വിട വാങ്ങിയത് വള്ളിക്കുന്നിന്റെ അക്ഷരവെളിച്ചം

വള്ളിക്കുന്ന്: ഹൈസ്കൂൾ പഠനം അന്യമായ കാലത്തു ഒരു പ്രദേശത്തിന് വിദ്യയുടെ വെളിച്ചം പകർന്നു നൽകാൻ സ്വന്തം സ്ഥലത്ത് സ്കൂൾ നിർമിച്ച ബാലേട്ടന്റെ മരണം നാടിന് നൊമ്പരമായി. പ്രദേശത്തുള്ളവർ കോഴിക്കോട് ജില്ലയിലെ ചാലിയത്തും പരപ്പനങ്ങാടി, വള്ളിക്കുന്ന് അരിയല്ലൂർ എന്നിവിടങ്ങളിലുള്ള ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. കാൽ നടയാത്ര ചെയ്ത് കിലോമീറ്ററുകളോളം നടന്നു പോയി പഠിച്ചിരുന്ന കാലത്താണ് 1976ൽ വള്ളിക്കുന്ന് പഞ്ചായത്തിലെ ഹൈ സ്കൂൾ കമ്മിറ്റിയുടെ നിർബന്ധം മാനിച്ചു അത്താണിക്കലിൽ സ്വന്തം സ്ഥലത്ത് സ്കൂൾ ആരംഭിച്ചത്.

ഹൈസ്കൂൾ പഠനം അന്യമായി തീർന്ന പലരും മികച്ച വിജയം നേടിയത് ബാലേട്ടൻ എന്ന ആത്ര പുളിക്കൽ ബാലകൃഷ്ണൻ സ്ഥാപിച്ച വിദ്യാലയത്തിലൂടെ ആയിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളിൽ പലരും പിന്നീട് ഇവിടെ അധ്യാപകരുമായി.നിലവിലും നിരവധി പൂർവ വിദ്യാർഥികൾ ഇവിടെ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്.

പകരം വെക്കാനില്ലാത്ത പഴയ കാല വോളിബാൾ കളിക്കാരനെ കൂടിയാണ് വള്ളിക്കുന്നുകാർക്ക് നഷ്ടമായത്. 1945 മുതൽ 60 വരെ വോളിബാളിൽ തന്റെതായ വ്യക്തി മുദ്രപതിപ്പിക്കാൻ ബാലേട്ടന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ ആരംഭിച്ചപ്പോഴും വോളിബാൾ കളിക്കാനും താരങ്ങളെ കണ്ടെത്താനും പരിശീലനം ചെയ്യാനും സൗകര്യം സ്കൂളിൽ ഒരുക്കി. ഇതുവഴി വോളിബാളിൽ മികച്ച നിരവധി താരങ്ങളെയും സ്കൂൾ വാർത്തെടുത്തു. വള്ളിക്കുന്നിലെ ഏറ്റവും മുതിർന്ന വോളിബാൾ കളിക്കാരൻ എന്ന ഖ്യാതിയും ബാലേട്ടന് സ്വന്തമാണ്.

പന്തിനെ നെഞ്ചോടു ചേർത്ത്, കളിക്കളത്തെ ജീവനായി കാണിച്ചു തലമുറകൾക്ക് ആവേശം പകർന്ന ബാലേട്ടനെ പഴയ വോളിബാൾ കളിക്കാർ പലരും ഇന്നും നെഞ്ചിലേറ്റുന്നു. വള്ളിക്കുന്നിന്റെ വോളിബാൾ രക്ഷാധികാരി കൂടിയാണ് വിടവാങ്ങിയത്. വള്ളിക്കുന്നിലെ കായിക കൂട്ടായ്മയായ അനുപവിന്റെ ആദരവും ബാലേട്ടനെ തേടി എത്തിയിട്ടുണ്ട്.

Tags:    
News Summary - Vallikkunnu's legend passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.