ജോസ് ഡി. സുജീവ്

ടി ഫോർ ടീച്ചർ

‘ഓരോ ദിവസവും ഒരു പുതിയ അധ്യാപകനായി കുട്ടികൾക്ക് മുന്നിലെത്തുന്നവരാകണം’ -മികച്ച അധ്യാപകർ ആരായിരിക്കണമെന്ന ചോദ്യത്തിന് ഇതാണ് അധ്യാപകനായ ജോസ് ഡി. സുജീവിന്റെ ഉത്തരം. വെറുതെ പാഠഭാഗങ്ങൾ മാത്രം പറഞ്ഞുപോകു​ന്നൊരാളല്ല ഒരു അധ്യാപകനെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് അദ്ദേഹം. അധ്യാപനത്തിന്റെ 32ാം വർഷത്തിൽ ദേശീയ അധ്യാപക പുരസ്കാരവും തേടിയെത്തി തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ ഈ ഇംഗ്ലീഷ് അധ്യാപകനെ.

തുടക്കം പത്തനംതിട്ടയിൽ

പത്തനംതിട്ടയിലെ ഒരു സ്കൂളിലായിരുന്നു അധ്യാപനത്തിന്റെ തുടക്കം, 1991ൽ. ഇന്നു കാണുന്ന രീതിയിലുള്ള സ്കൂളുകളായിരുന്നില്ല അന്നൊന്നും. ഓലകൊണ്ട് മേഞ്ഞ സ്കൂളായിരുന്നു. മഴ പെയ്താൽ ക്ലാസ് നിർത്തി മറ്റു കെട്ടിടങ്ങളിൽ അഭയംപ്രാപിക്കും. വിദ്യാർഥികളും ഇന്നത്തെപ്പോലെയല്ല.

കാശി വിശ്വനാഥൻ നായർ എന്ന അധ്യാപകനായിരുന്നു ആദ്യ​ത്തെ സ്കൂളിലെ​ ഹെഡ്മാസ്റ്റർ. അന്ന് ആദ്യമായി അദ്ദേഹം പറഞ്ഞുതന്ന വാക്കുകളുടെ അടിസ്ഥാനത്തിലാണ് എന്റെ അധ്യാപന ജീവിതം മുന്നോട്ടുപോയതും പോകുന്നതും. സമൂഹത്തിനെ സ്കൂളുമായി അടുപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലെ അർഥം. അന്നുമുതൽ ഇന്നുവരെ സ്കൂൾ, കുട്ടികളെ അക്ഷരം പഠിപ്പിച്ചുവിടാൻ മാത്രമുള്ള​തല്ലെന്നും ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ളതാണെന്നും ഒരു തലമുറയെ സൃഷ്ടിക്കാനുള്ളതാണെന്നും മനസ്സിലാക്കിയായിരുന്നു ഓരോ പ്രവർത്തനവും.

 

പത്തനംതിട്ട ജില്ലയിൽ നാലു സ്കൂളുകളിൽ ജോലിചെയ്തു. വനമേഖലയിലുള്ള കൊച്ചു പമ്പയിലെ സ്കൂളും ഇതിൽപ്പെ​ടും. ആ പ്രദേശത്തെ കുറച്ച് വിദ്യാർഥികൾ മാത്രം പഠിക്കുന്ന സ്കൂൾ, 60ലധികം വിദ്യാർഥികളും വളരെ കുറച്ച് അധ്യാപകരും മാത്രമായിരുന്നു അവിടെ. വനമേഖലയിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. അധ്യാപന ജീവിതത്തിലെ മികച്ച അനുഭവങ്ങൾ നൽകിയ സ്കൂളുകളിലൊന്നായിരുന്നു അത്. വർഷങ്ങൾക്കുശേഷം ആ സ്കൂളിന്റെ പ്രവർത്തനം നിർത്തിയെന്ന് അറിയാൻ കഴിഞ്ഞു.

പത്തനംതിട്ടയിൽ ജോലിചെയ്തിരുന്ന സമയത്ത് വിവിധ സാമൂഹിക വിഷയങ്ങളിൽ ഇടപെടാനും പ്രവർത്തിക്കാനും സാധിച്ചിരുന്നു. ആറന്മുളയിൽ ജോലിചെയ്യുമ്പോൾ വിദ്യാർഥികളുടെ രക്ഷിതാക്കളെ അവരുടെ നാട്ടിൽപോയി കാണുന്ന ‘പോക്കറ്റ് പി.ടി.എ’ ആവിഷ്കരിക്കാൻ സാധിച്ചിരുന്നു. പിന്നീട് മറ്റു ഇടങ്ങളിലേക്കും സ്കൂളുകളിലേക്കും അത് വ്യാപിച്ചു.

