താമരക്കുടി കരുണാകരന്‍ മാസ്​റ്റർ

ജാതിഭേദം തുറന്നിട്ട തുള്ളൽ വഴി

കരുണാകരന്‍ മാസ്​റ്റർ അരങ്ങിൽകുഞ്ചന്‍ നമ്പ്യാരുടെ ഓട്ടൻതുള്ളല്‍ രൂപംകൊണ്ട അമ്പലപ്പുഴയില്‍നിന്ന് നൂറിലേറെ കിലോമീറ്റര്‍ അകലെയാണ് താമരക്കുടി ഗ്രാമം. കൊട്ടാരക്കരയുടെ കിഴക്കന്‍ മേഖലയുടെ തുടക്കമായ പട്ടാഴിക്കടുത്ത് സ്ഥിതിചെയ്യുന്ന ഇന്നും വികസനം അധികം കടന്നുവന്നിട്ടില്ലാത്ത ഗ്രാമം. എന്നാല്‍, തെക്കന്‍ കേരളത്തില്‍ ഓട്ടൻതുള്ളല്‍ എന്ന കലാരൂപത്തിന് വലിയ പാരമ്പര്യമുള്ള നാടാണിതെന്ന് പലര്‍ക്കും അറിയില്ല. ഓട്ടൻതുള്ളല്‍ വേദിയിലും സ്കൂള്‍ കലോത്സവ വേദികളിലും എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന കലാകാരനാണ് താമരക്കുടി കരുണാകരന്‍ മാസ്​റ്റര്‍.

കേരളത്തിലെ മറ്റേതൊരു ഗ്രാമത്തെയുംപോലെ ജാതീയത നിലനിന്ന ഗ്രാമമാണിത്. ഇപ്പോള്‍ കരുണാകരന്‍ മാസ്​റ്റര്‍ക്ക് പ്രായം 80 കടന്നു. എന്നാല്‍, മാസ്​റ്ററുടെ തലമുറക്കു​ മുമ്പേ ഇവിടെ തുള്ളല്‍ കലാകാരന്മാരുണ്ട്. കരുനാഗപ്പള്ളിയിൽ ഒരു തുള്ളൽകാരനെ പണ്ടൊരു കുടുംബക്കാർ ഇവിടെ ക്ഷണിച്ചുവരുത്തി കല പഠിപ്പിച്ചു. തുടർന്ന്​ നിരവധി പേർ ഇവിടെ തുള്ളൽ കലാകാരന്മാരായി എന്നാണ്​ ചരിത്രം. നായര്‍ വിഭാഗക്കാരായിരുന്നു ഏറെയും. എന്നാല്‍, അവരുടെ പ്രശസ്തി താമരക്കുടിയിലും പരിസരത്തുമുള്ള ഗ്രാമങ്ങളിലൊതുങ്ങി. കരുണാകരന്‍ മാസ്​റ്ററുടെ മൂത്ത ജ്യേഷ്ഠന്‍ കൃഷ്​ണനാശാരി കുട്ടിക്കാലം മുതലേ ഓട്ടൻത​ുള്ളല്‍ പഠിച്ചയാളാണ്. എന്നാല്‍, വേദികൾ അധികം കിട്ടിയില്ല.

