സുഹ്റാബിയും മകൻ
ബിനു നിബ്രാസും
കാളികാവ്: ഓർക്കാപ്പുറത്ത് വന്ദേഭാരത് ട്രെയിനിൽ വി.ഐ.പി യാത്ര ചെയ്യാനായതിന്റെ ആവേശത്തിലാണ് കാളികാവ് ആമപ്പൊയിലിലെ റിട്ട. അധ്യാപിക പൂവത്തിങ്ങൽ സുഹ്റാബിയും മകൻ ബിനു നിബ്രാസും. എറണാകുളത്തുനിന്ന് ഷൊർണൂരിലേക്കാണ് ഉദ്ഘാടന ദിവസംതന്നെ ഇവർ വന്ദേഭാരത് ട്രെയിനിൽ യാത്ര നടത്തിയത്.
ബിനു നിബ്രാസിന് എറണാകുളഞ്ഞെ വിദ്യാലയത്തിൽ ചേരാനാണ് ഇരുവരും ചൊവ്വാഴ്ച എറണാകുളത്ത് എത്തിയത്. കോളജിൽ ചേർന്ന് നാട്ടിലേക്ക് മടങ്ങാൻ ലോക്കൽ ട്രെയിൻ ടിക്കെറ്റെടുത്ത് എറണാകുളം ടൗൺ സ്റ്റേഷനിൽ കാത്തുനിൽക്കുമ്പോഴാണ് വന്ദേഭാരത് നിർത്തിയിട്ടത് കണ്ടത്.
കന്നിയോട്ടത്തിൽ വന്ദേഭാരതിൽ വി.വി.ഐ.പികൾ മാത്രമാണെന്ന കാര്യം ഇവർക്കറിയുമായിരുന്നില്ല. നിലമ്പൂരിലേക്കുള്ള ട്രെയിൻ രാത്രി എട്ടിനാണെന്നറിഞ്ഞ് മുഷിഞ്ഞുനിൽക്കവേ ഒന്നും ആലോചിച്ചില്ല. നേരെ വന്ദേഭാരതിനടുത്തെത്തി അവിടെ കണ്ട ഉദ്യോഗസ്ഥനോട് ‘ഞങ്ങളും പോരട്ടെ’ എന്ന് ചോദിച്ചു. ഉദ്യോഗസ്ഥൻ പിന്നിലെ ബോഗി ചൂണ്ടിക്കാണിച്ച് അതിൽ കയറിയിരിക്കാൻ പറഞ്ഞു. യാത്ര തുടരുന്നതിടെ മറ്റൊരു ഉദ്യോഗസ്ഥനെത്തി പാസ് ചോദിച്ചു.
പാസില്ലെന്നും ഞങ്ങളോട് കയറിയിരിക്കാൻ പറഞ്ഞതാണെന്നും മറുപടി പറഞ്ഞു. ഒടുവിൽ ഇരുവരുടെയും ആധാർ കോപ്പി പരിശോധിച്ച് യാത്ര അനുവദിച്ചു. വന്ദേഭാരതിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും മികച്ചതാണെന്ന് സുഹ്റാബി പറഞ്ഞു. യാത്രക്കിടെ മധുരപലഹാരങ്ങളും ഭക്ഷണവും യഥേഷ്ടം ലഭിച്ചു. വന്ദേഭാരത് കേരളത്തിന്റെ സൗഭാഗ്യമാണെന്നും സുഹ്റാബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.