ലെറ്റ്സ് ബിൽഡ് ​​െവാക്കാബുലറി

2004ലാണ് തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ജില്ലയിൽ അഞ്ചു സ്കൂളുകളിൽ ഇതുവരെ പഠിപ്പിക്കാൻ കഴിഞ്ഞു. അതിനിടയിൽ 2005ൽ നെടുമങ്ങാട് ബി.ആർ.സിയിൽ എസ്.എസ്.എ ട്രെയിനറായും 2013-16 കാലഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി കേരളയിൽ ഇംഗ്ലീഷ് റിസർച് ഓഫിസറായും ജോലിചെയ്തു. 2006 മുതൽ എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ പാഠപുസ്തക വികസന ടീം അംഗമാണ്. വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഹാൻഡ്ബുക്കുകളും തയാറാക്കി.

ഒപ്പം കേരള സംസ്ഥാന സാക്ഷരത മിഷൻ പ്രോഗ്രാമിനും പോളിടെക്‌നിക് വിദ്യാർഥികൾക്കും ഇംഗ്ലീഷ് പാഠപുസ്തകങ്ങൾ തയാറാക്കി. തിരുവനന്തപുരത്തെ ഗിഫ്റ്റ് ചിൽഡ്രൻ പ്രോഗ്രാമിന്റെ കോഓഡിനേറ്റർ കൂടിയായിരുന്നു. ജനറൽ സ്കൂളുകൾ, ശ്രവണ വൈകല്യമുള്ള കുട്ടികൾ, സ്പെഷൽ സ്കൂളുകൾ എന്നിവക്കായി നിരവധി റിസോഴ്സ് മെറ്റീരിയലുകൾ തയാറാക്കി.

സാക്ഷരത (സാക്ഷരത മിഷൻ) കോഓഡിനേറ്ററായി പ്രവർത്തിച്ചു. വിവിധ ദേശീയ, അന്തർദേശീയ ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2020ലെ കൊറോണക്കാലത്ത് വിദ്യാർഥികളെ മാത്രമല്ല, എല്ലാവരെയും ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങിയെന്ന് പറയാം. ലെറ്റ്സ് ബിൽഡ് വക്കാബുലറി എന്ന പേരിൽ 2020 സെപ്റ്റംബറിൽ ഒരു ഓൺലൈൻ ഡിക്ഷണറി ആരംഭിക്കുകയായിരുന്നു.

ഓരോ ദിവസവും ഓരോ ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്തുന്നതാണ് രീതി. കുട്ടികൾക്കും അധ്യാപകർക്കും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ഇത് അയച്ചുനൽകുക. സംസ്ഥാനത്തിന് പുറത്തുള്ളവരിലേക്കും ഇതെത്തുന്നുണ്ടെന്നതാണ് പ്രത്യേകത. ഇംഗ്ലീഷ് വാക്ക്, മലയാള അർഥം, വാക്കിന്റെ ഉച്ചാരണം, ഹിന്ദി തർജമ, അർഥം, വാചകങ്ങൾ, പര്യായപദങ്ങൾ, എതിർപദങ്ങൾ തുടങ്ങിയവ ഇതോടൊപ്പമുണ്ടാകും. കൂടാതെ ഓൺ ദിസ് ഡേ എന്ന ലോകചരിത്രത്തിൽ വിവിധ വർഷങ്ങളിൽ സംഭവിച്ച പ്രധാന സംഭവങ്ങളെ ദിവസം അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട്.

നല്ല അധ്യാപകനാകണം

മൂന്നു പതിറ്റാണ്ടുമുമ്പ് അധ്യാപകനിൽനിന്ന് മാത്രമാണ് കുട്ടികൾക്ക് അറിവ് ലഭിച്ചിരുന്നത്. ഇന്ന് അതുമാറി, കാലാനുസൃതമായി അധ്യാപക-വിദ്യാർഥി ബന്ധത്തിൽ മാറ്റം വന്നു. ടെക്നോളജിയിൽ അധ്യാപകരേക്കാൾ അറിവുള്ളവരാണ് ഇന്ന് വിദ്യാർഥികൾ. അതുകൊണ്ടുതന്നെ മാറ്റത്തിനനുസരിച്ച് അധ്യാപകരും മാറിക്കൊണ്ടിരിക്കണം. ‘നിങ്ങൾ ഓരോ ദിവസവും പുതിയ അധ്യാപകനായി ക്ലാസിൽ ചെല്ലാൻ ശ്രമിക്കണം’ എന്നാണ് ഓരോ അധ്യാപകരോടും പറയാനുള്ളത്. വ്യത്യസ്തനായ വ്യക്തിയെ കാണാൻ കുട്ടികൾക്ക് അവസരം ലഭിച്ചാൽ മാത്രമേ കുട്ടികളിൽ സ്വാധീനം ചെലുത്തുന്ന ഒരു​ നല്ല അധ്യാപകനാകാൻ സാധിക്കൂ.