കരുണാകരന്‍ മാസ്​റ്റർ അരങ്ങിൽ

ആശാരിപ്പണിയായിരുന്ന ഉപജീവനമാർഗം. നാട്ടിലെ പ്രമുഖ തുള്ളല്‍ കലാകാരനായ ഗോപാലപിള്ളയുടെ പാട്ടുകാരനായി ഇടക്കുപോകും. അദ്ദേഹത്തിന്‍റെ പെട്ടി ചുമക്കലായിരുന്നു പ്രധാന ജോലി. പാട്ടുപാടുന്നതിനു കൂലി ഭക്ഷണം മാത്രം. ഒപ്പം മൃദംഗം വായിക്കാനായി ഒരു ഗോപാലനുമുണ്ട്. ബീഡി തെറുപ്പാണ് ഗോപാല​​​െൻറ പ്രധാന ജോലി. ജാതി വിവേചനം നാട്ടില്‍ അന്ന് കലശലായുണ്ട്. അങ്ങനെ ഉള്ളുലച്ച ഒരനുഭവത്തില്‍നിന്നാണ് വിശ്വകർമജനായ കരുണാകരന്‍ മാസ്​റ്റര്‍ ഒാട്ടൻതുള്ളല്‍ കലാകാരനായത്.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തേ ജ്യേഷ്ഠനില്‍ നിന്ന് തുള്ളലിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചിരുന്നു. സംഗീതത്തോട് താൽപര്യമുള്ളതിനാല്‍ നിരവധി തുള്ളല്‍ പാട്ടുകളും ഹ‍ൃദിസ്ഥമാക്കി. ഹൈസ്​കൂള്‍ ക്ലാസുകളിലെത്തിയപ്പോള്‍ പാഠ്യഭാഗത്ത് തുള്ളല്‍കൃതികള്‍ വരുമ്പോള്‍ അത് ക്ലാസില്‍ ചൊല്ലുന്നതിന് കരുണാകരനെ അധ്യാപകര്‍ നിയോഗിച്ചിരുന്നു. നന്നായി വരക്കാനുള്ള കഴിവും പഠനകാലത്തുണ്ടായിരുന്നു. അങ്ങനെ പഠനം കഴിഞ്ഞപ്പോള്‍ പഠിച്ച സ്കൂളില്‍തന്നെ ​േഡ്രായിങ്​ മാസ്​റ്ററായി നിയമിതനായി. 

പിന്നണിക്കാലം

ഹൈസ്​കൂളില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ ഗോപാലപിള്ളയാശാന്‍ ചോദിച്ചു; ''നീ കുട്ടിക്കാലത്ത് തുള്ളല്‍ പഠിച്ചതല്ലേ, എ​​​െൻറ കൂടെ പിന്നണി പാടാന്‍ വന്നുകൂടേ.'' സത്യത്തില്‍ അദ്ദേഹത്തിന് മറ്റാരെയും അന്ന് കിട്ടാതെ വന്നപ്പോള്‍ തന്നെ ഇരയാക്കുകയായിരുന്നു. എന്തായാലും പലയിടത്തും അദ്ദേഹത്തോടൊപ്പം പാടാന്‍പോയി. എന്നാല്‍, പ്രതിഫലമായി കാശൊന്നും തന്നിരുന്നില്ലെന്ന്​ കരുണാകരൻ ഒാർക്കുന്നു. അങ്ങനെയിരിക്കെ ഗോപാലപിള്ളയാശാന് ആകാശവാണിയില്‍ ഒരു പരിപാടി കിട്ടി. അതില്‍ പിന്നണി പാടാന്‍ കരുണാകരനെയും ആശാന്‍ ക്ഷണിച്ചു. ആ വിളി കിട്ടിയപ്പോള്‍ താന്‍ അക്ഷരാർഥത്തിലങ്ങ് പൊങ്ങി എന്ന് മാസ്​റ്റര്‍. കാരണം, റേഡിയോ അന്ന് അത്രയും ശക്തവും ജനപ്രിയവുമായ മാധ്യമമാണ്. കൂടെ പാടാന്‍ ബാലന്‍പിള്ള, മ‍ൃദംഗം വായിക്കുന്നത് സ്വർണപ്പണിക്കാരനായ ഗോപാലനാശാന്‍. അദ്ദേഹം കുട്ടിക്കാലത്ത് കഥകളിയും തുള്ളലും പഠിച്ചയാളാണ്. സ്വർണപ്പണിക്കാരനായിരുന്നെങ്കിലും അതില്‍ അത്ര ശോഭിച്ചില്ല. പിന്നീട്, ബീഡിത്തെറുപ്പുകാരനായി. ഒരുദിവസം 750 ബീഡി തെറുക്കും. രണ്ടര രൂപ കൂലി കിട്ടും. അതുകൊണ്ടാണ് അഞ്ച് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം കഴിയുന്നത്.

