കോട്ടയം: നഗരത്തെ വിശപ്പുരഹിത നഗരമായി പ്രഖ്യാപിച്ചതിന്‍റെ പിന്നിൽ ആർപ്പൂക്കര വില്ലൂന്നിയിൽ പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റി പി.യു. തോമസിന്‍റെ പങ്ക് വലുതാണ്. നവജീവൻ നടത്തിവരുന്ന വിശപ്പുരഹിത പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നു കോട്ടയം നഗരത്തെ വിശപ്പുരഹിത നഗരമായി പ്രഖ്യാപിച്ചത്. 1966ൽ 17ാം വയസ്സിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ സമീപത്തുകിടന്ന രാമചന്ദ്രന് ഒരു പൊതിച്ചോർ നൽകാൻ കാരണമായതാണ് 77ാം വയസ്സിലും വിശക്കുന്നവരെ കണ്ടെത്തി ആഹാരം നൽകുന്നതിന് കാരണമായത്.
ഒരു പൊതിച്ചോറിൽനിന്ന് ആരംഭിച്ച കാരുണ്യ പ്രവർത്തനം ഇന്ന് ദിവസം 5000ത്തിലേറേപ്പേരുടെ വിശപ്പ് ശമിപ്പിക്കുന്നു.മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി, ജില്ല ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ രോഗികകളുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പ് മാറ്റുന്നതും തോമസ് ചേട്ടന്‍റെ നവ ജീവൻ ട്രസ്റ്റാണ്. ആരോരുമില്ലാത്ത മനോരോഗികളുടെയും നാഥനാണ് തോമസ് ചേട്ടൻ.
മാനസിക വെല്ലുവിളികൾ നേരിടുന്നവരും മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരുമായ 160ലധികം പേർ നവജീവന്‍റെ സന്തതികളാണ്. കൂടാതെ രോഗങ്ങൾ മൂലം കഴിഞ്ഞുകൂടാൻ വകയില്ലാത്ത 130 കുടുംബങ്ങൾക്ക് മാസം 3000 രൂപവീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ മരണശേഷം മറ്റൊരു ജീവതമാർഗം ഉണ്ടാകുംവരെ ഇത് തുടർന്നുകൊണ്ടേയിരിക്കും. ഇതിനൊക്കെ പുറമെ ചികിത്സ സഹായങ്ങളും ഇവരിൽ ചിലർക്ക് വീട്ടുവാടകയും കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങൾക്കും സഹായം നൽകിവരുന്നത് നവജീവനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.