32 വർഷങ്ങൾക്കു മുമ്പ് ആദ്യം പഠിപ്പിച്ചിരുന്ന സ്കൂൾ ഓലകൊണ്ട് മേഞ്ഞതായിരുന്നു. ഇന്ന് ഓലഷെഡുള്ള സ്കൂൾ കേരളത്തിലില്ല. ഈ കാലഘട്ടത്തിൽനിന്ന് മാറി സ്മാർട്ട് ക്ലാസ്റൂമുകളിലെത്തി. അന്ന് അധ്യാപകൻ മാത്രമായിരുന്നു അറിവിന്റെ ആശ്രയം. വളരെക്കുറച്ച് കുട്ടികൾ മാത്രമാണ് മറ്റു പുസ്തകങ്ങളിൽനിന്ന് അറിവുകൾ ശേഖരിക്കുക. ഇന്ന് വിവരങ്ങൾ ​അവരുടെ വിരൽ​ത്തുമ്പിലെത്തും.

പാഠഭാഗം അധ്യാപകർ പഠിപ്പിക്കുന്നതിനു മുമ്പേ പഠിച്ചുവരുന്ന കുട്ടികളാണധികവും. അവരുടെ അറിവിനെ വിവേകപൂർവം ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് ഇന്ന് അധ്യാപകർ ചെയ്യേണ്ടത്. ‘Change their knowledge into wisdom’ ഇതാണ് ഇന്നത്തെ അധ്യാപകരുടെ ഉത്തരവാദിത്തം. പാഠ്യവിഷയങ്ങളിൽ അധ്യാപകന് വിദ്യാർഥികളിൽ താൽപര്യമുണ്ടാക്കാൻ കഴിയണം. വിവിധതരം ഗെയിമുകളിലൂടെ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് എന്റെ രീതി. അവരിൽ താൽപര്യം ഉണ്ടാക്കുകയും സ്വയം പഠിക്കാൻ ഒരു സഹായിയായി അധ്യാപകൻ പ്രവർത്തിക്കുകയും വേണം. കുട്ടികളിൽ ഒരിക്കലും അറിവ് അടിച്ചേൽപിക്കരുത്. നല്ല അധ്യാപകനായാൽ മാത്രമേ വിദ്യാർഥികളിൽ സ്വാധീനം ചെലുത്താൻ സാധിക്കൂ.

ഒരു വക്കീലാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാൽ, യാദൃച്ഛികമായി അധ്യാപനത്തിലേക്കെത്തുകയായിരുന്നു. അധ്യാപന മേഖലയിലെത്തി ഒരു വർഷം കഴിഞ്ഞപ്പോൾതന്നെ ഇതാണ് പ്രഫഷൻ എന്ന് മനസ്സിലുറപ്പിച്ചു.

വിദ്യാർഥികളെ പഠിപ്പിക്കുക മാ​ത്രമല്ല, അവരുടെ സ്വഭാവരൂപവത്കരണത്തിലും വളർച്ചയിലും പങ്കാളിയാകാൻ മൂന്ന് പതിറ്റാണ്ടിലേറെയായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം വട്ടപ്പാറയാണ് സ്വദേശം. 2019ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഭാര്യ സുനിത എം.ആർ.ഇ.ഒ.ഡബ്ല്യു ക്രൈം ബ്രാഞ്ചിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. പാർവതി എസ്.എസ് (സുസ്ഥിര എൻജിനീയർ, ആസ്‌ട്രേലിയ), ജ്യോതിക എസ്.എസ് (സിവിൽ ആൻഡ് എൻവയൺമെന്റൽ എൻജിനീയറിങ് വിദ്യാർഥിനി) എന്നിവരാണ് മക്കൾ.

Tags:    
News Summary - Teacher; Jose D. Sujeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.