കരുണാകരന്‍ മാസ്​റ്റർ

കേരളം മുഴുവന്‍ കേള്‍ക്കുന്നതല്ലേ റേഡിയോ. വലിയ ആവേശത്തോടെയാണ് തിരുവനന്തപുരത്തേക്ക് ബസ്​ കയറിയത്. റേഡിയോയില്‍ പേര് അനൗണ്‍സ് ചെയ്താല്‍തന്നെ അന്ന് നാട്ടില്‍ വലിയ അംഗീകാരം കിട്ടുന്ന കാലമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാവരും കാതോര്‍ത്തിരിക്കുന്ന വിസ്മയപ്പെട്ടിയാണ് റേഡിയോ. തിരുവനന്തപുരം വഴുതക്കാ​െട്ട ഭക്തവിലാസം ബംഗ്ലാവിലുള്ള ആകാശവാണിയുടെ ശീതീകരിച്ച സ്​റ്റുഡിയോയില്‍ വലിയ അഭിമാനത്തോടെയാണ് എല്ലാവരും പരിപാടി അവതരിപ്പിച്ചത്. റെ​േക്കാഡിങ്​ കഴിഞ്ഞ് വൈകുന്നേരത്തോടെ താമരക്കുടിയില്‍ മടങ്ങിയെത്തി. പ്രതിഫലമായി 120 രൂപയാണ് ഗോപാലനാശാന് കിട്ടിയത്. അന്ന് അത് വലിയ തുകയാണ്. കരുണാകരന് ആശാന്‍ ഒന്നും കൊടുത്തില്ല. മൃദംഗം വായിച്ച ഗോപാലന് രണ്ടര രൂപ കൊടുത്തു. ഒരു ദിവസം ‍ബീഡി തെറുത്താല്‍ കിട്ടുന്ന കൂലിക്കാശ്. ഇത് വാങ്ങിയപ്പോള്‍ ഗോപാലന്‍റെ ചങ്ക് പറിഞ്ഞതുപോലെയായി. വലിയ പ്രതീക്ഷയോടെയാണ് ആകാശവാണിയില്‍ പോയത്. അരിശംമൂത്ത് അദ്ദേഹം ആശാനോട് ചോദിച്ചു; ''120 രൂപ നിങ്ങള്‍ക്ക് കിട്ടിയതല്ലേ. അതില്‍ പകുതിയെടുത്തിട്ട് പകുതി ഞങ്ങള്‍ക്ക് വീതിച്ചു തന്നൂടേ.''

ഇതു കേട്ടതോടെ ഗോപാലപിള്ളയാശാ​​​െൻറ ജാതി ബോധമുണര്‍ന്നു. 

''എന്താടാ കമ്മാളന്‍ എന്നോട് കണക്കു പറയുന്നോ.''

12ാമത്തെ വയസ്സു മുതല്‍ പെട്ടിയും ചുമന്ന് മൃദംഗവുമെടുത്ത് ഈ തുള്ളല്‍കാര​​​െൻറയൊപ്പം പോകുന്നയാളാണ് ഗോപാലന്‍. ഇപ്പോള്‍ 47ാം വയസ്സില്‍ കിട്ടിയ അധിക്ഷേപം അദ്ദേഹത്തിന് താങ്ങാനായില്ല. ഒന്നും മിണ്ടാതെ അയാള്‍ നടന്നകന്നു. അങ്ങനെയൊരു അധിക്ഷേപത്തെക്കുറിച്ചൊന്നും കരുണാകരന്‍ അന്ന് ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഗോപാലന്‍റെയുള്ളില്‍ അത് വലിയ നീറ്റലായി. കഥകളിയും തുള്ളലും പഠിച്ച തന്നിലെ കലാകാരനെ മാനിച്ചില്ലെന്ന് മാത്രമമല്ല, ജാതി പറഞ്ഞ് അപമാനിക്കുകകൂടി ചെയ്തിരിക്കുന്നു. പിറ്റേദിവസം പതിവുപോലെ സ്കൂളിലേക്ക് പോകുന്ന വഴി ക്ഷേത്രദര്‍ശനത്തിനെത്തിയ കരുണാകരന്‍ മാസ്​റ്ററെ പടിക്കെട്ടില്‍തന്നെ തടഞ്ഞുനിര്‍ത്തി ഗോപാലന്‍.

