വ​ക്ക​ച്ച​ൻ താൻ രൂപകൽപന ചെയ്ത മ​ൾ​ട്ടി പ​ർ​പ്പ​സ് യ​ന്ത്ര​ത്തോ​ടൊ​പ്പം

മരപ്പണിക്കൊരു സ്പെഷൽ യന്ത്രം; വക്കച്ചൻ മോഡൽ

മട്ടാഞ്ചേരി: അത്യാവശ്യം മരപ്പണിക്ക് ഇനി ആശാരിയുടെ വരവുനോക്കി കാത്തിരിക്കേണ്ട. മരകഷണം മുറിക്കുന്നത് മുതൽ കടയൽ, ഡ്രില്ലിങ്, തുളയിടൽ, ചീകൽ തുടങ്ങി 12ഓളം ഉപയോഗങ്ങൾക്ക് ഒറ്റയന്ത്രം രൂപകൽപന ചെയ്തിരിക്കുകയാണ് പെരുമ്പടപ്പ് ചെലവന വീട്ടിൽ സി.എം. വക്കച്ചൻ എന്ന 73കാരൻ. ഇലക്ട്രിക് ഫിറ്റിങ് അടക്കം യന്ത്രത്തിന്‍റെ മുഴവൻ പണികളും വക്കച്ചൻ തന്നെ ചെയ്തതാണ്.

കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനായി മരകഷണം മുറിക്കുന്നത് മുതൽ കടയൽ, ഡ്രില്ലിങ്, തുളയിടൽ, ചീകൽ, വളവ് നിവർത്തൽ, െപ്ലയിനിങ് തുടങ്ങിയവയെല്ലാം ഈ ‘മേയ്ഡ് ഇൻ വക്കച്ചൻ’ മൾട്ടി പർപ്പസ് മെഷീൻ ഉപയോഗിച്ച് ചെയ്യാം. യന്ത്ര രൂപകൽപനക്ക് ഉപയോഗിച്ച ചെറുതും വലുതുമായ ഭാഗങ്ങളെല്ലാം പലയിടത്തുനിന്ന് സംഘടിപ്പിച്ചതാണ്.

ഉപേക്ഷിക്കപ്പെട്ട മിക്സി, വാഷിങ് മെഷീൻ, ഇരുചക്രവാഹനങ്ങളുടെ ഭാഗങ്ങൾ എന്നിവ റീ കണ്ടീഷൻ ചെയ്തതാണ് യന്ത്രത്തിന്‍റെ പല ഭാഗങ്ങളും. യന്ത്രത്തിന് വൈദ്യുതി ഉപയോഗം പോലും നന്നേകുറവാണ്. വക്കച്ചന്‍റെ മനസ്സിൽ ഇങ്ങനെയൊരു ആശയത്തിന് നാമ്പിട്ടതിന് പിറകിൽ ഒരു ഫ്ലാഷ്ബാക്കുണ്ട്. മട്ടാഞ്ചേരിയിലെ പുരാവസ്തു വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്ന വക്കച്ചന് 2016ൽ ജോലിക്കിടെ ഒരപകടം സംഭവിച്ചു. പിന്നീട് ജോലിക്ക് പോകാൻ കഴിയാതെയായി.

ഈ സമയത്താണ് മരപ്പണിയുടെ എല്ലാ ജോലികളും ചെയ്യാനായി ഒരൊറ്റ യന്ത്രം എന്ന ആശയം മൊട്ടിട്ടത്. പിന്നെ താമസിച്ചില്ല, വർക്ക് ഷോപ്പുകളിൽ ഉപയോഗശൂന്യമായി കിടന്നവയും ആക്രി കടകളിൽ കയറി ശേഖരിച്ചവയും കൊണ്ട് മൾട്ടി പർപ്പസ് യന്ത്രം തയാറാക്കുകയായിരുന്നു.പതിനൊന്നാം വയസ്സിൽ ബോട്ട് നിർമാണ മേഖലയിൽ തുടങ്ങിയതാണ് വക്കച്ചന്‍റെ യാത്ര.

ഒറ്റ തടിയിൽ തീർത്ത ചങ്ങലയടക്കം ഒട്ടേറെ വസ്തുക്കളുടെ നിർമാണവും കാണേണ്ടതുതന്നെ. ചെല്ലാനത്തെ കടൽകയറ്റവും ദുരിത ജീവിതവും കണ്ട് പരിഹാരമായി ഒരു പദ്ധതി തന്നെ ആസൂത്രണം ചെയ്ത് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതടക്കം ഒട്ടേറെ കർമപദ്ധതികളും ആശയങ്ങളും നാടിന്‍റെ നന്മ ലക്ഷ്യമിട്ട് മനസ്സിൽ കൊണ്ടു നടക്കുകയാണ് വക്കച്ചൻ. പരേതയായ ഫിലോമിനയാണ് ഭാര്യ. മകൾ റീനയും മരുമകൻ രാജേഷും പിന്തുണയുമായി ഒപ്പമുണ്ട്.

Tags:    
News Summary - Vakkachan model special machine for woodworking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.