ടി വോട്ടുപിടിക്കേണ്ട ഗതികേടാണി​പ്പോൾ’ എന്ന് അയാൾ രോഷം പങ്കുവെക്കുന്നു.

ആർ.എസ്.എസുകാർ ഇക്കുറി കാര്യമായി രംഗത്തി​ല്ലെന്നത് പരസ്യമായ രഹസ്യമാണ്. അതിനൊപ്പം പാർട്ടിയിലെ പടലപ്പിണക്കങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയാകുന്നുണ്ട്. ഫത്തേപുർ സിക്രി മണ്ഡലം ഉദാഹരണം. കഴിഞ്ഞ തവണ അഞ്ചുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥി രാജ്കുമാർ ചാഹർ ഇവിടെ ജയിച്ചത്. വാരണാസിയിൽ മോദി നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം. അതിനു പ്രധാന കാരണം 2014ലെ എം.പിയും പ്രദേശത്തെ പ്രമുഖ നേതാവുമായ ബാബുലാൽ ചൗധരിയുടെ പിന്തുണയാണ്. ഇക്കുറി ബാബുലാലും മറ്റു പല നേതാക്കളും ചാഹറിനെ പരസ്യമായി എതിർക്കുന്നു. മീററ്റിലും ഗാസിയാബാദിലും ഭാഗ്പതിലുമൊക്കെ ഇതേ പ്രശ്നങ്ങളുണ്ട്.

ബി.ജെ.പിയെ പരമ്പരാഗതമായി പിന്തുണക്കുന്ന ഉയർന്ന ജാതിക്കാരുടെ വോട്ടുവിഹിതം ഇത്തവണ വൻതോതിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ബൂത്തുകളിലെത്താതെ വിട്ടുനിൽക്കുകയാണ് പലരും. ആദ്യ ഘട്ട പോളിങ്ങുകളിലെ വൻ കുറവ് അതിന്റെ തെളിവായിരുന്നു. 

Tags:    
News Summary - Demotivated 'Parivar', Internal Discord, BJP is in trouble in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.