''എടാ, അയാള്‍ ഇന്നലെ പറഞ്ഞത് നീ കേട്ടോ, ഇനി അയാള്‍ക്കൊപ്പം ഞാന്‍ പോകില്ല. പകരം നീ തുള്ളല്‍കാരനാകണം. എന്നിട്ട് നമുക്ക് കമ്മാളന്‍റെ തുള്ളല്‍ ഇവിടെ അവതരിപ്പിക്കാം. കേട്ടപാടെ തനിക്ക് കഴിയില്ലെന്ന് കരുണാകരന്‍ നിഷേധിച്ചു. കുട്ടിക്കാലത്ത് കുറച്ച് പഠിച്ചിട്ടുണ്ടെന്നല്ലാതെ തുള്ളല്‍ ആധികാരികമായി അറിയില്ല. അപ്പോഴേക്കും കല്യാണം കഴിഞ്ഞ് കുട്ടികളായി. പ്രായം മുപ്പത് പിന്നിട്ടിരുന്നു. ഇനിയെന്ത് തുള്ളല്‍ എന്നായിരുന്നു ചിന്ത. എന്നാല്‍, ഗോപാലൻ വിട്ടില്ല. നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. മാത്രമല്ല, അദ്ദേഹം കുറച്ചകലെ താമസിക്കുന്ന കരുണാകരന്‍ മാസ്​റ്ററുടെ ജ്യേഷ്ഠന്‍ ക‍‍ൃഷ്ണനാശാരിയുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. 

''നീ തുള്ളല്‍ പഠിക്കണം, ഇവിടെ അവതരിപ്പിക്കുകയും വേണം'' -ജ്യേഷ്ഠന്‍ കട്ടായം പറഞ്ഞപ്പോള്‍ കരുണാകരന്‍ അയഞ്ഞു. അവരുടെ രണ്ടുപേരുടെയും വിശ്വാസവും ധൈര്യവുമായിരുന്നു കരുണാകരന് പിന്‍ബലമായത്. ഈ പ്രായത്തില്‍ ശരീരം വഴങ്ങില്ലെന്ന് പറഞ്ഞാണ് ആദ്യം ഒഴിയാന്‍ ശ്രമിച്ചത്. എന്നാല്‍, അതൊക്കെ ഞാന്‍ വഴക്കിത്തരാം എന്ന് ജ്യേഷ്ഠന്‍ പറഞ്ഞു. പിന്നെ എല്ലാം തീരുമാനിച്ചുറപ്പിച്ചപോലെ. കൽപനകളായിരുന്നു. സഹോദരിയോട് ഒരു നാണയം കൊണ്ടുവരാന്‍ പറഞ്ഞു. കൈയില്‍ വെറ്റിലയുണ്ടായിരുന്നു. അത് കൊടുത്തിട്ട് ദക്ഷിണ വെക്കാന്‍ പറഞ്ഞു. രണ്ടുപേര്‍ക്കും ദക്ഷിണ ​െവച്ചു. ഏതായാലും പിറ്റേദിവസംതന്നെ പഠനം തുടങ്ങി. ഒരുമാസംകൊണ്ട് കഥ പഠിച്ചെടുത്തു. കല്യാണസൗഗന്ധികം കഥയാണ് ആദ്യം പഠിച്ചത്. പാട്ടൊക്കെ നേരത്തേ ഹൃദിസ്ഥമായിരുന്നു. ഭരതനാട്യത്തിലും തുള്ളലിലുമൊക്കെ ഉപയോഗിക്കുന്ന മുദ്രകള്‍തന്നെയായിരുന്നു തുള്ളലിലുമുണ്ടായിരുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രമായിരുന്നു എല്ലാത്തി​​​െൻറയും അടിസ്ഥാനം.

