മിന താഴ്​വാരം അഗ്നി കവർന്നെടുത്ത ദുരന്തത്തിന് 26 വയസ്

1997-ലെ ഹജ്ജിന്റെ ആദ്യ ദിനത്തിൽ മിനയിലെ കൂടാര നഗരി അഗ്നിക്കിരയായ, ഹാജിമാരുടെ മനസ്സുകളിൽ നടുക്കമുണ്ടാക്കിയ ദുരന്ത സ്മരണക്ക് 26 വർഷം. ഹജ്ജ് വേളയിൽ മിനയിലെ 20 ലക്ഷത്തോളം തീർഥാടകർ സംഗമിച്ച കൂടാര നഗരിയിൽ തീപ്പിടിത്തമുണ്ടാകുകയായിരുന്നു. തീർഥാടക ലക്ഷങ്ങളുടെ മനസ്സിൽ ഉൽകണ്ഠയുടെയും ഭീതിയുടെയും അഗ്നിപർവ്വതം പുകഞ്ഞ നൊമ്പര സ്മരണകളാണ് അത്.

1997 ഏപ്രിൽ 15 ദുൽഹജ്ജ് എട്ടാം തീയതി ആണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഹജ്ജാജികൾ ആദ്യ ദിനത്തിൽ സംഗമിച്ച കൂടാരനഗരമായ മിനയിൽ തീപിടത്തമുണ്ടായത്. ഏകദേശം 20 ലക്ഷം തീർത്ഥാടകർ തടിച്ചുകൂടിയിരുന്നു. അന്ന് സൗദി അറേബ്യയിലെ ജോലിക്കിടെ അൽ മറാത് എന്ന സ്ഥലത്ത് നിന്നാണ് ഹജ്ജിനായി ഞാൻ പുണ്യഭൂമിയിലെത്തിയത്.

രാവിലെ പ്രാദേശിക സമയം 11:45 ന് തീ പടർന്നു. പാചക വാതകത്തിൽനിന്ന് തീ പടരുകയായിരുന്നെന്നായിരുന്നു റിപ്പോർട്ടുകൾ. ഹജ്ജാജിമാർ പരിഭ്രാന്തരായി ചിതറിയോടി സമീപ പ്രദേശങളിലെ മലമടക്കുകളിൽ അഭയം തേടി. ടെൻറുകളിൽ നിന്ന് ടെൻറുകളിലേക്ക് തീ പടർന്നു. ചൂട് കാറ്റ് വീശിയടിച്ചത് വേഗതയിൽ തീ പടരാൻ കാരണമായി. സുരക്ഷാ സേന തീർഥാടകരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. പാൽകടൽ പോലെ ചിതറിയ ഇഹ്റാം ധാരികളായ തീർഥാടക ലക്ഷങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സംരക്ഷണമൊരുക്കിയത്. സ്ഥലത്തെത്തിയ 300 ഫയർ എൻജിനുകളും ഹെലികോപ്റ്ററുകളും മൂന്നു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. 70,000 കൂടാരങ്ങൾ നശിച്ചു. 300ഓളം പേരാണ് മരണപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ ഇന്ത്യക്കാരും ഉണ്ടായിരുന്നു.


ഭീതിയുടെ മണിക്കൂറുകൾ താണ്ടി മലമടക്കുകളിലും മറ്റും നിസ്സഹായരായി അഭയം തേടിയവർക്ക് ഭക്ഷണവും വെള്ളവുമായി വാഹനങ്ങൾ പ്രവഹിച്ചു. സന്നദ്ധ സംഘങ്ങൾ തീർഥാടകർക്ക് സാന്ത്വനമെത്തിക്കാൻ മത്സരിച്ചു മിനയിൽ. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കളുമായി മിനയിലേക്ക് വാഹനങ്ങൾ ഒഴുകി. കണ്ണീർപാടത്ത് നൊന്ത് പ്രാർത്ഥിച്ച ഹാജിമാർക്ക് സാന്ത്വനമായി സർക്കാർ നിലകൊണ്ടു. മൊബൈൽ ഫോണുകൾ ഇല്ലാതിരുന്ന അക്കാലത്ത് തീർഥാടകർക്ക് ആശ്രയം റേഡിയോ വാർത്തകളായിരുന്നു.

വൈകുന്നേരത്തോടെ തീർഥാടകർ മടങ്ങിയെത്തുമ്പോൾ അഗ്നി കവർന്നെടുത്ത മിനയുടെ താഴ്‌വാരം അപ്പോഴും മന്ത്രമുഖരിതമായിരുന്നു. ഈ ദുരന്തത്തോടെ 1998ലെ ഹജ്ജ് മുതൽ മിനയിൽ തീപിടിക്കാത്ത ടെൻറുകൾ സ്ഥാപിച്ചു.

ക്ഷീണിച്ചവശരായി മയങ്ങിയ തീർഥാടകരുടെ മുമ്പിൽ ഭക്ഷണത്തളികയുമായി, ‘സഹോദരാ അൽപം ഭക്ഷണം കഴിക്കൂ’ എന്ന് വിനയപൂർവം പരിചരിച്ച സൗദിയിലെ ഹജ്ജ് വളണ്ടിയർമാരുടെ സൗമ്യ മുഖം ഇന്നുമോർമ്മയിൽ തെളിഞ്ഞ് വരുന്നു. 

Tags:    
News Summary - 1997 mina fire memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.