അജ്മലും നുസീഹയും കുഞ്ഞുമൊത്ത്

അലഞ്ഞു തിരിയുന്ന ദമ്പതികൾ

സൽവ സലീന

യാത്രകൾ എന്നും പര്യാന്വേഷണ വാതായനങ്ങളാണ്. മനുഷ്യായുസിൽ ആത്മീയ പരിപോഷണം നൽകാൻ ഇതിലും മികച്ച മറ്റൊരു മാധ്യമമില്ല. നാടും നഗരവും താണ്ടിയിറങ്ങി ലോകർക്ക് മുന്നിൽ തങ്ങളുടെ അനുഭവക്കഥകൾ ദൃശ്യവത്കരിക്കുന്ന ഒരു കൊച്ചു കുടുംബം. നുസീഹ ആൻഡ് അജ്മൽ ഫാമിലി. ഈ എറണാകുളം- കോഴിക്കോട് ദാമ്പത്യ കൂട്ടുകെട്ടിലൂടെ മലയാള യുവതക്ക് പിറന്നത് സഞ്ചാര ഇതിവൃത്തത്തിന്‍റെ ഏറെ ഹൃദ്യമായ ഒരു വിരുന്നാണ്. ഇംഗ്ലണ്ടിൽ റിസർച്ച് അസിസ്റ്റൻറായി പ്രവർത്തിച്ചുവരുന്ന നുസിഹ നിലവിൽ യു.എ.ഇയിലാണ് താമസം. തനിച്ചും കൂട്ടായും ദൂരങ്ങൾ കീഴടക്കുന്നത് ഇന്നൊരു പുത്തൻ കാഴ്ചയല്ല.

എന്നാൽ, കൂടെ ഒരു കൈക്കുഞ്ഞിനെയും വഹിച്ചുളള യാത്രാക്കഥകൾ ചുരുക്കമായിരിക്കും. ഇവിടെയാണ് നുസിഹയും അജ്മലും വ്യത്യസ്തമാകുന്നത്. ചെറുപ്പംതൊട്ടേ ഇരുകൂട്ടർക്കും യാത്രയോടായിരുന്നു ഏറെ പ്രിയം. വിവാഹം കഴിഞ്ഞപ്പോൾ ഈ ആഗ്രഹങ്ങൾക്ക് ഒന്നുകൂടെ മാറ്റുകൂടി. വിവാഹശേഷം രണ്ടുപേരും യു.കെയിലേക്ക് പറന്നു, അവിടെത്തന്നെ ജോലിയിൽ പ്രവേശിച്ചു. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ചെറിയ സംഖ്യ സ്വരൂപിച്ച് ഇവർ ചെറിയ യാത്രകൾ ചെയ്തു തുടങ്ങി. അന്നും സ്വപ്നദേശങ്ങളിലേക്ക് വീണ്ടും ഒരുപാട് ദൈർഘ്യമുണ്ടായിരുന്നു.

ഗർഭിണിയായതോടെ കുടുംബവും ചുറ്റുപാടും നുസീഹയുടെ യാത്രാ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങുകകൾ തീർക്കാൻ തുടങ്ങി. പറന്നുതുടങ്ങിയ ചിറകുകൾ ആരോ അരിഞ്ഞിടുന്നതായി അവൾക്ക്​ അനുഭവപ്പെട്ടു. ഗർഭധാരണവും കുഞ്ഞും നമ്മുടെ അഭിലാഷങ്ങൾക്ക് വിലങ്ങുതടിയാകില്ലെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടത് അവളെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. അതിനായി ഡോക്ടറെ സമീപിച്ച് കൃത്യമായ നിർദേശങ്ങളോടെ നുസിഹ ഇംഗ്ലണ്ടിലെ പീക് ഡിസ്ട്രിക്ട് മൗണ്ടൈനിൽ ഭർത്താവിനോടൊത്ത് ഹൈക്ക് ചെയ്യാൻ തീരുമാനിച്ചു. അന്ന് നുസിഹ 16 ആഴ്ച ഗർഭിണിയായിരുന്നു. ആ യാത്രയുടെ സ്മരണയ്ക്ക് ആ ഉയരത്തിൽ ഇവർ ഒരു കൊടിമരം നാട്ടി.

വീണ്ടും നുസിഹ തന്‍റെ യാത്രാ ഭ്രാന്തുകൾക്ക് പുതിയ പാതകൾ വെട്ടിത്തെളിച്ചുകൊണ്ടേയിരുന്നു. 2020ൽ മകൻ സൊഹാൻ പിറന്നു. 2022ൽ എത്തിനിൽക്കുമ്പോൾ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അസർബൈജാൻ തുടങ്ങി എട്ടോളം രാജ്യങ്ങൾ ഇവർ സന്ദർശിച്ചു. ഇനിയും സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ നിര ഒന്നൊന്നായി തയാറാക്കുകയാണ് ഇരുവരും. ഈ യാത്രാ ദൗത്യത്തിനിടയിൽ തന്‍റെ ചിരകാല അഭിലാഷമായ ക്ലോത്തിങ് ബ്രാൻഡ് 'നുസൈൽ' (nuzal)നു 2020ൽ ഇന്ത്യയിൽ ഇവർ രൂപം നൽകി. ഓൺലൈൻ മാർക്കറ്റ് പ്ലെയ്സ് puremodus എന്ന കമ്പനിക്ക് 2019 ൽ യു.കെയിൽ തുടക്കം കുറിച്ചു. വ്യത്യസ്ത ബ്രാൻഡുകൾ വിൽക്കാനും ആളുകൾക്ക് വാങ്ങാനും സാധ്യമാകുന്ന ഇടമാണ് puremodus ലൂടെ ഇവർ സൃഷ്ടിച്ചത്.

കോവിഡ് സമയത്ത് ലഭിച്ച ഒഴിവ് വേളകളിലാണ് നുസിഹ-അജ്മൽ യൂട്യൂബ് വ്ലോഗിങ് ആരംഭിക്കുന്നത്. സാധാരണ യൂട്യൂബർ എന്നതിലുപരി വലിയ ഇൻഫ്ലുവൻസർ ആയി മാറാൻ നുസിഹക്ക് അനായാസം സാധിച്ചു. ട്രാവലർ, വ്ലോഗർ, ഇൾഫ്ലുവൻസർ, സംരംഭക തുടങ്ങി വിവിധ മേഖലകളിൽ നുസിഹ ഇതിനോടകം തന്‍റെ കൈയ്യൊപ്പ് ചാർത്തിക്കഴിഞ്ഞു. സമൂഹത്തിന്‍റെ വിലപിക്കലുകളിൽ വിറ്റുപോകാനുളളതല്ല വ്യക്തിത്വമെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് കേരളത്തിന്‍റെ ഈ ജനപ്രിയ കൂട്ടുകെട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.