ആ പ്രായത്തില്‍ തുള്ളല്‍കല പഠിക്കുക എന്നതുതന്നെ വലിയ വെല്ലുവിളിയായിരുന്നു. നാട്ടുകാരില്‍ പലര്‍ക്കും അത്ര വിശ്വാസമുണ്ടായിരുന്നില്ല. സ്കൂളിലെ അധ്യാപകര്‍ക്കും അങ്ങനെതന്നെയായിരുന്നു. ജ്യേഷ്ഠ​​​െൻറ ​ൈകയില്‍ പണ്ടേ തുള്ളല്‍കഥയുടെ പുസ്തകമുണ്ടായിരുന്നു. കുട്ടിക്കാലത്ത് അത് കാണാതെ പഠിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ആശാരിപ്പണിയായിരുന്നു ജ്യേഷ്ഠന്. ഇറങ്ങാന്‍ നേരം അദ്ദഹം പറയും; ''ഞാന്‍ വൈകീട്ട് വരുമ്പോള്‍ പുസ്തകത്തിലെ നാലഞ്ച് പേജെങ്കിലും കാണാതെ പഠിച്ച് പാടിക്കേള്‍പ്പിക്കണം.'' അങ്ങനെ പഠിച്ചതുകൊണ്ട് പല കഥകളും ഇന്നും മറന്നിട്ടില്ല. പൊതുവേ പ്രയാസമുള്ള കഥയായ 'രാമാനുചരിത'മാണ് ആദ്യമായി അഭ്യസിപ്പിച്ചത്. ഗരു‍ഡ​​​െൻറയും രുഗ്മിണിയുടെയും ഗര്‍വ് ശ്രീകൃഷ്ണന്‍ ശമിപ്പിക്കുന്നതാണ് കഥ. രണ്ട് ഭാഗങ്ങളായാണ് ഈ കഥ. ആദ്യ ഭാഗം ഗരുഡനെ സംബന്ധിച്ചിട്ടുള്ളത്. മറ്റേഭാഗം കുറച്ചുകൂടി ബുദ്ധിമുട്ടുള്ള മർമതാളത്തിലാണ്. ആയതിനാല്‍ അതൊഴിവാക്കി 'ഗരുഡഗര്‍വ ഭംഗം' എന്ന പേരിലാണ് സാധാരണ അവതരിപ്പിക്കുന്നത്. എന്തായാലും രണ്ടുമാസംകൊണ്ടുതന്നെ കഥ നന്നായി പരിശീലിച്ച് അരങ്ങേറ്റത്തിന് തയാറായി കരുണാകരന്‍. പൊടിയിട്ടു കളി എന്നൊരു കളരി അരങ്ങേറ്റമുണ്ട്. അധികം വേഷഭൂഷാധികളില്ലാതെ ഭസ്മം മാത്രം അണിഞ്ഞ് കിരീടം ​െവച്ച് വീട്ടുമുറ്റത്തുതന്നെയാണ് അരങ്ങേറ്റം. അയലത്തുകാരും അടുപ്പമുള്ളവരും മാത്രം കാണാനുണ്ടാകും. ചെറിയ പൂജകളുണ്ടാവും. ചേട്ടന് എവിടെനിന്നോ ഒരു പഴയ കിരീടം കിട്ടി. അത് പൊടിതട്ടി പെയിൻറ്​ ചെയത് കൊണ്ടുവന്നു. അതു​െവച്ചാണ് കളിച്ചത്. കളി ഗംഭീരമായി; എല്ലാവര്‍ക്കും ഇഷ്​ടമായി.

കരുണാകരന്‍ മാസ്​റ്റർ അരങ്ങിൽ

അരങ്ങത്തേക്ക്​

അടുത്ത ഉത്സവ സീസണില്‍ തന്‍റെ പ്രിയപ്പെട്ട ക്ഷേത്രമായ താമരക്കുടി ദേവീക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. അത് വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിനായി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന രാമകൃഷ്ണപിള്ള സാറിനെ  ക്ഷണിച്ചു. അദ്ദേഹം പറഞ്ഞു, ''ഞാന്‍ വരില്ല.'' കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ''താന്‍ ഈ പ്രായത്തില്‍ പഠിച്ചതുകൊണ്ട് ഇത് കൊണ്ടുനടക്കില്ല. ഇതോടെ അവസാനിപ്പിക്കും. അതുകൊണ്ട് ഞാന്‍ വിളക്ക് കൊളുത്തിയാല്‍ എനിക്കാണ് അതി​​​െൻറ നാണക്കേട്.'' 

എന്നാല്‍, താന്‍ ജീവിതകാലം മുഴുവന്‍ ഓട്ടൻതുള്ളലുകാരനായി കഴിയുമെന്ന് വാക്കുകൊടുത്തതോടെയാണ് അദ്ദേഹം വിളക്കുകൊളുത്താന്‍ സമ്മതിച്ചത്. ഉദ്ഘാടനവും അരങ്ങേറ്റവും ഗംഭീരമായിരുന്നു. അന്ന് ആ അധ്യാപകന് നല്‍കിയ വാക്ക് ജീവിതകാലം മുഴുവന്‍ പാലിച്ചുപോരുന്നു. നല്ല ആയാസം വേണ്ടുന്ന ഈ കലാരൂപം 80ാം വയസ്സിലും അവതരിപ്പിക്കുന്നു. നാട്ടിലെ പല കലാകാരന്‍മാരും മണ്‍റഞ്ഞുപോയി. ഗോപാലപിള്ള സാറിനെ ധിക്കരിച്ചാണ് തുള്ളല്‍ പഠിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങി കാൽതൊട്ട് വന്ദിച്ചാണ് സ്​റ്റേജില്‍ കയറിയത്. കാണാന്‍ വലിയ ജനാവലിയുണ്ടായിരുന്നു. തകര്‍ത്താടുകയായിരുന്നു കരുണാകരന്‍.

സ്വയാർജിതം

ഓട്ടൻതുള്ളലില്‍ താനുണ്ടാക്കിയ നേട്ടങ്ങളെല്ലാം കരുണാകരൻ മാസ്​റ്റർ ആര്‍ജിച്ചെടുത്തതാണ്. കുഞ്ചന്‍നമ്പ്യാരുടെ ഒട്ടേറെ കഥകള്‍ പഠിച്ചെടുത്തു. അഭിനയസിദ്ധിയും സംഗീതവും ജന്മനായുണ്ടായിരുന്നതിനാല്‍ എല്ലാം എളുപ്പമായി. കലാമണ്ഡലത്തി​​​െൻറയോ മറ്റോ മേല്‍വിലാസമില്ലാതെ അരങ്ങത്തെ അഭിനയമികവുകൊണ്ടുതന്നെ തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന കലാകാരനായി മാറി. കലാമണ്ഡലം ഉൾപ്പെടെ കേരളത്തിലെ പല നാട്യപഠനകേന്ദ്രങ്ങളിലും പഠിപ്പിക്കുന്ന ചില തെറ്റായ പ്രവണതകളെ അദ്ദേഹം പലപ്പോഴും ചോദ്യംചെയ്തിട്ടുണ്ട്.

കഥകളിയെക്കാളും വിപുലമായ അഭിനയ സാധ്യതയാണ് ലാളിത്യത്തോടെ തുള്ളലില്‍ ആവിഷ്​കരിക്കാന്‍ സാധിക്കുന്നതെന്ന് രണ്ടു കലാരൂപങ്ങളിലും സമാനമായ ചില കഥകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്; ഉദാഹരണം 'കല്യാണ സൗഗന്ധികം.' ഭീമനും ഹനുമാനും തമ്മിലുള്ള വാഗ്വാദമാണ്​ അതിൽ പ്രധാനപ്പെട്ട ഒരു ഭാഗം. കഥകളിയിലും തുള്ളലിലും ഇത്​ അവതരിപ്പിക്കുന്നുണ്ട്​. ഹനുമാൻ ത​​​െൻറ വിശ്വരൂപം ഭീമന്​ കാട്ടിക്കൊടുക്കുന്ന ഭാഗം പ്രാധാന്യമുള്ളതാണ്​. കഥകളിയിൽ നടൻ സ്​റ്റൂളിന്‍റെ പുറത്തുനിന്ന്​ മുദ്രകൾ കാട്ടുകയാണ്​. എന്നാൽ, ഇത്​ സാധാരണക്കാർക്ക്​ മനസ്സിലാകാൻ പ്രയാസമാണ്​. എന്നാൽ, ഹനുമാന്‍റെ ആകാശം മു​െട്ടയുള്ള രൂപം വളരെ കാവ്യാത്മകമായി ഭാഷയുടെ എല്ലാ സൗന്ദര്യത്തോടെയും നമ്പ്യാർ എഴുതി​െവച്ചിട്ടുണ്ട്​. 

'വർധിതതര ധവള ഹിമാചല 

സന്നിഭ തുംഗ ശരീരൻ 

കെടുതാകിന കൊടിമരമെന്ന കണക്കെ 

തടിച്ചൊരു വാലും

തുടുതുടെ നയനങ്ങളുമൻപൊടു 

ചെമ്പുകിടാരം പോലെ 

കുടിലാകൃതി ശശികല പോലെ 

വിളങ്ങിന ദന്തകദംബം...' 

എന്നിങ്ങനെയാണ്​ നമ്പ്യാരുടെ വർണന. 

ഇതു പാടി തുള്ളൽകാരൻ മുദ്രകൾ കാട്ടു​േമ്പാൾ അത്​ ആരെയും പിടിച്ചിരുത്തും. അനേകം വേദികളിൽ കര​ുണാകരൻ മാസ്​റ്റർക്ക്​ ഇത്​ അനുഭവവേദ്യമായിട്ടുണ്ട്​. ത​​​െൻറ ജില്ലയിലെ ഒരു പ്രമുഖ കഥകളി അധ്യാപകനോട്​ ഇതേപ്പറ്റി പറയുകയും അദ്ദേഹത്തെ ത​​​െൻറ ക്ഷേത്രത്തിൽ വിളിച്ചുവരുത്തി നേരിൽ തുള്ളലിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്​തു കരുണാകരൻ മാസ്​റ്റർ. കലാമണ്ഡലത്തിൽ ഒരിക്കൽ ക്ഷണിക്ക​പ്പെട്ട​പ്പോൾ തുള്ളലിലെ വടക്കൻ സ​മ്പ്രദായത്തിലെ ചില വിയോജിപ്പുകൾ ​അദ്ദേഹം എടുത്തുപറയുകയും ചെയ്​തിട്ടുണ്ട്​. 

'സന്താനഗോപാലം' കഥയിൽ ബ്രാഹ്​മണ​​​െൻറ പത്താമത്തെ കുട്ടിയെ പ്രസവിക്കു​േമ്പാൾ അർജുനൻ ഇൗറ്റില്ലമുണ്ടാക്കി കാത്തിരിക്കുന്നു. 

'അതിശയമായൊരു സുതനുണ്ടായത്​ 

വധുകുല മണിമാർ നോക്കിയിരിക്കെ...' 

പ്രതീക്ഷിച്ചിരിക്കുന്നത്​ എന്നാണ്​ ഇവിടത്തെ​ അർഥം. എന്നാൽ, കലാമണ്ഡലത്തിലെ ചിട്ടയിൽ നോക്കിയിരിക്കുന്നതായാണ്​ മുദ്ര കാണിക്കുന്നത്​. ചത്തകുഞ്ഞിനെ ശ്രീകൃഷ്​ണന്‍റെ മുന്നിൽ വെക്കുന്ന രംഗവും കുട്ടിയെ ഭവ്യതയോടെ പതുക്കെ വെക്കാതെ പെ​െട്ടന്നു വെക്കുന്ന രീതിയാണ്​. ഇത്തരത്തിലുള്ള അപാകതകൾ അദ്ദേഹം നേരിട്ടുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 

ഭാര്യ സരോജിനിക്കുട്ടിക്കും പേരമകൾ ചന്ദനക്കുമൊപ്പം. ചന്ദന തുള്ളൽ കലാകാരിയാണ്

ഇപ്പോൾ പല ക്ഷേത്രങ്ങളിലും വഴിപാടായി മാത്രമാണ്​ ഇൗ കലാരൂപം അവതരിപ്പിക്കുന്നത്​. എന്നാൽ, താൽപര്യത്തോടെ ആസ്വദിക്കുന്ന ആസ്വാദകവൃന്ദം അനേകം സ്ഥലങ്ങളിലുണ്ട്​. മുപ്പതു വർഷ​േത്താളം തുള്ളലവതരിപ്പിച്ചിട്ടുള്ള തിരുവനന്തപുരം പോത്തൻകോട്​ പണിമൂലയിലെ ആസ്വാദകരെ അദ്ദേഹത്തിന്​ മറക്കാനാവില്ല. അഞ്ചു​ മണിമുതൽ ഇൗ കല ആസ്വദിക്കാനായി ആളുകൾ അവിടെ വന്ന്​ തിരക്കാറുണ്ട്​. നല്ല നിലവാരമുള്ള ആസ്വാദകരാണ്​ അവിടെയുള്ളതും. 

അനേകം ശിഷ്യർക്ക്​ തന്‍റെ കല പകർന്നുകൊടുത്ത്​ പുത്തൻ തലമുറയിലും തുള്ളലിന്‍റെ ചുവടുകൾ പതിപ്പിച്ചു എന്നതാണ്​ ഇൗ കലാകാരന്‍റെ ഏറ്റവും വലിയ മികവ്. വർഷങ്ങളായി ജില്ല-സംസ്ഥാനതല സ്​കൂൾ കലോത്സവങ്ങളിൽ ഇദ്ദേഹത്തി​​​െൻറ ശിഷ്യർ സമ്മാനങ്ങൾ നേടാറുണ്ട്​. ചെലവ്​ കൂടുതലായതിനാൽ ശീതങ്കൻ തുള്ളലും പറയൻ തുള്ളലും ഇപ്പോൾ അധികം ​പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. എന്നാൽ, കരുണാരൻ മാസ്​റ്റർ ത​​​െൻറ ശിഷ്യരെ ഇതു​ം പഠിപ്പിച്ച്​ അരങ്ങത്ത്​ അവതരിപ്പിക്കുന്നുണ്ട്​. സാമൂഹികവിമർശനം ഉൾ​ക്കൊള്ളുന്ന ജനകീയമായ ഇൗ കലാരൂപം പുതുതലമുറയിലേക്ക്​ പകർന്ന അതിന്‍റെ പൊലിമ നിലനിർത്തുന്നതിൽ ഇൗ കലാകാരന്‍റെ പങ്ക്​ വലുതാണ്​.

തയാറാക്കിയത്: സജി ശ്രീവൽസം, അജയകുമാർ എ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.